കേരളത്തിലെ ജലാശയങ്ങളേയും വിമാനത്താവളങ്ങളേയും ബന്ധിപ്പിക്കുന്ന സീപ്ലെയിൻ പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ സാരഥ്യത്തിൽ തുടക്കമായിരിക്കുകയാണ്. എന്നാൽ സമാനരീതിയിൽ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കുമിടയിൽ ആംഫിബിയസ് ഫ്ലോട്ട് പ്ലെയിൻ-ഹെലികോപ്റ്റർ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള കെഎസ്ഇബിയുടെ നീക്കം എങ്ങുമെത്തിയില്ല. കെഎസ്ഇബി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബി. അശോകിൻ്റെ കാലത്ത് വ്യോമയാന സേവന ദാതാക്കളുമായി ചർച്ച നടന്നെങ്കിലും അവ പാതിവഴിയിൽ നിന്നു.
ആംഫിബിയസ് വിമാനം ഉപയോഗിച്ച് ഉൾനാടൻ ഗതാഗത സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ ശ്രമത്തിന്റെ ഭാഗമായാണ് മുൻപ് 17 സീറ്റുകളുള്ള സീപ്ലെയിൻ ട്രയൽ റൺ നടത്താൻ കെഎസ്ഇബി ശ്രമം നടത്തിയത്. എന്നാൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം പദ്ധതി നടപ്പാക്കേണ്ടത് കെഎസ്ഇബിയല്ല സംസ്ഥാന സർക്കാരാണെന്ന വാദം ഉന്നയിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് പദ്ധതി നിലച്ചത്. കെഎസ്ഇബിയുടെ ജലവിമാന പദ്ധതി ചുരുക്കം ഉപഭോക്താക്കൾക്ക് മാത്രമേ പ്രയോജനപ്പെടൂ എന്നതിനാലാണ് അന്ന് പദ്ധതിയുമായി മുന്നോട്ട് പോകാതിരുന്നത്.
ഡാമുകൾക്കും റിസർവോയറുകൾക്കുമിടയിൽ ജലവിമാന-ഹെലികോപ്ടർ സർവീസ് നടത്താനുള്ള കെഎസ്ഇബിയുടെ പദ്ധതിക്കായി 2022 ഏപ്രിലിൽ പ്രാരംഭ ചർച്ചകൾ നടന്നിരുന്നു. ആദ്യ ഘട്ടത്തിൽ വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ട്, ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാം എന്നിവ കേന്ദ്രീകരിച്ച് സർവീസ് നടത്താനായിരുന്നു പദ്ധതി. ഇപ്പോൾ ടൂറിസം ഡിപാർട്മെന്റിന്റെ കീഴിൽ പദ്ധതി യാഥാർത്ഥ്യമായപ്പോഴും മാട്ടുപ്പെട്ടി ഡാമിലായിരുന്നു ലാൻഡിങ്.
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിൻ സർവീസ് കഴിഞ്ഞയാഴ്ചയാണ് ആരംഭിച്ചത്. റൺവേയ്ക്ക് പകരം ജലത്തിലൂടെ ടേക്ക് ഓഫ് നടത്തി ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകൾ. കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജ്യണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസ് ആണ് സംസ്ഥാനത്ത് ആരംഭിച്ചത്.
കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിനായുള്ള പദ്ധതിയിൽ ‘ഡിഹാവ്ലാൻഡ് കാനഡ’ എന്ന സീപ്ലെയിൻ ആണ് ഉപയോഗിക്കുന്നത്. തീരദേശ, മലയോര ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിൻ സർവീസുകളിലൂടെ സാധിക്കും.
Kerala’s tourism department has launched a seaplane service to connect water bodies and airports, while KSEB’s attempt to operate amphibious aircraft has stalled.