മലയാളിയുടെ നൊസ്റ്റാൾജിയ! ഈ തയ്യൽമെഷീൻ ആയിരക്കണക്കിന് സ്ത്രീകളുടെ വരുമാനം! |The story of Usha|

തയ്യൽമെഷീനൊപ്പം ഉരുണ്ടും കറങ്ങിയും  ജീവിതം  തയ്ച്ചെടുത്ത സ്ത്രീകളുടെ കഥ പറയുന്ന ഒരു ബ്രാൻഡുണ്ട്. കറുത്ത കനമുള്ള ബോഡിയും, ചക്രവും, വീതിയേറിയ ചവിട്ടിയും മുകളിലൊരു കമ്പിയിൽ നൂലുണ്ടയും, പിടിച്ച് കറക്കാനൊരു ചക്രവും, പിന്നെ കൂർത്ത സൂചിയുമുള്ള, ഒരെണ്ണം. അതിൽ വലിയ ക്യാപിറ്റൽ ലെറ്ററിൽ എഴുതിയ പേര്, ഉഷ! ലക്ഷക്കണക്കിന് ഇന്ത്യൻ യുവതികൾക്ക് സ്വയം വരുമാനം കണ്ടെത്താൻ കൈത്താങ്ങായ അഭിമാന യന്ത്രം! അങ്ങനെ ഒരു തയ്യൽമെഷീൻകൊണ്ട് ഒരു കുടുംബത്തിന്റെ ചിലവുകളും, കുട്ടികളുടെ പഠനവും എന്തിന് കല്യാണം പോലും നടത്തിയെടുത്ത എത്രയെത്ര സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്? ഒറ്റയ്ക്ക് ഒരു സംരംഭം തുടങ്ങാൻ ലക്ഷക്കണക്കിന് സ്ത്രീകളെ പ്രാപ്തമാക്കിയ ഉഷ തയ്യിൽ മെഷീൻ. കറങ്ങുന്ന വീലും കയറിയിറങ്ങുന്ന കൂർത്ത സൂചിയും കൊണ്ട് കണ്ണീരൊപ്പാനും കനകം വരെ മോഹിക്കാനും കുമാരിമാർക്ക് കൈത്താങ്ങായ തയ്യൽ യന്ത്രം.

രണ്ട് തവണ പൂട്ടിപ്പോകലിന്റെ വക്കിലെത്തി
ഒരു സംരംഭം എങ്ങനെയാണ് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് വിജയിക്കുന്നതെന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് ഉഷ. രണ്ട് തവണ പൂട്ടിപ്പോകലിന്റെ വക്കോളമെത്തിയ ഒരു സംരംഭം. സ്വാതന്ത്ര്യത്തിനും മുന്നേ പിറന്ന ബ്രാൻഡ്. ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ ആദ്യ വിജയ സാക്ഷ്യം!. ഇങ്ങനെ ഒരുപാട് ചരിത്രമുണ്ട് ഒറ്റവീൽ കൊണ്ട് ഒരുപാട് വയറുകളുടെ വിശപ്പകറ്റുന്ന ഉഷ എന്ന ഉഷ ഇന്റർനാഷണലിന്!

ബിഷൻ ദാസ് ബേസിൽ എന്ന എഞ്ചിനീയർ

1934! സ്വാതന്ത്ര്യത്തിന് മുന്നേയുള്ള കാലം. ആ വർഷം 60,000 തയ്യിൽ മെഷീനുകളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. കാരണം ഇന്ത്യയിൽ തയ്യിൽമെഷീൻ പോയിട്ട് അതിന്റെ സൂചി പോലും നിർമ്മിക്കാൻ ആളോ അർത്ഥമോ ഇല്ലാതിരുന്ന കാലം. കൊൽക്കത്ത പോസ്റ്റ് ആന്റ്
ടെലിഗ്രാഫിൽ ജോലി നോക്കിയിരുന്ന ഒരു എഞ്ചിനീയറായിരുന്നു ബിഷൻ ദാസ് ബേസിൽ (Bishan Das Basil). മികച്ച എഞ്ചിനീയറായിരുന്നു അദ്ദേഹം.
സ്റ്റാഫ് ക്വാർട്ടേഴ്സിലെ ഒരു മുറി വർക്ക്ഷോപ്പാക്കി, ബേസിൽ തന്റെ ഇലക്ട്രിക് ഉൽപ്പന്ന പരീക്ഷണങ്ങളിലാണ്. ഇലക്ട്രിക് ഉൽപ്പന്ന നിർമ്മാണത്തിൽ ദയനീയ അവസ്ഥയിലാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ആ മേഖലയിൽ സംരംഭം തുടങ്ങണെന്ന് അദ്ദേഹം ആഗ്രഹിച്ചു. തന്റെ എഞ്ചിനീയറിംഗ് സ്കില്ലിൽ അദ്ദേഹം അത്രമേൽ വിശ്വസിച്ചു. കാരണം റൂർക്കി എഞ്ചിനീയറിംഗ് കോളേജ് പ്രൊ‍ഡക്റ്റായിരുന്നു ആ മനുഷ്യൻ.

