കപ്പയും മീൻകറിയും മലയാളികൾക്ക് ഒരു വികാരം തന്നെയാണ് എന്ന് പറയാത്ത ഒരു ഭക്ഷണപ്രേമി പോലും ഉണ്ടാവില്ല. ലോകത്തിന്റെ ഏത് കോണിൽ പോയാലും മലയാളി ആഗ്രഹിക്കുന്നതും കേരളത്തനിമയുള്ള ഭക്ഷണം കഴിക്കുവാനും ആണ്. അത്തരക്കാർക്കായി ഒരു സന്തോഷ വാർത്ത സഹകരണ ബാങ്കുകൾ പങ്കുവയ്ക്കുകയാണ്. അമേരിക്കയിലെ തീൻമേശകളെ കീഴടക്കാൻ മൂന്നു സഹകരണബാങ്കുകൾ ഉല്പാദിപ്പിക്കുന്ന ആറ് ഉത്പന്നങ്ങൾ കടൽ കടക്കാൻ ഒരുങ്ങുകയാണ്.
കാക്കൂർ സഹകരണ ബാങ്കിന്റെ കപ്പ വാട്ടിയതും, വാരപ്പെട്ടി സഹകരണ ബാങ്കിന്റെ മസാലയിട്ട മരച്ചീനിയും, തങ്കമണി സഹകരണ ബാങ്കിന്റെ പൊടിത്തേയിലയും ആണ് കടൽ കടന്നു പോകാൻ തയ്യാറെടുക്കുന്നത്. ഈ ഉൽപ്പന്നങ്ങളടങ്ങിയ ആദ്യ കണ്ടെയ്നർ 25ന് വല്ലാർപാടം ടെർമിനലിൽനിന്ന് യാത്ര തിരിക്കും.
ഇവയ്ക്ക് പിന്നാലെ കോതമംഗലം സഹകരണ ബാങ്കിനുകീഴിൽ ഉൽപ്പാദിപ്പിക്കുന്ന മരച്ചീനി മസാല, ബനാന ക്രിപ്സി വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയും അമേരിക്കൻ വിപണിയിലേക്ക് പോകും. ജൂലൈ ആദ്യവാരം കൂടുതൽ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ബ്രിട്ടൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും വരുംമാസങ്ങളിൽ കയറ്റുമതിയുണ്ടാകും.
സഹകരണ സ്ഥാപനങ്ങൾ ഇത്തരത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് രാജ്യത്ത് ആദ്യമായാണ്. സഹകരണ സ്ഥാപനങ്ങൾക്ക് കീഴിൽ നിർമിക്കുന്ന മൂല്യവർധിത കാർഷികോൽപ്പന്നങ്ങൾക്ക് വിദേശത്തടക്കം വിപണി കണ്ടെത്താനാണ് കയറ്റുമതി. സംസ്ഥാന സഹകരണവകുപ്പിന്റെ ഇടപെടലിലൂടെയാണ് സഹകരണ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ വിദേശവിപണി പിടിക്കാൻ ഒരുങ്ങുന്നത്.
മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സംസ്ഥാനത്തെ 22 സഹകരണ സംഘങ്ങളുടെയും കയറ്റുമതി സ്ഥാപനങ്ങളുടെയും യോഗം ജനുവരിയിൽ തിരുവനന്തപുരത്ത് ചേർന്നിരുന്നു. അതിൽനിന്ന് തെരഞ്ഞെടുത്ത മൂന്ന് സ്ഥാപനങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ വിദേശത്തേക്ക് കയറ്റി അയക്കുന്നത്. ഗുണനിലവാരപരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയാണ് വിദേശവിപണി പ്രവേശനം സാധ്യമാക്കിയത്. 25 വർഷമായി അമേരിക്കയിൽ ഭക്ഷ്യോൽപ്പന്നവ്യാപാരം നടത്തുന്ന കോതമംഗലം ആസ്ഥാനമായ മഠത്തിൽ എക്സ്പോർട്ടിങ് കമ്പനിയാണ് സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ അമേരിക്കയിലെത്തിക്കുന്നത് .
Kerala Cooperative Banks are set to export their value-added food products like kappa and fish curry to the US, marking a milestone in international trade for cooperatives.