ഹെൽപ്പർ മുതൽ പ്യൂൺ വരെയായി, പിന്നെ തുടങ്ങിയ കമ്പനിയുടെ ആസ്തി 1.39 ലക്ഷം കോടി! Story of Fevicol

വീണ്ടും ഒരു സ്ക്കൂൾക്കാല ഓർമ്മയുമായാണ് ഞാൻ എത്തുന്നത്. ഹൈസ്ക്കൂളിൽ പഠിക്കുന്ന സമയം. സയൻസ് എക്സിബിനുവേണ്ടി ഒരുപ്രൊജക്റ്റ് ആണെന്ന് തോന്നുന്നു, ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഉണ്ടാക്കുകയാണ്. കൂട്ടുകാരികളെല്ലാവരും പാതിരാത്രിവരെ ഇരുന്ന് ആ പ്രൊജക്റ്റ് പൂർത്തിയക്കി. കാർഡ്ബോർഡ് വെട്ടി ഒട്ടിച്ച് ഒരു ചെറിയ വീടാക്കി അതിൽ ബൾബ് ഫിറ്റ് ചെയ്ത്, അങ്ങനെ എന്തോ ആണ് എന്നാണ് ഓർമ്മ. കാർഡ് ബോർഡ് ഒട്ടിക്കാൻ മത്സരമായിരുന്നു. കാരണം ഒട്ടിക്കാനുപയോഗിച്ച പശ കയ്യിൽ  നേർത്ത ട്രാൻസ്പെരന്റ് പാളിപോലെ ഒട്ടും. കുറച്ച് കഴിഞ്ഞ് അത് അടർത്തിയെടുത്താൽ വിരലിന്റെ ഷേയ്പ്പിലാകും ആ പശ ഇളകി വരിക. എല്ലാവർക്കും അത് ഹരമായിരുന്നു. മാത്രമല്ല, ആ പശയ്ക്ക് ഒരു വല്ലാത്ത മണം ഉണ്ടായിരുന്നു. കൈ കഴികിയാലും പോകാത്ത ഒരു നല്ല മണം!


ടിവി പരസ്യത്തിലൂടെ മനംകവർന്ന ബ്രാൻഡ്
1990-കളിലെ ടെലിവിഷൻ പരസ്യങ്ങളോർമ്മയുണ്ടോ? ക്രിക്കറ്റ് കാണാനിരുന്നാൽ വിക്കറ്റ് പോകുന്ന ഇടവേളകളിൽ ക്രിക്കറ്റിനേക്കാൾ ആസ്വദിച്ച് കണ്ട പരസ്യങ്ങൾ? കോട്ടൊക്കെ ഇട്ട് എലൈറ്റായ ഒരു മനുഷ്യൻ ചൂണ്ട ഇട്ട് പുഴക്കരയിൽ ഇരിക്കുന്നു. മീൻ കിട്ടാൻ വേണ്ടി ശബ്ദമുണ്ടാക്കാതെയാണ് മൂപ്പരുടെ ഇരിപ്പ്. പെട്ടെന്ന് ഒരു നാട്ടിൻപുറത്ത്കാരൻ ബഹളമുണ്ടാക്കി കൊണ്ട് വരുന്നു. അവിടെയിരുന്ന് മീൻ പിടിച്ചിരുന്ന ആൾക്ക് ദേഷ്യമായി. മിണ്ടാതിരിക്കാൻ ആഗ്യം കാട്ടി. ആ നാട്ടിൻപുറത്ത്കാരനാകട്ടെ,ഒരു കയിലിയും തോളത്ത് ഒരു തോർത്തും മാത്രം. അയാൾ ഒരു വടിയിൽ ഒന്നേ, രണ്ടേ, മൂന്നേ എന്ന് എണ്ണി എന്തോ തേയ്ക്കുന്നു, വെള്ളത്തിൽ മുക്കി പിടിക്കുന്നു, കമ്പ് നിറയെ മീനുമായി അർമാദിച്ച് ഓടിയകലുന്നു. ചൂണ്ടയിട്ടിരുന്ന മറ്റേ കക്ഷി വായും പൊളിച്ച് ഇരിക്കുന്നു. ഓർക്കുന്നുണ്ടോ ഈ പരസ്യം.