മകളുടെ പേര് നൽകി
വിദേശ നിർമ്മിത തയ്യൽ മെഷീനുകൾ അഴിച്ച്, ചവിട്ടുമ്പോൾ തയ്ക്കുന്ന ടെക്നിക് പഠിച്ചു. ഒരു വർഷം കൊണ്ട് സ്വന്തമായി ഒരു തയ്യൽ മെഷീൻ ഉണ്ടാക്കി ബിഷൻ ദാസ് ബേസിൽ! ചവിട്ടുമ്പോൾ മുകളിലേക്കും താഴേക്കും വേഗത്തിൽ ചലിക്കുന്ന സൂചി! അതിൽ കോർത്ത നൂലിനാൽ തുന്നിവരുന്ന തുണി. ഇന്ത്യയിലെ ആദ്യ എഞ്ചിനീറിംഗ് വിസ്മയങ്ങളിൽ ഒന്ന്! ആ യന്ത്രത്തിന് ബിഷൻ ദാസ് ബേസിൽ ഒരു പേരു കൊടുത്തു! തന്റെ പ്രിയമകളുടെ പേര് ഉഷ!

സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ അടയാളം
ഏത് സാഹചര്യത്തിലായാലും മനുഷ്യന് ഒഴിവാക്കാനാകാത്ത രണ്ട് കാര്യങ്ങൾ എന്താകും? ആഹാരവും വസ്ത്രവും! ഇത് രണ്ടും വീട്ടിൽ മാനേജ്ചെയ്യാൻ പറ്റിയാൽ സ്വയം പര്യാപ്തമാകും. ആഹാരവും വസ്ത്രവും സ്ത്രീകളുടെ ഉത്തരവാദിത്വമായി സമൂഹം വിശ്വസിക്കുന്നു.
ഈ രണ്ടിനും ഒരു പ്രത്യേകതയുണ്ട്, മനസ്സ് വെച്ചാൽ മടുക്കാതെ ഒരു ഹോബിയായി മാറും, ഭക്ഷണം ഉണ്ടാക്കുന്നതും, വസ്ത്രം ഒരുക്കുന്നതും. അതുകൊണ്ട് തന്നെ വീട്ടിലെ ആവശ്യങ്ങൾക്ക് അപ്പുറം സ്ത്രീകൾക്ക് വരുമാനമാർഗ്ഗമായി ഭക്ഷണവും വസ്ത്രവും മാറ്റിയെടുക്കാം, ഒപ്പം ഒരു ആസ്വാദനവും.

അതിൽ വസ്ത്രത്തിന്റെ കാര്യം നോക്കൂ, അത്യാവശ്യം തയ്യലറിയാവുന്ന ഒരു സ്ത്രീയെ, കുടുംബത്തിന്റെ വിളക്കായി കണ്ടു, ഈയടുത്ത കാലം വരെ. ഒരു മുപ്പത് മുപ്പത്തിയഞ്ച് വർഷം മുമ്പ് കേരളത്തിലെ പെൺകുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ലക്ഷണമായിരുന്നു തയ്യൽ പഠനം. പത്താം ക്ലാസും തയ്യലും! അതായിരുന്നു 1980-കളിൽ വിവാഹ മാർക്കറ്റിൽ ശരാശരി മലയാളി പെൺകുട്ടിയുടെ മാസ്മരിക യോഗ്യത. കാരണം തയ്യൽ ഒരു കലയായ്, വരുമാനമായ്, കൗതുകവും- കരകൗശലവുമായ് ഇന്ത്യൻ സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ അടയാളമായ് മാറിയ കാലമായിരുന്നു അത്. ആ തയ്യലിന്റെ താളം കൈയ്യിലുണ്ടായിരുന്നത് കൊണ്ടാണ് പല സ്ത്രീകളും അവരുടെ പരിമിതമായ സാഹചര്യത്തിൽ നിന്ന് വരുമാനമുള്ള വനിതയായത്.

