ഇന്ത്യൻ സ്പേസ് ടെക്നോളജിയിൽ പാകിസ്ഥന് അസൂയ, രാജകീയപ്രൗഢിയിൽ ഇന്ത്യ കളത്തിൽ! Success of ISRO

വിജയം ഉണ്ടാകുമ്പോൽ അതിന്റെ ക്രെഡിറ്റ് അദ്ദേഹം ടീമിന് നൽകും , പരാജയപ്പെടുന്ന പ്രൊജക്റ്റുകളുടെ ഉത്തരവാദിത്വം മുന്നിൽ നിന്ന് സ്വയം ഏൽക്കും … ടീം വർക്കുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും ഇൻസ്പയറിംഗായ ഈ വാക്കുകൾ പലരും കേട്ടിരിക്കും. സാക്ഷാൽ അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം  (Avul Pakir Jainulabdeen Abdul Kalam) എന്ന എപിജെ അബ്ദുൾകലാം സർ പറഞ്ഞ വാക്കുകൾ! അദ്ദേഹം അത് പറഞ്ഞത് ഇന്ത്യൻ ശാസ്ത്ര സാങ്കേതികതയുടെ കുലഗുരുവായ സതീഷ് ധവാനെക്കുറിച്ചും.

ഡിസംബർ 5, അതായത് കഴിഞ്ഞദിവസം, ISRO -യുടെ റോക്കറ്റിൽ കയറി ആകാശത്തേക്ക് കുതിച്ചത് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ രണ്ട് സാറ്റലൈറ്റുകൾ, അതും സായിപ്പിന്റെ പ്രസ്റ്റീജ്യസ് സോളാർ പ്രൊജക്റ്റായ കൊറോണ പര്യവേഷണം. നാൽപ്പത്തിനാലര മീറ്റർ നീളമുളള റോക്കറ്റ് 18 മിനുറ്റ് കൊണ്ട് മിഷൻ പൂർത്തിയാക്കുന്നു. ഐഎസ്ആർഒ-യിലെ ശാസ്ത്രജ്ഞർ എഴുനേറ്റ് നിന്ന് കയ്യടിക്കുമ്പോ, അത് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ച 430-ാമത് ഫോറിൻ സാറ്റലൈറ്റായി മാറി. ഇതാണ് ഇന്ത്യ! ബഹിരാകാശത്തോളം വളർന്ന ഇന്ത്യൻ സ്പേസ് ടെക്നോളജിയുടെ ഏറ്റവും അഭിമാനാർഹമായ കാലത്തുകൂടെ കടന്നുപോകുന്ന ഇന്ത്യയുടെ സ്വന്തം ISRO. ലോകത്ത് പകരം വെയ്ക്കാനില്ലാത്ത സ്പേസിലാണ് ഐഎസ്ആർഒ ഇന്ന് നിൽക്കുന്നത്. അത് അറിയണമെങ്കിൽ ആ സ്ഥാപനം കടന്നുവന്ന വഴി അറിയണം, അതിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്‍ഞരും മറ്റുദ്യോഗസ്ഥരും അനുഭവിച്ച പിരിമുറുക്കം അറിയണം.

പട്ടിണി രാജ്യമായ ഇന്ത്യ എന്തിന് ആകാശത്തേക്ക് റോക്കറ്റ് വിട്ട് കോടികൾ തുലയ്ക്കുന്നു, ആ പണം ഇവിടുത്തെ പാവങ്ങൾക്ക് കൊടുത്തുകൂടെ എന്ന പിന്തിരിപ്പൻ ചോദ്യം ഉയർന്ന ഒരു കാലം ഉണ്ടായിരുന്നു. അരപ്പട്ടിണിക്കാരന്റെ പണം എടുത്ത് ആകാശസ്വപ്നങ്ങൾക്ക് ധൂർത്തടിക്കുന്ന അവസരവാദികൾ എന്ന വിളികേട്ട ഒരുകാലം. അത്തരം കുത്തുവാക്കുകൾക്കിടയിലും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും പരിമിതികളിൽക്കും ഇടയിൽ ഞെരുങ്ങിനിന്ന് ആകാശ സ്വപ്നങ്ങൾക്ക് തീപിടിപ്പിച്ച ഇന്ത്യൻ സ്പേസ് ഏജൻസി ഐ എസ് ആർ ഒ. അതേ ഐഎസ്ആർഒ-യുടെ ഇന്നത്തെ സ്ഥാനം എവിടെയെന്ന് അറിയുമോ? ആകാശത്തെ തിളങ്ങുന്ന താരകങ്ങൾക്ക് ഇടയിലാണ്, ലോകം ആദരിക്കുന്ന സ്പേസ് ഏജൻസിയായി ഐഎസ്ആർഒ വളർന്നത് ഒരുപിടി മനുഷ്യരുടെ അചഞ്ചലമായ ലക്ഷ്യബോധവും അനന്യമായ പ്രതിഭാവിലാസവും കൊണ്ടാണ്. ലഹരിപിടിപ്പിക്കുന്ന ആ കഥ ആരേയും അമ്പരപ്പിക്കും. കാരണം അത് തുടങ്ങുന്നത്, ഇങ്ങ് തിരുവനന്തപുരത്തെ തീരത്തു തീർത്ത താൽക്കാലിക ലോഞ്ച് തറയിലാണ്.