ഇനി മറ്റൊന്ന്, ഒരാൾ മുട്ടകൾ പൊട്ടിച്ച് അടുപ്പത്തിരിക്കുന്ന ചട്ടിയിൽ ഒഴിക്കുന്നു. ഒരുമുട്ട എടുത്ത് എത്ര ആഞ്ഞ് പൊട്ടിച്ചിട്ടും പൊട്ടുന്നില്ല, മാത്രമല്ല, തെറിച്ച് പോയ മുട്ട ചെമ്പ് കലത്തിലിടിച്ച് ചെമ്പ് കലം പൊട്ടി! അത് കണ്ട് കറങ്ങിപ്പോയ അയാൾ തട്ടിൻപുറത്ത് കോഴിയുടെ ശബ്ദം കേട്ടു, കോഴി തിന്നുന്ന തീറ്റ ഇട്ടിരുന്ന പാത്രം കണ്ട് അയാളുടെ കണ്ണ് തള്ളുന്നു!

എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് ഇപ്പോൾ മനസ്സിലാകാത്തവരുണ്ടാകില്ല.  

ഫെവിക്കോൾ ഇന്ത്യയുടെ സ്വന്തം ബ്രാൻ‌ഡ്
രണ്ട് ആനകൾ എതിർദിശയിൽ വലിക്കുന്ന ഒരു ലോഹ ഗോളം! അതാണ് ലോഗോ. ആ ലോഗോ പതിഞ്ഞ പ്ലാസ്റ്റിക് ഡപ്പി! അതിനുള്ളലുള്ള വെളുത്ത പശ! ഡപ്പിയിൽ എഴുതിയിരിക്കുന്നു, ഫെവിക്കോൾ !

ബൽവന്ത്റായി കല്യാൺജി പരേഖ്  എന്ന സ്ഥാപകൻ
തൊണ്ണൂറുകളിൽ ടിവിയ്ക്ക് മുന്നിലിരുന്നവരുടെ ഓർമ്മകളെ ഓളം തല്ലിക്കുന്ന പരസ്യങ്ങൾ. നർമ്മത്തിൽ പൊതിഞ്ഞ് നാടൻ ദൃശ്യങ്ങളാൽ സമ്പന്നമായ ആ കൊമേഴ്സ്യലുകൾ അവതരിപ്പിച്ച ഫെവിക്കോൾ ഇന്ത്യക്കാരന്റെ മനസ്സിലാണ് ഒട്ടിപ്പിടിച്ചത്. ഉപയോഗിക്കാൻ ഒട്ടും എളുപ്പമല്ലാത്ത, മൃഗക്കൊഴുപ്പിൽ ഉണ്ടാക്കിയ, രൂക്ഷഗന്ധമുള്ള പശയുടെ വിപണിയെ ബിസിനസ്സ് ബുദ്ധികൊണ്ട് കിളച്ച് മറിച്ചിട്ട ഒരു സംരംഭത്തിന്റെ കഥയാണിത്. വളരെ ഈസിയായി ഉപയോഗിക്കാൻ പറ്റുന്ന, മൃഗക്കൊഴുപ്പ് ഇല്ലാത്ത, നല്ല വാസനയുള്ള പശ അവതരിപ്പിച്ച ബൽവന്ത്റായി കല്യാൺജി പരേഖ് എന്ന അസാധാരണ മനുഷ്യന്റെ കഥ!  