ഉഷ ജീവിതം മാറ്റിയ മധുകാന്ത ഭട്ട്
1950-ൽ ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ നിന്ന് മധുകാന്ത ഭട്ട് കല്യാണം കഴിഞ്ഞ് ഹൈദരാബാദിലെ ഭർതൃവീട്ടിലെത്തുമ്പോൾ പ്രായം 18 വയസ്സ്. ഭർത്താവിന് തുശ്ചമായ വരുമാനം മാത്രം. ചെറിയ ചെറിയ തുട്ടുകളും നാണയങ്ങളും മാറ്റി വെച്ച് മൂന്ന് നാല് വർഷം കൊണ്ട് മധുകാന്ത ഒരു തയ്യൽമെഷീൻ വാങ്ങി. അന്ന് 200 രൂപയായിരുന്നു വില! തയ്യൽ സ്വയം പഠിച്ച് തയ്ച്ച് തുടങ്ങി.മാന്യമായി ജീവിക്കാനും കുട്ടികളെ പഠിപ്പിക്കാനും സഹായിച്ച അതേ തയ്യൽമെഷീനും മധുകാന്തയും 65 വർഷങ്ങൾക്ക് ശേഷം വീണ്ടും വാർത്തയിൽ നിറഞ്ഞു. അന്നത്തെ ആ 18കാരിക്ക് ഇന്ന് 93 വയസ്സ്. തുണിക്കടകളിലെ വേസ്റ്റ് ഉപയോഗിച്ച് അവർ തുണി സഞ്ചികൾ ഉണ്ടാക്കുന്നു. പ്ലാസ്റ്റിക്ക് ബാഗുകൾക്ക് ബദലായി ഹൈദരാബാദിൽ ഈ തുണി സഞ്ചി ആളുകൾക്ക് നൽകുന്നു, തികച്ചും സൗജന്യമായി. പ്രകൃതിയോടുള്ള കരുതൽ! 23 വയസ്സുമതൽ ഈ 93 വടസ്സുവരേയും മധുകാന്ത തയ്ക്കുന്നത് അതേ കറുത്ത വലിയ തയ്യൽമെഷീനിൽ! പേര് ഉഷ!

അഭിമാനം തിരിച്ചറിഞ്ഞ അനിതബാൽ  
മധ്യപ്രദേശിലെ സുൽത്താൻപൂർ എന്ന ഗ്രാമം. കൃഷിയാണ് ഉപജീവനമാർഗ്ഗം. അറിയാല്ലോ, സാധുവായ കർഷക തൊഴിലാളികൾക്ക് കൃഷി കൊണ്ട് എന്ത് ഗുണമുണ്ടാകാൻ?  ആ ഗ്രാമത്തിൽ തന്നെയുള്ള അംഗപരിമിതയായ അനിതബാൽ എന്ന സ്ത്രീ കല്യാണം കഴിച്ച് ഭർതൃ വീട്ടിലെത്തുമ്പോൾ എല്ലാവർക്കും പുശ്ചം, അല്ലെങ്കിൽ സഹതാപം! കാരണം അംഗപരിമിതയല്ലേ? അവൾ തയ്യൽ പഠിക്കാൻ തീരുമാനിച്ചു. കാരണം വേറെ വരുമാനമില്ല. ഭർത്താവിന് കൃഷിപ്പണിയിൽ നിന്ന് മാസം കഷ്ടിച്ച് കിട്ടുക ഏറിയാൽ 2000 രൂപ!  തന്റെ ശാരീരിക സ്ഥിതി വെച്ച് വീടിന് പുറത്ത്പോയി പണിയെടുക്കാനും കഴിയില്ല.

