കൊച്ചി ഇൻഫോപാർക്കിൽ നൂതന ഡിജിറ്റൽ ടെക്നോളജി സെന്റർ (ഡിടിസി) തുറന്ന് യുഎസ് ബഹുരാഷ്ട്ര കമ്പനി എൻഒവി (NOV). വിദഗ്ധ ജീവനക്കാരുടെ ശക്തമായ അടിത്തറ തയ്യാറാക്കി ആഗോള വളർച്ച ശക്തിപ്പെടുത്താനാണ് ഡിടിസിയിലൂടെ എൻഒവി ലക്ഷ്യമിടുന്നത്. സേവന മികവ്, നവീനത, ആഗോളതലത്തിലുള്ള വളർച്ച എന്നിവയിൽ ഊന്നിയാകും ടെക് സെന്റർ പ്രവർത്തിക്കുക. സോഫ്ട്വെയർ എൻജിനീയറിങ് യൂണിറ്റ്, കോർപറേറ്റ് ഡിജിറ്റൽ സേവനങ്ങൾ, കസ്റ്റർമർ സപ്പോർട്ട് ഹബ്ബ് എന്നിവയും ഉൾപ്പെടുന്നതാണ് ഡിജിറ്റൽ ടെക്നോളജി സെന്റർ.
ആഗോള ഊർജ രംഗത്ത് നൂറ്റിയമ്പതിലേറെ വർഷത്തെ പാരമ്പര്യമുള്ള അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് എൻഒവി. ലോകമെമ്പാടും 34000
പ്രൊഫഷനൽ ജീവനക്കാരണ് കമ്പനിക്കുള്ളത്. നിലവിൽ എൻഒവിക്ക് പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ നിർമാണശാലകളുണ്ട്. ഇൻഫോപാർക്കിൽ നൂതന ഡിജിറ്റൽ ടെക്നോളജി സെന്ററിൽ 70 ജീവനക്കാരാണ് എൻഒവിക്ക് ഉള്ളത്. അടുത്ത വർഷം ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കാനാണ് കമ്പനി തീരുമാനം.
ഏറ്റവും പ്രധാന ടയർ 2 സിറ്റി എന്ന നിലയ്ക്കാണ് എൻഒവി കൊച്ചിയെ ഡിജിറ്റൽ ടെക് സെന്റിനായി തിരഞ്ഞെടുത്തത്. ടാലന്റ് പൂളിന്റെ കാര്യത്തിലും കൊച്ചി മികച്ച് നിൽക്കുന്നതായും എൻഒവി പ്രതിനിധി പറഞ്ഞു. ഇൻഫോപാർക്കിന്റേയും സർക്കാറിന്റേയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും പ്രധാന ഘടകമായെന്ന് അദ്ദേഹം പറഞ്ഞു. അര മില്യൺ ഡോളറാണ് കൊച്ചിയിൽ എൻഒവി ഇതു വരെ ന്ക്ഷേപിച്ചത്. ഭാവിയിൽ പത്ത് മില്യൺ ഡോളർ നിക്ഷേപിക്കാനാണ് പദ്ധതി.
ലുലു സൈബർ ടവർ രണ്ടിൽ 17000 ചതുരശ്രയടി വിസ്തൃതിയിൽ തയ്യാറാക്കിയ പുതിയ ഓഫീസ് ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു.
NOV opens its advanced Digital Technology Center at Kochi Infopark, focusing on service excellence, innovation, and global growth. The center aims to double its workforce next year.