ഇന്ത്യയുടെ മറ്റ് ഇതിഹാസ ബ്രാൻഡുകൾ പിറന്നപോലെ സ്വാതന്ത്ര്യസമര കാലമാണ് പശ്ചാത്തലം. ഗുജറാത്തിലെ ജെയ്ൻ സമുദായത്തിൽ നിന്നുള്ള ബൽവന്ത് പരേഖിനെ ലോ പഠിക്കാനായി മാതാപിതാക്കൾ മുംബൈയ്ക്ക് വിട്ടു. നാടാകെ ബ്രിട്ടീഷുകാരന്റെ നടയടി നടക്കുമ്പോ എന്ത് നിയമപഠനം? ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യാ സമരത്തിനിറങ്ങി, പഠനം മടുങ്ങി. വീണ്ടും മുംബൈയിലെത്തി. ഗവൺമെന്റ് ലോ കോളേജിൽ തിരിച്ചെത്തി പഠനം പൂർത്തിയാക്കി, നിയമ ബിരുദമെടുത്തു. അപ്പോഴാണ്  അതുവരെ ആലോചിക്കാതിരുന്ന ഒരു പ്രശ്നം പൊങ്ങി വന്നത്. അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്താൽ പ്രൊഫഷന്റെ ഭാഗമായി കക്ഷികൾക്ക് വേണ്ടി  ഒരുപാട് കള്ളങ്ങൾ പറയേണ്ടി വരും. ‌അത് വയ്യ! മറ്റ് എന്തെങ്കിലും ചെയ്യണം. ഉള്ളിൽ ഒരാഗ്രഹം ഉണ്ട്. എന്തെങ്കിലും സ്വന്തമായി ചെയ്യണം.

ജീവിതത്തോട് പൊരുതാനുള്ള നെഞ്ചുറപ്പ്
ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ഒരു ചെറിയ പട്ടണത്തിലായിരുന്നു വീട്. അതുകൊണ്ട് തന്നെ ജോലിയില്ലാതെയുള്ള മുംബൈയിലെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ബൽവന്തിന് ഒരുകാര്യം മനസ്സിലായി. ഭാവ്നഗറിലെ നാട്ടിൻപുറമല്ല ഇത്. പട്ടിണികിടന്ന് മരിക്കുമെന്നായാലും ആരും തിരിഞ്ഞ് നോക്കില്ല. ഒരാൾ സ്നേഹത്തോടെ പെരുമാറില്ല. പ്രത്യേകിച്ച് സാമ്പത്തിക ചുറ്റുപാടുകളില്ലാത്ത തന്നെപ്പോലൊരാളോട്! കയ്യിൽ അഞ്ച് പൈസയില്ല.  വേണമെങ്കിൽ തിരികെ ഗുജറാത്തിലെ മഹുവയിലേക്ക് പോകാം.

പക്ഷെ ബൽവന്ത് എന്ന ചെറുപ്പക്കാരൻ ഒരു തീരുമാനമെടുത്തു. ഇവിടെ, ഈ നഗരത്തിൽ നിന്ന് തന്നെ ജീവിതത്തോട് പോരാടും. ഏത് പ്രതിസന്ധിയേയും തരണം ചെയ്യും. ഒരു ഡൈയിംഗ് ഷോപ്പിൽ ഹെൽപ്പറായി കൂടി. പിന്നെ പ്രിന്റിംഗ് പ്രസിൽ സഹായിയായി. കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ തടിവ്യാപാര ഡിപ്പോയിൽ പ്യൂണായി ജോലി കിട്ടി. പ്യൂൺ പണി കടുപ്പമായിരുന്നു. മലയോളം മടുപ്പ് തോന്നുന്ന ദിവസങ്ങൾ. പക്ഷെ അന്നന്ന് കഴിയാനുള്ള പൈസ കിട്ടുന്നുണ്ട്. ധീരന്മാർ സ്വയം അവനവന് തന്നെ ചലഞ്ചുകൾ ഇട്ട് കൊടുക്കും. ഈ സമയം ബൽവന്ത് ഒരു കല്യാണം കഴിക്കുന്നു. ഒരു വയറല്ല, രണ്ട് വയറ് നിറയാനുള്ള വരുമാനം വേണം. താമസം തടി ‍ഡിപ്പോയിലെ വെയർഹൗസിലായി. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവരുടെ ജീവിതം അങ്ങനെ വെയർഹൗസിലെ ഇടുങ്ങിയ മുറിയിൽ തളിർത്തു.