വളരെ വേഗം അവർ വസ്ത്രങ്ങൾ തയ്ച്ചുതുടങ്ങി. അയൽക്കാർ അനിതയെ തേടി എത്തി. ഗ്രാമത്തിലെ മറ്റുള്ളവരും വസ്ത്രം തയ്ക്കാൻ അനിതയുടെ അടുത്തെത്തി. ഇന്ന് ചുറ്റുമുള്ള മറ്റ് ഗ്രാമവാസികളും അനിതയുടെ അടുത്തെത്തുന്നു. മാസവരുമാനം 10,000-ത്തിനും 12-000-ത്തിനും അരികെ! ഭർത്താവ് കൃഷിപ്പണി നിർത്തി അനിതയ്ക്ക് സഹായിയായി കൂടിയിരിക്കുന്നു. കഴിഞ്ഞില്ല, ആ ഗ്രാമത്തിലെ 20-ഓളം പെൺകുട്ടികളെ അനിത  തയ്യൽ പഠിപ്പിച്ചു. ആ പെൺകുട്ടികളെല്ലാം അനിതമാരായി! അവർ സ്വന്തം അഭിമാനം തിരിച്ചറിഞ്ഞു! അവരും വാങ്ങി തയ്യൽമെഷീനുകൾ! അനിതയുടെ വീട്ടിലെ അതേ മെഷീൻ! ഉഷ!

സ്ത്രീകൾക്കായി ഉഷ സിലയ് പദ്ധതി
സുൽത്താൻപൂരിലെ ശാരീരികമായി പുഷ്ടിയുള്ള സ്ത്രീകളേക്കാൾ അഭിമാനിയാകാനും ശാരീരിക പരിമിതികൾക്കപ്പുറം മനസ്സിനെ സജ്ജമാക്കാനും മറ്റുള്ളവരുടെ ബഹുമാനം നേടിയെടുക്കാനും അനിതയെ സഹായിച്ചത് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായ് ഉഷ നടപ്പാക്കുന്ന ഉഷ സിലയ് (Usha Silai) പദ്ധതിയാണ്! സ്ത്രീകളെ സ്വയം പര്യാപ്തമാക്കാനും താഴ്ന്ന വരുമാനക്കാരായ സ്ത്രീകളെ വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ട് നടത്തുന്ന പരിശീലന പദ്ധതിയാണിത്. 2011-ൽ തുടങ്ങിയ പരിപാടി ഇന്ന് ഇന്ത്യയിലെ 33,000 ഗ്രാമങ്ങളിലെ 12 ലക്ഷം സ്ത്രീകൾക്ക് അവരുടെ മാനം എന്തെന്ന് സ്വയം അറിയാനും തൊഴിൽ ചെയ്ത് കുടുംബം പോറ്റാനും ശക്തി നൽകുന്നു. സ്വയം ശാക്തീകരണത്തിന്റെ സ്വവലംബൻ (Swavalamban) സ്കീം വഴിയാണ് പദ്ധതി നടക്കുന്നത്. ജമ്മുവിലെ ഷോപിയാനിലുള്ള താഹിറ,

ഉഷ തയ്യൽ മെഷീനിലൂടെ അന്തസ്സോടെ തല ഉയർത്തി ജീവിക്കുന്നു. ജമ്മുവിൽ മഞ്ഞുകാലത്തുപയോഗിക്കുന്ന പരമ്പരാഗത വസ്ത്രമായ ഫിറാൻ അവർ തയ്ച്ച് വിൽ‌ക്കുന്നു.
അതുപോലെ അരുണാചലിലെ ആദിവാസി വിഭാഗത്തിലെ ഫിമോ മൻഹാം എന്ന 25-കാരി പതിനായിരങ്ങളാണ് തയ്യൽ സംരംഭത്തിലൂടെ പ്രതിമാസം നേടുന്നത്. അവിടേയും കറങ്ങുന്ന ചക്രത്തിനും ഉയർന്ന് താഴുന്ന സൂചിക്കും ഒരേപേരാണ്, ഉഷ!

കോവിഡ് കാലത്ത് സിലയ് ആപ്പ് പുറത്തിറക്കി. ഇന്ന് ആർക്കും ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് തയ്യൽ പഠിക്കാം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഉഷ ഓഫീസിൽ നിന്ന് തയ്യൽ ട്രെയിനിംഗ് വീഡിയോകൾ തയ്യാറാക്കുന്നത്, ഒരുകാലത്ത് വരുമാനംതേടി തയ്യൽ പഠിക്കാനെത്തിയ മീററ്റ്കാരിയായ അൽക്ക-യാണ്.