1963 നവംബർ 21, തിരുവനന്തപുരത്തെ കടലോര ഗ്രാമമായ തുമ്പയിൽ, ആ നാട്ടുകാരല്ലാത്ത കുറച്ചുപേർ ഒരു കൊച്ച് ഷെ‍ഡ്‍‍ഡിൽ ഗൗരവമേറയി പണിയിലാണ്. ഓലമേഞ്ഞ 500-ഓളം കുടിലുകളിൽ മത്സ്യതൊഴിലാളികൾ താമസിച്ചിരുന്ന തുമ്പ അതുവരെ യാതൊരു പ്രാധാന്യവുമില്ലാത്ത കടലോര ഗ്രാമം മാത്രമായിരുന്നു. അവിടുത്ത ഒരു പള്ളിയുടെ കെട്ടിടത്തിലാണ് മലയാളികളും അന്യദേശക്കാരുമായ കുറച്ചുപേർ പണിയിൽ വ്യാപൃതരായിരുന്നത്. നവംബർ 20-21 തീയതികളിൽ നീളമുള്ള അറ്റം കൂർത്ത പൈപ്പ് പോലൊരു ഉപകരണം സൈക്കിളിൽ വെച്ച് കെട്ടി തീരത്തോട് അടുപ്പിച്ചു. പിന്നെ അവിടെത്തന്നെ ഉണ്ടാക്കിയ ചെറിയ ഒരു ക്രെയിനിന്റെ സഹായത്തോടെ കുത്തനെ നാട്ടി നിർത്തി. നിമിഷങ്ങൾ എണ്ണിക്കഴിയുന്നു, അതിന്റെ മൂട്ടിൽ തീ പടർന്നു. തീ പിടിച്ച ആ പൈപ്പ് ആകാശത്തേക്ക് ഉയർന്ന് പൊങ്ങി, കണ്ടുനിന്ന് നാട്ടുകാർക്ക് കൂടുതലൊന്നും മനസ്സിലായില്ല, പക്ഷെ ഇന്ത്യ അതിന്റെ ആകാശ ദൗത്യം അവിടെ തുടങ്ങുകയായിരുന്നു. 207 കിലോമീറ്റർ അപ്പുറം ആകാശ ചക്രവാളത്തിലേക്ക് കുതിച്ച Nike-Apache എന്ന സൗണ്ടിംഗ് റോക്കറ്റായിരുന്നു അത്.

വാസ്തവത്തിൽ അത് അമേരിക്കയുടെ റോക്കറ്റായിരുന്നു. നമ്മൾ അസംബിൾ ചെയ്ത് പരീക്ഷിച്ചതാണ്. അന്ന് ഐഎസ്ആർഒ യാഥാർത്ഥ്യമായിട്ടില്ല. പിന്നേയും വിട്ടു രണ്ടെണ്ണം കൂടി. ടു-സ്റ്റേജ് റോക്കറായ സെന്റോർ (Centaure) ഫ്രാൻസിന്റെ സഹായത്തോടെയും, M-100 – റഷ്യയുടെ പിന്തുണയോടെയും.