ബൽവന്തിലെ സംരംഭകന് വെയർഹൗസിൽ കഴിയാൻ പറ്റുമായിരുന്നില്ല. നിയമ ബിരുദം കൈയ്യിലുള്ള ആളല്ലേ, ഭാഷ വശമുണ്ട്, നല്ല ബോധവുമുണ്ട്. അത്യാവശ്യം വായനയുമുണ്ട്.ഇനി ഗ്യാരേജിൽ കിടക്കേണ്ട ആളല്ല താൻ, സമയം കറങ്ങി തിരിഞ്ഞ് മാറി വരുന്നുണ്ട്. പരിചയങ്ങളും പഴയ ബന്ധങ്ങളും പുതുക്കി. അക്കാലത്ത് പലതരം ഡൈകൾക്ക് ഡിമാന്റുള്ള കാലമാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രൊ‍ഡക്റ്റുകളുടെ ഏജൻസി വർക്കുകൾ പിടിച്ചുതുടങ്ങി.

ജർമ്മൻ കമ്പനിയുമായി സഹകരണം
മോഹൻഭായി എന്നൊരാൾ ഇൻവെസ്റ്ററായി വന്നു. തന്റെ അധ്വാനത്തിന് കൂടുതൽ ഷെയർ ബെൽവന്ത് ആവശ്യപ്പെട്ടതോടെ മോഹൻഭായ് തെറ്റി. അതിനിടയിൽ ജർമ്മൻ കമ്പനിയായ ഹോച്ചെസ്റ്റിന്റെ  (Hoechst) ഇന്ത്യയിലെ പ്രതിനിധകളായ ഫെഡ്കോ-യുമായി (Fedco) 50% പാർട്ണർഷിപ്പിൽ
ബിസിനസ്സ് തുടങ്ങി. ബൽവന്ത്റായ് കല്യാൺജി പരേഖിന്റെ (Balvantray Kalyanji Parekh) ഭാഗ്യജാതകം തുടങ്ങുകയായി. അല്ല, ഭാഗ്യത്തിന്റെ കരുണയ്ക്ക് ജീവിതത്തെ വിട്ടുകൊടുക്കാതെ സ്വന്തം ഭാവിയെ അയാൾതന്നെ നിർമ്മിച്ചുതുടങ്ങി. ജീവിക്കാനും ജയിക്കാനും മുന്നുംപിന്നും നോക്കാതെ ഒരാൾ അങ്ങ് ഇറങ്ങിയാൽ ഉണ്ടല്ലോ, പിന്നെ ഭാഗ്യവും ദൈവവും ഒക്കെ വെറും കാഴ്ച്ചക്കാരാകും.

ജർമ്മൻ കമ്പനിയായ Fedco-യുടെ മാനേജിംഗ് ഡയക്ടർ ഇന്ത്യയിൽ വന്നപ്പോൾ ബെൽവന്തിന് അദ്ദേഹത്തെ കാണാൻ അവസരമുണ്ടായി. ബിസിനസ്സിൽ ബെൽവന്ത് റായി പരേഖിന്റെ അസാമാന്യ പ്രണയവും പ്രകടനവും ജർമ്മൻകാരന് ബോധിച്ചു. ബിസിനസ്സ് മാനേജ്മെന്റ് ട്രെയിനിംഗിന് അദ്ദേഹം ബെൽവന്തിനെ ജർമ്മനിക്ക് ക്ഷണിച്ചു. ബെൽവന്ത് ജർമ്മനിയിലെത്തി. സംരംഭകനാകാനുള്ള വിത്ത് ഉള്ളിലുണ്ടായിരുന്ന ബെൽവന്ത് ജർമ്മനിയിൽ വെച്ച് അതിന് വളമിട്ട് വെള്ളമൊഴിച്ചു. നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്ക് ആ മോഹച്ചെടി പൂക്കാറായി.

