ചന്ദ്രയാന് 4 ദൗത്യത്തിനും ശുക്ര ദൗത്യത്തിനും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്(ബിഎഎസ്) സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്കി. ചന്ദ്രയാൻ ദൗത്യ തുടർവിജയത്തിനുപിന്നാലെ ശുക്രഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഐ.എസ്.ആർ.ഒ.യുടെ ആദ്യ ശുക്രദൗത്യത്തിനുള്ള 1236 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. ഇതിൽ 824 കോടി രൂപ ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനാണ്. 2028 മാർച്ചിൽ പേടകത്തെ അയക്കുകയാണ് ലക്ഷ്യം.
‘വീനസ് ഓർബിറ്റർ മിഷൻ’ എന്ന പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി ശുക്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ അയക്കും. ശുക്രന്റെ ഉപരിതലം, അന്തർഭാഗം, അന്തരീക്ഷസ്ഥിതി, ശുക്രഗ്രഹത്തിൽ സൂര്യന്റെ സ്വാധീനം തുടങ്ങിയവയെല്ലാം ദൗത്യത്തിന്റെ ഭാഗമായി പഠിക്കും. ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹമായ ശുക്രനിൽ, ഭൂമിയിലേതിനു സമാനമായ സ്ഥിതിയുള്ളതായാണ് കണക്കാക്കപ്പെടുന്നത്.
2040-ഓടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിച്ച് ഭൂമിയിൽ തിരിച്ചിറക്കുന്ന ചന്ദ്രയാൻ-4 മിഷന് വേണ്ടിയും 2104.06 കോടി രൂപ അനുവദിച്ചു. ഇന്ത്യക്കാർ ചന്ദ്രനിലിറങ്ങുന്നതിനാവശ്യമായ അടിത്തറയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശ പേടകം വികസിപ്പിച്ചെടുക്കുന്നതിനുള്ള ചുമതല ഐ.എസ്.ആർ.ഒ.യ്ക്കാണ്. 36 മാസംകൊണ്ട് ചന്ദ്രയാൻ-4 പൂർത്തീകരിക്കാനാണ് ലക്ഷ്യം.
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ വികസിപ്പിക്കുന്നതിന് 20,193 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. ബി.എ.എസ്-1 മൊഡ്യൂൾ 2029 ഡിസംബറോടെ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യം.
ഐ.എസ്.ആർ.ഒ. മാർക്ക്-3 വിക്ഷേപണവാഹനത്തിന്റെ മൂന്നിരട്ടി പേലോഡ് ശേഷിയുള്ളതും ഭാഗികമായി പുനരുപയോഗ സാധ്യതയുള്ളതുമായ നാലാം തലമുറ വിക്ഷേപണ വാഹനത്തിന്റെ(എൻ.ജി.എൽ.വി) രൂപകല്പനയ്ക്കും വികസനത്തിനുമായി 8,240 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. 2040-ലെ ചാന്ദ്രദൗത്യത്തിന് ഇത് നിർണായകമാകും. എട്ടു വർഷത്തിനുള്ളിൽ വിക്ഷേപണവാഹനം പൂർത്തീകരിക്കും.
The Indian government has approved ISRO’s Venus Orbiter Mission, targeting March 2028. A budget of Rs 1,236 crore has been allocated, with Rs 824 crore for spacecraft development. Chandrayaan-4 and the Indian Atmospheric Station are also in the pipeline.