വിദേശത്തേക്ക് പ്രത്യേകിച്ച് കാനഡയിലേക്ക് പോകുന്ന ഓരോരുത്തരും ലക്ഷ്യം വയ്ക്കുന്നത് ഒരു പിആർ തന്നെയാണ്. അത്തരത്തിൽ കാനഡയിൽ സ്ഥിര താമസം (പെർമെനന്റ് റെസിഡൻസി ) വേണമെന്ന് ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് സുവർണാവസരം. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് പ്രോഗ്രാമിലൂടെ വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ അവസരം. ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) യുടെ ഈ സംരംഭം കാനഡയിൽ തൊഴിൽ പരിചയമുള്ള വിദഗ്ധ തൊഴിലാളികൾക്ക് ഗുണം ചെയ്യും. 6300 പേർക്കാണ് ഇപ്പോൾ അവസരം.
കനേഡിയൻ തൊഴിൽ പരിചയമുള്ളവരും സ്ഥിര താമസക്കാരാകാൻ ആഗ്രഹിക്കുന്നവരുമായ വിദഗ്ധ തൊഴിലാളികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കാനഡയിൽ കുറഞ്ഞത് ഒരു വർഷത്തെ വൈദഗ്ധ്യമുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇംഗ്ലീഷോ ഫ്രഞ്ചോ അറിഞ്ഞിരിക്കണം എന്നതും നിർബന്ധമാണ്.
കാനഡയിൽ ജോലി ചെയ്യാൻ നിയമപരമായി അനുവാദമുള്ളപ്പോൾ നേടിയ പരിചയമാണ് കണക്കാക്കുക. കാനഡയുടെ നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ പ്രകാരം നൈപുണ്യമുള്ള പ്രവൃത്തി പരിചയത്തിൽ ഇനിപ്പറയുന്ന TEER വിഭാഗങ്ങളിൽ തരംതിരിച്ചിട്ടുള്ള തൊഴിലുകൾ ഉൾപ്പെടുന്നു.
TEER 0- മാനേജ്‌മെന്റ് തൊഴിലുകൾ. (പരസ്യ മാനേജർമാർ, റസ്റ്റോറന്റ് മാനേജർമാർ, എഞ്ചിനീയറിംഗ് മാനേജർമാർ, നിർമ്മാണ മാനേജർമാർ).
TEER 1- യൂണിവേഴ്സിറ്റി ഡിഗ്രിയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ജോലി. (സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ, അക്കൗണ്ടന്റ്, അഭിഭാഷകർ, ഗ്രാഫിക് ഡിസൈനർ)
TEER 2- കോളേജ് ഡിപ്ലോമയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ജോലികൾ. (മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻസ്, ഷെഫ്)
വേതനം ലഭിച്ചുകൊണ്ടുള്ള പ്രവൃത്തി പരിചയം മാത്രമേ കണക്കാക്കുകയുള്ളൂ. ശമ്പളമില്ലാത്ത ഇന്റേൺഷിപ്പോ, സന്നദ്ധ സേവനങ്ങളോ കണക്കാക്കുകയില്ല. അപേക്ഷകർ അംഗീകൃത ഭാഷാ പരീക്ഷകളിൽ വിജയിക്കുകയും അവരുടെ എക്സ്പ്രസ് എൻട്രി പ്രൊഫൈലിൽ അവരുടെ ഫലങ്ങൾ നൽകുകയും വേണം. ഔപചാരിക വിദ്യാഭ്യാസ ആവശ്യകതകളൊന്നുമില്ലെങ്കിലും, കനേഡിയൻ വിദ്യാഭ്യാസ യോഗ്യതകളോ ഒരു നിയുക്ത ഓർഗനൈസേഷൻ അംഗീകരിച്ച വിദേശ യോഗ്യതകളോ ഉണ്ടെങ്കിൽ, എക്സ്പ്രസ് എൻട്രി ഒരു അപേക്ഷകന്റെ റാങ്ക് വർദ്ധിപ്പിക്കാൻ കഴിയും.
Canada extends 6,300 invitations for permanent residency through the Canadian Experience Class (CEC) program in July 2024, offering skilled workers a golden opportunity to become permanent residents. Learn more about eligibility and application details.