500 കോടിക്ക് അടുത്താണ് ഇന്ന് ഇന്ത്യയിലെ തയ്യിൽ മെഷീൻ മാർക്കറ്റ്! രാജ്യത്ത് വരുന്ന ഓരോ ടെക്സ്റ്റയിൽ പാർക്കുകളും തയ്യൽ വിഗദ്ധരായ തൊഴിലാളികളെ ആവശ്യപ്പെടുന്നുണ്ട്. പുരുഷനും സ്ത്രീയും തയ്യൽക്കാരായി ജോലിചെയ്യുന്ന വൻസംരംഭങ്ങൾ മുതൽ ഒരു തയ്യിൽമെഷീൻ കൊണ്ട് കുടുംബ പുലർന്നുപോകുന്ന സംരംഭക യൂണിറ്റുകൾ വരെ ഇന്ത്യയിലെമ്പാടുമുണ്ട്. പ്രാഥമികവിദ്യാഭ്യാസം പോലുമില്ലാത്ത വനികൾക്ക് എന്തെങ്കിലും ചെയ്യണമെന്നോ, വരുമാനം നേടണമെന്നോ അലോചിക്കുമ്പോൾ ആദ്യം പരിഗണിക്കുക ഒരു തയ്യൽമെഷീനല്ലേ? കാരണം ഇത്രവേഗം ഇണങ്ങുന്നതും ആർക്കും ചെയ്യാൻ കഴിയുന്നതുമായ മറ്റേത് തൊഴിലാണ് ഉള്ളത്? ഇന്ന് 8 വയസ്സുള്ള പെൺകുട്ടികൾ പോലും തയ്യൽ പഠിക്കാൻ താൽപര്യം കാണിക്കുന്നു. അങ്ങനെ ഉഷ മറ്റൊരു മോഡലിറക്കി. ഉഷ ബാർബി!

 ഉഷ ഇന്നത്തെ ഉഷയായ കഥ
1935-ൽ തയ്യൽ യന്ത്രം സ്വയം നിർമ്മിച്ച് ബിഷൻദാസ് ബേസിൽ, ഉഷ എന്ന സ്വപ്നതുല്യമായ ബ്രാൻഡ് കെട്ടിപ്പടുത്തത് പൂവിരിച്ച വഴിയിലൂടെ നടന്നിട്ടല്ല. താൻ നിർമ്മിച്ച മാതൃകയിൽ തയ്യൽ മെഷീൻ ഉണ്ടാക്കാൻ 75 തൊഴിലാളികളെ കണ്ടെത്തി. ഫിറ്റർ, ടർണർ തുടങ്ങി മെഷീൻ വർക്ക് അറിയാവുന്ന 75 പേർ. കൈയ്യിൽ ഉണ്ടായിരുന്നതും കടം പിടിച്ചതും എല്ലാം ചേർത്ത് 25,000 രൂപ മൂലധനമാക്കി. ഏറെ നാളത്തെ അധ്വാനത്തിൽ നിർമ്മിച്ച പ്രോട്ടോ ടൈപ്പിലേത് പോലെ യന്ത്ര ഭാഗങ്ങൾ നിർമ്മിക്കാൻ ബേസിൽ ആ 75 തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് അങ്ങോട്ട് ഓരോ സംരംഭകനും മനസ്സിരുത്തി കേൾക്കേണ്ട കഥയാണ്. ഉഷ ഇന്നത്തെ ഉഷയായ കഥ! വളരെ ചുരുക്കി പറയാം..

1936 – ബേസിലിന്റെ വിദഗ്ധരായ തൊഴിലാളികൾ 25 തയ്യൽ മെഷീൻ ഉണ്ടാക്കി. സൂചി പോലെയുള്ള സൂക്ഷ്മമായ ചില ഘടകങ്ങൾ വാങ്ങിയതാണെങ്കിലും  ഇന്ത്യയുടെ ആദ്യ ബൾക്ക് പ്രൊഡക്ഷൻ. മാർക്കറ്റിംഗിന് ആളെ വെച്ചു. വീടുകൾ കയറി ഇറങ്ങുക. താഴെ ചവിട്ടുമ്പോൾ മുകളിൽ വസ്ത്രം തുന്നുന്ന സൂചി.. ഈ സാങ്കേതിക വിദ്യ പഠിപ്പിച്ച് തയ്യൽ മെഷീനുകൾ വിൽക്കണം. ഇതായിരുന്നു മാർക്കറ്റിംഗ് ടീമിന് കൊടുത്ത ദൗത്യം. സംഭവം ഉഷാറാണ് പക്ഷെ നിർമ്മാണവും വിൽപ്പനയും അങ്ങോട്ട് സിങ്കാവുന്നില്ല. താമസിയാതെ 92,000 രൂപ കടത്തിലേക്ക് ബേസിൽ വീണു. സംരംഭം പൂട്ടലിന്റെ വക്കിൽ!