സഹോദരനുമായി ചേർന്ന് കമ്പനി

1954, മുംബൈയിലെ ജേക്കബ് സർക്കിളിൽ‌ സഹോദരൻ സുശീലുമായി ചേർന്ന് ഇൻഡസ്ട്രിയൽ കെമിക്കൽസും, പിഗ്മെന്റ് എമെൽഷനും ഡൈയും നിർമ്മിക്കുന്ന ഒരു സ്ഥാപനം തുടങ്ങി. കമ്പനിയുടെ പേര് പരേഖ് ഡൈചെം ലൈറ്റ് ഇൻഡസ്ട്രീസ്. ഈ കമ്പനി പിന്നീട് P.D. Lite Industries എന്നും പിന്നീട് Pidilite Industries എന്നും പേര് സ്വീകരിച്ചു. ഫെവിക്കോളിന്റെ ബോട്ടിലിൽ കാണുന്ന അതേ പിഡിലൈറ്റ്!

വെജിറ്റേറിയൻ പശ! ഫെവിക്കോൾ

മുമ്പ് ആ തടി ട്രേ‍ഡിംഗ് ഓഫീസിൽ പ്യൂണായി ജോലി ചെയ്യവേ ബൽവന്ത് മനസ്സിലാക്കിയ ഒരു കാര്യമുണ്ടായിരുന്നു. തടിപ്പണികൾക്ക് ഉപയോഗിക്കുന്ന പശ കാർപ്പെന്റർമാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാത്രമല്ല, പശ അത്ര സ്ട്രോങ്ങുമല്ല. അത് ആശാരിമാർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പശ ഉപയോഗിക്കാനും പ്രയാസം, നന്നായി ഒട്ടത്തുമില്ല, ഉണ്ടാക്കുന്ന ഫർണ്ണിച്ചറുകൾ സ്ട്രോങ്ങുമല്ല. നല്ല ഒന്നാന്തരം മരപ്പണിക്കാർക്കും പശ ശോകമായതിനാൽ ഒന്നും ശരിയാകാത്ത അവസ്ഥ. അവരുടെ പേരും മാനവും പശകാരണം പോകുന്നു. ഇത് മാത്രമവുമല്ല, അക്കാലത്ത് മരപ്പശകൾ ഉണ്ടാക്കിയിരുന്നത് മൃഗക്കൊഴുപ്പിൽ നിന്നാണ് . അത് ഭൂരിപക്ഷം ആശാരിമാർക്കും വിശ്വാസപരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇവിടെ, ഇവിടെ തന്റെ ജന്മോദ്ദേശം ബൽവന്ത് പരേഖ് എന്ന കൂർമ്മബുദ്ധിക്കാരനായ സംരംഭകൻ മനസ്സിലാക്കുന്നു. അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു ഇതിഹാസതുല്യമായ ബ്രാൻഡ് പിറക്കുന്നു! വെജിറ്റേറിയൻ പശ! ഫെവിക്കോൾ-

തന്റെ പഴയ സ്ഥാപനമായ ഫെഡ്കോ-യിൽ നിന്ന് എടുത്ത ഫെവി, എന്തിനേയും ഒന്നിപ്പിക്കുന്ന എന്ന അർത്ഥമുള്ള കോൾ എന്ന  ജർമ്മൻ വാക്കും ചേർത്ത് – ചരിത്രത്തിലേക്ക് ഒരു ബ്രാൻഡിനെ ഒട്ടിച്ചുവെച്ചു.

