എം എസ് എം ഇ കൾക്ക്  കേരളത്തില്‍ ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാകും. ഈ ഉറപ്പ് വ്യവസായ മന്ത്രി  മന്ത്രി പി. രാജീവിന്റേതാണ്. ബംഗളൂരുവില്‍  മുന്‍നിര നിക്ഷേപകരുമായി നടത്തിയ  ആശയവിനിമയത്തിലാണ് മന്ത്രിയുടെ ഉറപ്പ്. എങ്ങിനെ കേരളം വ്യവസായ വികസനത്തിൽ  മുന്നിലെത്തിയെന്നും പി രാജീവ് സംരംഭകർക്ക്‌ മുന്നിൽ വിവരിച്ചു.



 ഒരു മിനിറ്റ് കൊണ്ട് എംഎസ്എംഇകള്‍ക്ക് സംരംഭം തുടങ്ങാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ  മന്ത്രി പി. രാജീവ് വ്യക്തമാക്കി. മറിച്ചുള്ള ധാരണകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ  സഹകരണത്തോടെ കേരള സ്റ്റേറ്റ് ഇന്‍സ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച റോഡ് ഷോയില്‍ മുന്‍നിര നിക്ഷേപകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയ്റോസ്പേസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, പ്രതിരോധം, റോബോട്ടിക്സ്, ബയോടെക്നോളജി, ഇലക്ട്രിക് വാഹനങ്ങള്‍, ഭക്ഷ്യ സംസ്കരണം, വിവര സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം ബിസിനസ്, ഗവേഷണവും വികസനവും, കപ്പല്‍ നിര്‍മ്മാണം, മാലിന്യ സംസ്കരണം, മെഡിക്കല്‍ ഉപകരണങ്ങള്‍, പാക്കേജിംഗ്, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരള വ്യവസായ റോഡ് ഷോയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്

വ്യവസായങ്ങള്‍ ആരംഭിക്കുന്നതില്‍ ഏറ്റവും അനുയോജ്യ സംസ്ഥാനമായി കേരളത്തിന് മാറാന്‍ സാധിച്ചതിനെപ്പറ്റി മന്ത്രി വിശദീകരിച്ചു. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്നത് ശ്രദ്ധേയമാണ്. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ കേരളം 28-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ പുതിയ വ്യവസായ നയവും പരിഷ്കാരങ്ങളും നടപ്പാക്കിയതിലൂടെ സംസ്ഥാനത്തിന് ഒന്നാം സ്ഥാനത്ത് എത്താനായെന്നും മന്ത്രി പറഞ്ഞു.

സാധ്യതകളെയും വെല്ലുവിളികളെയും കോര്‍ത്തിണക്കിയുള്ള പുതിയ വ്യവസായ നയം സംസ്ഥാനം ആവിഷ്കരിച്ചു. മനുഷ്യര്‍ക്കും പ്രകൃതിക്കും പ്രഥമ പരിഗണന നല്‍കുന്ന പ്രകൃതി, മനുഷ്യര്‍, വ്യവസായം എന്നതാണ് അതിന്‍റെ കാതല്‍. എഐ, ബ്ലോക്ക് ചെയിന്‍ ടെക്നോളജി, ബിഗ് ഡാറ്റ അനാലിസിസ്, മെഷീന്‍ ലേണിംഗ്, ബഹിരാകാശം, പ്രതിരോധം, ഐടി തുടങ്ങി 22 മുന്‍ഗണനാ മേഖലകളിലെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ വകുപ്പുകള്‍ ഒരു വ്യവസായിക സ്ഥാപനത്തില്‍ നടത്തേണ്ട നിയമാനുസൃതമായ പരിശോധനകള്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിന്‍റെ സഹായത്തോടെ ക്രമീകരിക്കുന്നതിനുള്ള കേരള സെന്‍ട്രലൈസ്ഡ് ഇന്‍സ്പെക്ഷന്‍ സിസ്റ്റം KCIS സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി പരിശോധനകള്‍ നടത്തപ്പെട്ട സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ പബ്ലിക് ഡൊമെയ്നില്‍ പ്രസിദ്ധീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. രണ്ടര വര്‍ഷം കൊണ്ട് കേരളത്തില്‍ 2,90,000 എംഎസ്എംഇകള്‍ സ്ഥാപിക്കാനായി. 18,000 കോടിയിലധികം പുതിയ നിക്ഷേപവും വന്നു. ഈ സംരംഭകരില്‍ 92,000 പേര്‍ വനിതകളും 30 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്‌.

എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക് രൂപീകരിച്ചിട്ടുണ്ട്. സംരംഭകര്‍ നേരിടുന്ന ബിസിനസ് പ്രയാസങ്ങള്‍ക്ക് ക്ലിനിക്കിലെ വിദഗ്ധരില്‍ നിന്ന് ഉപദേശം നേടാനാകും. എംഎസ്എംഇകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍റെ 50 ശതമാനം സര്‍ക്കാര്‍ അടയ്ക്കുന്ന ഇന്‍ഷുറന്‍സ് സ്കീം നല്‍കുന്നത് ഉള്‍പ്പെടെ പുതിയ നിക്ഷേപകര്‍ക്ക് പിന്തുണ നല്‍കുന്ന നിരവധി സ്കീമുകള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐസിഎഐ) ജിഎസ്ടി റിട്ടേണുകളും ഫിനാല്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുന്നതിന് ആദ്യ വര്‍ഷം സൗജന്യ സേവനം നല്‍കുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ റേഷന്‍ കടകളുമായി ബന്ധിപ്പിച്ചിട്ടുള്ള കെ-സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊതുവിതരണ മന്ത്രാലയവുമായി ധാരണാപത്രം ഉണ്ടാക്കാന്‍ സാധിച്ചു. എട്ട് മാസത്തിനുള്ളില്‍ 9 കോടി എംഎസ്എംഇ ഉത്പന്നങ്ങള്‍ കെ-സ്റ്റോറുകള്‍ വഴി വിറ്റഴിച്ചു.



കേരളത്തിലെ സര്‍വകലാശാലകളും വിദ്യാഭ്യാസ രീതികളും സാങ്കേതിക മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്. കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ പോലെയുള്ള നവീനാശയങ്ങളിലൂടെ വിദ്യാഭ്യാസത്തിനിടെ തന്നെ പണം നേടുന്നതിനും ഇന്‍റേണ്‍ഷിപ്പും തൊഴില്‍ നൈപുണ്യവും നേടുന്നതിനും സാധിക്കും. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴില്‍ശക്തി രൂപപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചുള്ള നൂതനമായ വിദ്യാഭ്യാസ ആശയങ്ങളുടെ പ്രതിഫലനമാണിത്. പ്രതിരോധ, എയ്റോസ്പേസ് മേഖലകളിലെ സംസ്ഥാനത്തിന്‍റെ മികച്ച നയങ്ങളും മികവാര്‍ന്ന അടിസ്ഥാന സൗകര്യങ്ങളും ഈ മേഖലയില്‍ കേരളത്തെ രാജ്യത്തിന്‍റെ മുന്‍നിരയില്‍ എത്തിച്ചതായി മന്ത്രി  സംരംഭകർക്ക്‌ മുന്നിൽ ചൂണ്ടിക്കാട്ടി.

അടുത്തവര്‍ഷം ആദ്യത്തോടെ കൊച്ചിയില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് ഷോകളുടെ ഭാഗമായാണ് ബംഗളൂരുവില്‍ ചടങ്ങ് സംഘടിപ്പിച്ചത്.
 ചെന്നൈ റോഡ്ഷോ ആയിരുന്നു ഈ ഗണത്തിൽ ആദ്യത്തേത്. ഇനി ബോംബെയിലും ഡൽഹിയിലും വിവിധ രാജ്യങ്ങളിലും റോഡ്ഷോകൾ സംഘടിപ്പിക്കും.

Kerala’s MSMEs can start business ventures in a minute, as explained by Industries Minister P. Rajeev. At a Bengaluru roadshow, he highlighted Kerala’s rise in industrial development, supportive policies, and the MSME sector’s rapid growth with over 2.9 lakh ventures established in just two years.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version