സോവിയറ്റ് യൂണിയൻ പിന്നേയും സഹായം തുടർന്നു. 1975-ൽ നമ്മൾ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു, ആര്യഭട്ട, എല്ലാവർക്കും അറിയാവുന്ന കാര്യം. ആര്യഭട്ട നമ്മുടെ സയന്റിസ്റ്റുകളുടെ നിർമ്മാണ വൈദ്ഗ്ധ്യം ആയിരുന്നു, USSR-ൽ നിന്നാണ് വിക്ഷേപിച്ചതെങ്കിലും.  1980 ആയപ്പോഴേക്കും ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥങ്ങളിൽ എത്തിക്കാൻ കഴിയും വിധം നമ്മൾ ഉണ്ടാക്കിയ റോക്കറ്റുകൾ വിജയിച്ചു തുടങ്ങി. അവിടെ ലോകത്തെ ഏറ്റവും വിശ്വാസ്യ യോഗ്യമായ റിലയബിളായ റോക്കറ്റ് എഞ്ചിനീയറിംഗിന്റെ ഹരിശ്രീ കുറിക്കുകയായിരുന്നു, വിക്രം സാരാഭായിയുടേയും പ്രൊഫ സതീഷ് ധവാന്റേയും ശിഷ്യന്മാർ!. 1973 മുതൽ 1984 വരെ ഐഎസ്ആർഒ യെ നയിച്ച പ്രൊഫസർ സതീഷ് ധവാനാണ്, ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന്റെ ശിൽപി. ആ മനുഷ്യന്റെ ഏറ്റവും വലിയ  കണ്ടുപിടുത്തം പക്ഷെ റോക്കറ്റ് സയൻസായിരുന്നില്ല, എപിജെ അബ്ദുൾ കലാമായിരുന്നു.

1990-കളുടെ ആദ്യം, അമേരിക്കയുടേയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ഒളിഞ്ഞുള്ള തൊരപ്പൻ പരിപാടികളും തെളിഞ്ഞുള്ള കാലുവാരലും ഒക്കെ നടക്കുന്ന സമയം. ലിക്വിഡ് പ്രൊപ്പൽഷൻ ലോഞ്ചിംഗ് ടെക്നോളജി ISRO-യിലെ ചുണക്കുട്ടന്മാർ യാഥാർത്ഥ്യമാക്കി. അത് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന ലോകത്തെ ഏറ്റവും പ്രിസിഷൻ റോക്കറ്റുകളുടെ പിറവിക്ക് വഴികാട്ടിയായി. 97% റിലയബിലിറ്റി ഉള്ള റോക്കറ്റുകൾ. ഫോറിൻ രാജ്യങ്ങൾ അവരുടെ ഉപഗ്രഹങ്ങൾ ആകാശത്തേക്ക് ഉയർത്താൻ കാശുമായി കാത്തുനിൽക്കുന്നത് ഈ PSLV കണ്ടിട്ടാണ്. എന്തിന് ചക്രവാളങ്ങൾക്ക് മീതെ സ്വർണ്ണനിറമാർന്ന തീപ്പൊരിചീറ്റി കുതിച്ച ചന്ദ്രയാൻ, ചൊവ്വ പര്യവേഷണ പേടകം എന്നിവയെ ലക്ഷ്യത്തിലേക്ക് എത്താൻ സഹായിച്ചതും മാസ്റ്റർക്ലാസ് ഇനത്തിൽപെട്ട പിഎസ്എൽവി തന്നെ.

1972-ൽ ISRO രൂപീകരിക്കുമ്പോൾ ബജറ്റ് കേവലം 10 കോടി രൂപ മാത്രം. ഇസ്രോ രൂപീകരിക്കുമ്പോൾ, രാജ്യത്തിനകത്തും പുറത്തും പരിഹാസ ചിരിയായിരുന്നു. അമേരിക്ക ഔദാര്യമായി തരുന്ന ഭക്ഷണധാന്യങ്ങൾ കൊണ്ട് പട്ടിണി മാറ്റുന്ന ഇന്ത്യ റോക്കറ്റ് ഉണ്ടാക്കാനോ? സായിപ്പ് ഇത് പറഞ്ഞ ചിരിയോട് ചിരി! ആ പരിഹാസത്തിന് മുന്നിൽ സൗമ്യനായി നിന്ന ഒരു മനുഷ്യനുണ്ടായിരുന്നു, എപിജെ അബ്ദുൾകാലാമിനെ വരെ പ്രചോദിപ്പിച്ച, ആത്മിവിശ്വാസത്തിന്റെ ഒരു ഒന്നൊന്നര ആൾ രൂപം, വിക്രം സാരാഭായ്!

