അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ (Blackstone) പിന്തുണയുള്ള ക്വാളിറ്റി കെയർ ഹോസ്പിറ്റൽസുമായി ലയനം പ്രഖ്യാപിച്ച് മലയാളിയായ ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആശുപത്രി ശൃംഖല ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ (Aster DM Quality Care) എന്നായിരിക്കും ലയനനാനന്തരം ആശുപത്രികളുടെ പേര്. ആസ്റ്റർ ഡിഎം, കെയർ ഹോസ്പിറ്റലുകൾ, കിംസ് ഹെൽത്ത്, എവർ കെയർ എന്നിവയാണ് ഇതിനു കീഴിൽ വരിക. ലയനശേഷം ഡോ. ആസാദ് മൂപ്പൻ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന്റെ എക്സിക്യൂട്ടിവ് ചെയർമാനാകും. പുതിയ ആശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി മാറുമന്നും അധികൃതർ അറിയിച്ചു.
നിലവിൽ കേരളത്തിലെ കിംസ് ആശുപത്രികൾ ക്വാളിറ്റി കെയറിനു കീഴിലാണ്. ഷെയർ സ്വാപ്പിങ് വഴിയാണ് ആസ്റ്റർ-കെയർ ലയനം. യുഎസ് കമ്പനി ബ്ലാക്സ്റ്റോണിന് ഇപ്പോൾ ക്വാളിറ്റി കെയറിൽ 73 ശതമാനം ഓഹരിയുണ്ട്. ലയനത്തിനു ശേഷം ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന് 27നഗരങ്ങളിൽ 38 ആശുപത്രികളുണ്ടാകും. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ആശുപത്രികളുടെ ആസ്ഥാനം തെലങ്കാനയിലായിരിക്കും.
ഹെൽത്ത്‌കെയർ മേഖലയിലെ മുഖ്യ കമ്പനികളിലൊന്നാണ് ബ്ലാക്ക് സ്റ്റോൺ പിന്തുണയ്ക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ക്വാളിറ്റി കെയർ ഹോസ്പിറ്റലുകൾ. ആസ്റ്റർ ആകട്ടെ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും വേരുകളുള്ള ആശുപത്രി ശൃംഖലയാണ്.
ഇന്ത്യയിൽ ആസ്റ്ററിന് കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 19 ആശുപത്രികളും 250ഓളം ഫാർമസികളും ഉണ്ട്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, കോട്ടക്കൽ, കണ്ണൂർ, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഇപ്പോൾ ആസ്റ്റർ ആശുപത്രികൾ ഉള്ളത്.
Aster DM Healthcare has announced a merger with Quality Care Hospitals, creating Aster DM Quality Care, one of India’s top three hospital chains. Led by Dr. Azad Moopen, the chain will have 38 hospitals across 27 cities and its headquarters in Telangana.