ബേസിൽ എഞ്ചിനീയറിംഗിൽ കേമനായിരുന്നു, സംശയമില്ല പക്ഷെ നടത്തിപ്പിലും, മാർക്കറ്റിംഗിലും, വിൽപ്പനയിലും പിഴച്ചു. ആ സമയമാണ് മാർക്കറ്റിങ്ങിലും സംരംഭ നടത്തിപ്പിലും അഗ്രഗണ്യനായ ലാലാ ശ്രീറാം ബേസിലിനെ സമീപിക്കുന്നത്. ബേസിലിന്റെ എഞ്ചിനീയറീംഗ് മികവും സംരംഭക ധൈര്യവും ലാലാ ശ്രീറാമിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം കൂടുതൽ നിക്ഷേപം കമ്പനിയിലേക്ക് കൊണ്ടുവന്നു. പക്ഷെ രണ്ടാം ലോക മഹായുദ്ധകാലത്ത് ബിസിനസ്സ് ആകെ താറുമാറായി. പ്രൊഡക്ഷൻ നിർത്തിവെച്ചു. ഏതാണ്ട് പൂട്ടിയ അവസ്ഥ! ബുദ്ധിമാനായ ബിസിനസ്സുകാരനായ ലാലാ ശ്രീറാം യുദ്ധകാലത്തേക്ക് വേണ്ട പ്രൊ‍ഡക്റ്റുകൾ നിർമ്മിക്കാൻ നിർദ്ദേശിച്ചു. ബിഷൻ ദാസ് ബേസിൽ എന്ന പ്രഗത്ഭനായ എഞ്ചിനീയറാണല്ലോ മുന്നിൽ. തയ്യൽമെഷീൻ തൽക്കാലം തട്ടിൻപുറത്ത് വെച്ചു, സൈന്യത്തിനും സൈനിക വാഹനങ്ങൾക്കും വേണ്ട ഉപകരണങ്ങൾ നിർമ്മിച്ചു.

1942- കാറ്റിനൊപ്പം പാറ്റിയ ഉഷ റെക്കോർഡ് ലാഭത്തിലെത്തി. 92,000 രൂപ കടത്തിൽ നിന്ന് 6 ലക്ഷത്തിന് മേൽ ലാഭത്തിലായി ഉഷ! കാരണം യുദ്ധോപകരണങ്ങൾക്ക് അത്ര ഡിമാന്റും വിൽപ്പനയും ഉണ്ടായി. പണം എത്തി! ഇനി ധൈര്യമായി തയ്യൽമെഷീനിലേക്ക് കടക്കാം. സമയം അനുകൂലം. യുദ്ധമുണ്ടാക്കിയ പട്ടിണിയും പ്രാരാബ്ധവും പരക്കെ പിടിമുറുക്കുന്നു. സ്ത്രീകൾക്ക് കൂടി വരുമാനം കണ്ടെത്താനുള്ള സാഹചര്യമുണ്ടാകണം. തയ്യൽ മെഷീനല്ലാതെ വേറെന്ത് ബിസിനസ്സാണ് ഇപ്പോൾ ചെയ്യുക? കൂടുതൽ തൊഴിലാളികളെ എത്തിച്ചു. തയ്യൽ മെഷീനുകളുടെ നിർമ്മാണം തുടങ്ങി

1946- ഉഷ ഒരുമാസം 1000 തയ്യൽമെഷീനുകൾ നിർമ്മിച്ച് വിൽക്കുന്ന സാഹചര്യമായി. പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. തയ്യിൽ മെഷീൻ, ഫാൻ, മിക്സി, കൂളർ, ഗ്രൈന്റർ തുടങ്ങിയ ഹോം അപ്ലയൻസസ് പ്രൊ‍ക്റ്റുകളിലൂടെ 4000 കോടിയുടെ വരുമാനമാണ് ഉഷ ഇന്റർനാഷണലിനുള്ളത്. ആകെ വരുമാനത്തിന്റെ 21% തയ്യൽമെഷീൻ വിൽപ്പനയിലൂടെ മാത്രം ഉഷ നേടുന്നു.