ആശാരിമാരിൽ നിന്ന് വീടുകളിലേക്ക്
ഫെവിക്കോൾ രാജ്യത്തെ കാർപ്പെന്റർമാരിലും കോൺട്രാക്റ്റർമാരിലും വലിയ വിശ്വാസം ജനിപ്പിച്ചു, ഒന്ന് ഉപയോഗിക്കാൻ ഈസിയാണ്. രണ്ട് അതീവ സ്ട്രോങ്ങാണ്. ഞാൻ ഓർക്കുന്നത് പണ്ട് ഫർണ്ണിച്ചർ പണിയാൻ കാർപ്പെന്റേഴ്സിനെ വിളിച്ചാൽ അവർ വരുന്നത് വലിയ ടിന്നിൽ ഫെവിക്കോളുമായാണ്. തടിക്കഷണങ്ങളുടെ ഒന്നിപ്പിക്കേണ്ട വശത്ത് ഫെവിക്കോൾ തേച്ച് അമർത്തി ഒട്ടിച്ച് വിജയഭാവത്തിൽ നിൽക്കുന്ന ആശാരിമാർ. 1990-കളായപ്പോഴേക്ക് നാടാകെ ഫെവിക്കോൾ ഒരു ഫേവറേറ്റ് ബ്രാൻഡായി. അതിന് കാരണം, ഫെവിക്കോളിനെ ആശാരിമാരുടെ കൈകളിൽ നിന്ന് വീടുകളിലെ വരാന്തയിലേക്കെത്തിച്ച അടുത്ത ബിസിനസ്സ് തന്ത്രവും. തന്റെ ഉൽപ്പന്നം മരപ്പണിക്ക് മാത്രമാകരുത് എന്ന് ബൽവെന്തിന് വാശിയുണ്ടായിരുന്നു. റീട്ടെയിൽ പ്രൊഡക്റ്റായാലേ വിൽപ്പനയിലും ബ്രാൻഡ് റീകോളിംഗിലും തരംഗമാകാനാകൂ. പേപ്പറോ, ഫർണിച്ചറോ, ആൽബമോ, പെട്ടിയോ എന്തുമാകട്ടെ, പൊട്ടിയാലോ ഇളകിയാലോ ഫെവിക്കോൾ ഒരു ആശ്വാസമായി. 30 ഗ്രാമിന്റെ ചെറിയ പ്ലാസ്റ്റിക് ട്യൂബിൽ ഫെവിക്കോൾ ഇറക്കിയത് വീട്ടമ്മമാരേയും കുട്ടികളേയും യുവാക്കളേയും മനസ്സിൽ കണ്ടാണ്. അത് വിജയിക്കുക തന്നെ ചെയ്തു. അങ്ങനെയാണ്, അന്ന് ഹോസ്റ്റൽ മുറിയിൽ പ്രൊജക്റ്റ് ഉണ്ടാക്കാനിരുന്ന ഞങ്ങൾക്കും ഫെവിക്കോളല്ലാതെ മറ്റ് ഓപ്ഷനില്ലാതായത്. പിന്നാലെ ഫെവിസ്റ്റിക്കും രംഗീലയും വിപണിയിലെത്തി. അതുപോലെ Dr. Fixit, M-Seal എന്നീ പ്രൊഡക്റ്റുകളും.

ആന വലിക്കുന്ന ലോഹ ഗോളങ്ങളുടെ പ്രസിദ്ധമായ ലോഗോ ഫെവിക്കോളിന് വേണ്ടി നിർമ്മിച്ചത് അഡ്വർട്ടൈസിംഗ് ഏജൻസിയായ Ogilvy & Mather ആണ്. അത് ഒരു കമ്പനി-ഏജൻസി ബന്ധമായിരുന്നില്ല. ഒഗിൽവിയിലെ പീയൂഷ് പാണ്ടെയുടെ ആശയത്തിൽ വിരിഞ്ഞ പരസ്യങ്ങളാണ് ഫെവിക്കോളിനെ ഇന്ത്യയുടെ മാർക്കറ്റിലും മനസ്സിലും പ്രതിഷ്ഠിച്ചത്. മീൻ പിടിക്കാൻ ചൂണ്ട ഇട്ടിരിക്കുന്നതും, പൊട്ടാത്ത മുട്ടയും ഒക്കെ അങ്ങനെ പിറന്നവയാണ്. 1997-ലിറങ്ങിയ ദം ലഗാ കേ ഐസ എന്ന പരസ്യം, അന്ന് നമ്മളൊക്കെ എന്നും കണ്ടവയാണ്. അതിലഭിനയിച്ചത് ത്രീ ഇഡിയറ്റ്സ് അടക്കം സംവിധാനം ചെയ്ത രാജ് കുമാർ ഹിറാനിയാണ്. ഫെവിക്കോലിന്റെ മറ്റൊരു പരസ്യചിത്രം കാൻ പുരസ്ക്കാരത്തിന് അർഹമായി.

