കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള തിരിച്ചടികളിൽ നിന്നു കേരള ടൂറിസം വൻ തിരിച്ചുവരവാണു നടത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷം 2.18 കോടി ആഭ്യന്തര സഞ്ചാരികളാണു കേരളം സന്ദർശിച്ചത്. 15.92 ശതമാനം വർധന. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 6.49 ലക്ഷമായി. 87.83 ശതമാനം വർധന. 2022 ൽ 35,168.42 കോടി രൂപയായിരുന്ന ടൂറിസം വരുമാനം കഴിഞ്ഞ വർഷം 43,621.22 കോടിയായെന്നും അദ്ദേഹം പറഞ്ഞു.
കേരള ട്രാവൽ മാർട്ടിന്റെ 12 –ാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ വെൽനെസ് ടൂറിസം ഹബ്ബായി മാറ്റാൻ ആരോഗ്യ, ടൂറിസം വകുപ്പുകൾ ചേർന്നു നടപടികൾ സ്വീകരിക്കും. പരിചരണ സമ്പദ്വ്യവസ്ഥയെന്ന ആശയമാണു സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. വിശ്രമ ജീവിതത്തിനും വയോജന പരിചരണത്തിനുമുള്ള സൗകര്യങ്ങൾ വികസിപ്പിച്ച് അത്തരമൊരു കേന്ദ്രമാകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
എക്സ്പീരിയൻസ് ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ പുതിയ സാധ്യതകൾ കേരളം ഉപയോഗപ്പെടുത്തണം. ടൂറിസത്തിൽ പുതിയ നിക്ഷേപങ്ങളും പുതിയ ആശയങ്ങളും വരണം. അതിനു സർക്കാർ പിന്തുണ നൽകും. വയനാട് ടൂറിസത്തിന്റെ തിരിച്ചുവരവിനായി സർക്കാർ നടപടികളെടുക്കും. അവിടെ, മേപ്പാടിയിലും സമീപപ്രദേശത്തും മാത്രമാണു ദുരന്തമുണ്ടായതെങ്കിലും വയനാട്ടിൽ മൊത്തം പ്രശ്നമാണെന്ന രീതിയിൽ പ്രചാരണം നടന്നു. കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ച ടൂറിസം മിഷൻ 2030 വഴി സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ടൂറിസം വിഹിതം 12 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയിലെ പുതിയ സംരംഭങ്ങൾക്കായി ഇൻക്യുബേഷൻ ആൻഡ് ഇന്നവേഷൻ സെന്റർ ആരംഭിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സംരംഭക താൽപര്യമുള്ള യുവാക്കൾക്കും വിദ്യാർഥികൾക്കുമെല്ലാം അവിടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഏറ്റവും മുൻഗണന നൽകുന്ന മേഖലയാണു ടൂറിസമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ടൂറിസം മേഖലയ്ക്കു നൽകിയ സംഭാവനകളുടെ പേരിൽ മുൻ ചീഫ് സെക്രട്ടറി വി.വേണുവിനെ ആദരിച്ചു. സെല്ലേഴ്സ് ഡയറക്ടറി ഹൈബി ഈഡൻ എംപി പ്രകാശനം ചെയ്തു. എംഎൽഎമാരായ കെ.ബാബു, ടി.ജെ.വിനോദ്, കെ.ജെ.മാക്സി, കൊച്ചി മേയർ എം.അനിൽകുമാർ, കെടിഡിസി ചെയർമാൻ പി.കെ.ശശി, ടൂറിസം സെക്രട്ടറി കെ.ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ, എറണാകുളം കലക്ടർ എൻ.എസ്.കെ.ഉമേഷ്, കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്.സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.
കെടിഎം സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമാരെ ആദരിച്ചു. വില്ലിങ്ഡൻ ഐലൻഡിലെ സാഗര – സാമുദ്രിക കൺവൻഷൻ സെന്ററിൽ ഇന്നു തുടങ്ങുന്ന ട്രാവൽ മാർട്ട് 29 നു സമാപിക്കും. ബയർ – സെല്ലർ കൂടിക്കാഴ്ചകളും സെമിനാറുകളും നടക്കും. ആദ്യ രണ്ടു ദിവസവും പാസ് മൂലമാണു പ്രവേശനം. 29 നു പൊതുജനങ്ങൾക്കു സൗജന്യമായി മാർട്ട് സന്ദർശിക്കാം.
Kerala tourism is experiencing a significant resurgence, with a notable increase in domestic and foreign tourists, as Chief Minister Pinarayi Vijayan highlights plans to develop wellness tourism and boost the state’s economy through tourism initiatives.