സംരംഭകരേ വിജയം ഉണ്ടാകുന്നത് കൂട്ടായ്മയിൽ
ഒരു തിരക്കഥയുടെ ചുവടുപിടിച്ച് വികസിക്കുന്ന ഒരു ചലച്ചിത്രം! സംഘർഷങ്ങളും തമാശയും ഉദ്വേഗവും ഒക്കെ കടന്ന് ഒടുവിൽ ഒരു സിനിമ ശുഭമായി അവസാനിക്കുന്നു. സംതൃപ്തിയുള്ള മുഖത്തോടെ കാഴ്ചക്കാർ തിയറ്റർ വിട്ടിറങ്ങുന്നു. കൊള്ളാം! തിരക്കഥ നേരത്തെ എഴുതി ഷൂട്ട് ചെയ്ത സിനിമകളി‍ൽ ഏത് സംഘർഷത്തിനും ഒടുവിൽ സന്തോഷവും സമാധാനവും നമുക്ക് സൃഷ്ടിക്കാനാകും. എന്നാൽ റിയൽ ലൈഫിൽ അത് പറ്റുമോ? അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് പോലും അറിയാത്ത ഈ ജീവിതത്തിൽ സിനിമകളിലെ ശുഭകരമായ ക്ലൈമാക്സ് പ്രതീക്ഷിക്കാനാകില്ല. പക്ഷെ സിനിമയെ വെല്ലുന്ന ക്ലാസിക്കുകളായി യഥാർത്ഥ സംരംഭക കഥകളുണ്ട്. ഉഷ എന്ന ബ്രാൻഡ് പോലെ! ഇത് എല്ലാ സംരംഭകരുടേയും യാത്രയുടെ കഥയാണ്.

ഒരാൾ മുന്നിലുണ്ടായാലും വിജയം എപ്പോഴും കൂട്ടായ്മയിലാണ് സംഭവിക്കുന്നത്. ബിഷൻ ദാസ് ബേസിൽ മികച്ച എഞ്ചിനീയറും ഇന്നവേറ്റവും പ്രൊ‍ഡക്റ്റ് ഡെവലപ്പറുമായിരുന്നു! രാജ്യത്തിന്റെ ആദ്യത്തെ ഫാനും തയ്യിൽമെഷീനും സ്വന്തമായി അദ്ദഹം സൃഷ്ടിച്ചത് അതുകൊണ്ടാണ്. പക്ഷെ എങ്ങനെ വിൽക്കണം, എവിടെ വിൽക്കണം, പ്രൊ‍ഡക്ഷന് വേണ്ട മൂലധനം എങ്ങനെ കൊണ്ടുവരും എന്നീ വെല്ലുവിളികൾ ഏറ്റെടുക്കാൻ ലാലാ ശ്രീറാം ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ 25 എണ്ണം ഉണ്ടാക്കി വർക്ക്ഷോപ്പിൽ കിടന്ന് തുരുമ്പിച്ച് ഉഷ 1940-കളിലേ അവസാനിച്ചേനേ.. അല്ലങ്കിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് ഒന്നും ചെയ്യാനാകാതെ പൂട്ടിയേനെ.. പല പല സംരംഭങ്ങൾ പോലെ! എനിക്ക് എന്റെ സംരംഭക സുഹൃത്തുക്കളോട് പറയാനുള്ളത്, നിങ്ങളുടെ വൈദഗ്ധ്യം എവിടെയാണോ അതിൽ ശ്രദ്ധവെക്കുക, നിങ്ങൾക്ക് ധാരണയില്ലാത്ത ഏരിയകളിൽ വിദഗ്ധരെ കൊണ്ടുവരിക. അവർ വിദഗ്ധരാകുന്നതിനൊപ്പം വിശ്വസ്തരും ആകണമെന്ന് മാത്രം! അങ്ങനെ ഉഷ പോലെ, ഫെവിക്കോൾ പോലെ, പാർലെ പോലെ, മഹീന്ദ്ര പോലെ ഇന്ത്യൻ വൻമരങ്ങൾ സംരംഭത്തിലിനിയും ഉണ്ടാകട്ടെ! നിങ്ങൾക്ക് എല്ലാം വിജയാശംസകൾ!

Discover the inspiring journey of Usha, the iconic sewing machine brand that empowered millions of Indian women. From its creation by engineer Bishan Das Basil to its impact on women’s self-sufficiency, Usha has become a symbol of resilience, entrepreneurship, and women’s empowerment.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version