ബൽവന്ത് പരേഖ്, ഫെവിക്കോൾ മാൻ
1990-കളിൽ രാജ്യത്തെ ഏറ്റവും പോപ്പുലറായ, ഡിമാന്റുള്ള ആദ്യ 15 ബ്രാൻഡുകളിൽ ഒന്നായി ഫെവിക്കോൾ. 1959-ൽ മുംബൈയിലെ ഒറ്റമുറിക്കടയിൽ ഏതാനും ഡപ്പികളിൽ വിൽപ്പനയ്ക്ക് വെച്ച ഫെവിക്കോളിൽ നിന്ന്, ഇന്ന് പി‍ഡിലൈറ്റ് ലോകമാകമാനം വിൽക്കുന്നത് 200-ലധികം പ്രൊ‍‍ഡക്റ്റുകളാണ്. ഇന്ത്യയെ ഒട്ടിക്കാനും ഒട്ടിപ്പിക്കാനും പഠിപ്പിച്ച ബൽവന്ത് പരേഖിനെ ഫെവിക്കോൾ മാൻ എന്ന് ഈ രാജ്യം വിളിച്ചു.
മുംബൈയിലെ തെരുവിൽ പലജോലികൾ ചെയ്ത് ഒരു നേരത്തെ ആഹാരത്തിന് വക കണ്ടെത്താൻ ബുദ്ധിമുട്ടിയ അതേ ബൽവന്ത്റായ് സൃഷ്ടിച്ചത് ഒരു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം കോടി മൂല്യമുള്ള കമ്പനിയാണ്.

വെയർഹൗസിൽ നിന്ന് കാർമൈക്കേലിലെ വസതിയിലേക്ക്
നിയമം പഠിച്ചിട്ടും വക്കീൽ ആകേണ്ടതില്ല എന്ന് തീരുമാനിച്ചപ്പോൾ ഒരു വരുമാനത്തിനുള്ള സാധ്യത കൊട്ടിയടച്ചവൻ എന്ന ആക്ഷേപം കേട്ടു ബൽവന്ത്. അതേ ബൽവന്ത്റായുടെ വാർഷിക വരുമാനം 8000 കോടിയായി. തടിക്കച്ചവടം ചെയ്യുന്ന കമ്പനിയിലെ പ്യൂണായിരുന്നപ്പോൾ നവവധുവുമൊന്നിച്ച് വെയർഹൗസിൽ കൂട്ടിയിട്ട മരക്കഷണങ്ങൾക്കൊപ്പം അന്തി ഉറങ്ങിയ അതേ ബൽവന്ത്റായ് പിന്നീട് മുബൈയിലെ ഏറ്റവും പോഷായ കാർമൈക്കേൽ റോഡിലെ ഉഷ കിരൺ അപ്പാർട്ട്മെന്റിലെ വസതി സ്വന്തമാക്കി, അയൽക്കാരൻ ആരായിരുന്നെന്നോ? ധിരുബായ് അംബാനി, റിലയൻസിന്റെ സ്ഥാപകൻ, മുകേഷ് അംബാനിയുടെ അച്ഛൻ!

Discover the inspiring journey of Balwant Parekh, the founder of Fevicol, from his humble beginnings to establishing Pidilite Industries. Learn how Fevicol revolutionized the adhesive market with innovative products and unforgettable advertisements.

മുന്നറിയിപ്പ്

എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Comments are closed.

Exit mobile version