ചെക്ക്-ഇൻ കഴിഞ്ഞാൽ വെറും 20 സെക്കന്റിൽ സുരക്ഷാ പരിശോധനയ്ക്ക് എത്താം ഇനി മുതൽ കൊച്ചി വിമാനത്താവളത്തിൽ. കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. ഇതോടെ രാജ്യാന്തര യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി സിയാൽ മാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴ്സ് ‘ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം.
പരമാവധി വേണ്ടി വരിക 20 സെക്കന്റ്, പുതിയ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴ്സ് ‘സംവിധാനം ഇതാണ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്നവർക്കാണ് ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കുക. നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ചെക്ക്-ഇൻ കഴിഞ്ഞാൽ 20 സെക്കന്റിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്നവിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും ആഗമന-പുറപ്പെടൽ ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഇതിനായുള്ള സ്മാർട്ട് ഗേറ്റുകൾ സജ്ജമാക്കിക്കഴിഞ്ഞു.
പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്ലോഡ് ചെയ്താൽ അടുത്തഘട്ടമായ ബയോമെട്രിക് എൻറോൾമെന്റിലേയ്ക്ക് കടക്കാം.
മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ എഫ്.ആർ.ആർ.ഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.
സ്മാർട്ട് ഗേറ്റിലെത്തിയാൽ ആദ്യം നിങ്ങളുടെ പാസ്പോർട്ട് സ്കാൻ ചെയ്യണം. രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. യന്ത്രം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ രണ്ടാം ഗേറ്റ് തുറക്കുകയും നിങ്ങളുടെ ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കന്റാണ്.
ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത്. ജൂലൈ 29-ന് സിയാലിൽ പുതിയ സംവിധാനത്തിന്റെ പരീക്ഷണം തുടങ്ങും. ഓഗസ്റ്റിൽ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴ്സ് ‘സംവിധാനം കമ്മിഷൻ ചെയ്യും. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള നീണ്ട വരികളിൽ കാത്തുനിൽപ്പ് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
“സാങ്കേതിക വിദ്യയുടെ പരമാവധി സൗകര്യങ്ങൾ യാത്രക്കാർക്കായി ഏർപ്പെടുത്താനാണ് സിയാൽ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് സമ്മർദമൊന്നുമില്ലാതെ വിമാനത്താവളത്തിലെ വിവിധ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയണം എന്നതാണ് ലക്ഷ്യം”.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രസ്റ്റഡ് ട്രാവലർ പദ്ധതിയ്ക്ക് രാജ്യത്തുതന്നെ രണ്ടാമതായി സൗകര്യമൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു.
Discover Kochi Airport’s new Fast Track Immigration-Trusted Travelers system, enabling international passengers to complete the immigration process in just 20 seconds. This advanced system, part of the Union Home Ministry’s initiative, makes Kochi the second airport in India to offer such efficiency.