ഒരു പരാക്രമി. സാരാഭായി ഇന്ത്യയുടെ ആകാശ സ്വപ്നങ്ങൾളിൽ നിറമുള്ള സ്വപ്നങ്ങൾ കണ്ടപ്പോൾ, സതീഷ് ധവാൻ ആ നിറങ്ങളിൽ ചായം ചാലിച്ച മികച്ച എക്സിക്യൂട്ടറായി. ആ രണ്ടുപേരുടെ പ്രൊഡക്റ്റായിരുന്നു, എപിജെ അബ്ദുൾകാലം. ഇവരായിരുന്നു, ഈ രാജ്യത്തിന്റെ ആകാശദൗത്യങ്ങളുടെ ചുക്കാൻ പിടിക്കുന്ന ISRO-യെ രാഷ്ട്രീയ ഇടപെടലുകളേയും മറ്റും സമർദ്ദങ്ങളേയും അതിജീവിക്കാൻ തക്ക മാന്യതയും കുലീനതയും നൽകിയത്.

ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ, കാലാവസ്ഥാ പ്രവചനം എന്നിവയ്ക്കായി 1980-കളിൽ തുടങ്ങിയ ഇൻസാറ്റ് സീരീസ്, നമ്മുടെ നാടിന്റെ വളർച്ചയുടെ നട്ടെല്ലായിരുന്നു. വിജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പുനീരും ഒന്നിച്ചനുഭവിച്ച നാളുകളായിരുന്നു അത്. നമ്മളൊക്കെ അന്ന് പത്രത്തിലും ആകാശവാണിയിലും കേട്ടിരുന്ന റോക്കറ്റിന്റെ വിജയത്തിന്റേയും പരാജയത്തിന്റേയുമെല്ലാം വാർത്തകൾക്ക് ഒരുകൂട്ടം ആളുകളുടെ വിയർപ്പിന്റെ വിലയുണ്ടായിരുന്നു.  അവിടെനിന്ന് പിന്നെ എവിടേക്കാണ് ഇസ്രോ വളർന്നത്, 2008-ലെ ചന്ദ്രയാൻ -1, 2014-ൽ ചൊവ്വയെ പഠിക്കാൻ പോയ ആദ്യ ഏഷ്യൻ രാജ്യമായി ഇന്ത്യയെ മാറ്റിയ മംഗൾയാൻ, 2023- ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ തൊട്ട ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റിയ ചന്ദ്രയാൻ -3, 2023- സൂര്യനെ പഠിക്കാൻ വിട്ട ആദിത്യ എൽ-1… ആസൂയാവഹമായ വിജയപരമ്പരകൾ.

കഴിഞ്ഞദിവസം ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥുമായി സംസാരിക്കാൻ അവസരം കിട്ടി. ലാഭകരമായ ആകാശ സംരഭങ്ങളുടെ ആലോചനയിലാണ് ഇസ്രോ എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, വരും ദിവസങ്ങളി‍ൽ ലോകത്തെ എണ്ണംപറഞ്ഞ സ്പേസ് മിഷനുകളിൽ ഇന്ത്യ പങ്കാളിയാകും എന്നും ISRO കൂടുതൽ ആവേശഭരിതമായ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും അദ്ദേഹം പറയുന്നു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ, ചന്ദ്രയാൻ -4, ശുക്രയാൻ, ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ ഇങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷ്യം സ്വപ്നം കാണുകയാണ് ഐഎസ്ആർഒ. മറുവശത്ത് രാജ്യത്ത് വളർന്നുവരുന്ന സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് ഇസ്രോ വഴികാട്ടിയാകുന്നു. ഇന്ത്യയിലെ മികച്ച സ്പേസ് സ്റ്റാർട്ടപ്പായ അഗ്നികുൾ കേരളത്തിൽ ഓഫീസ് തുറക്കുന്നുവെന്ന അഭിമാനകരമായ വാർത്ത പങ്കുവെച്ചത് കെ.എസ്.യു.എം , CEO അനൂപ് അമ്പികയാണ്. അങ്ങനെ ഇന്ത്യയുടെ ആകാശപന്ഥാവിൽ കേരളവും ചില റോളുകൾ വഹിക്കുന്നു.

എന്താണ് ISRO-യെ ലോകത്തെ മറ്റ് സ്പേസ് ഏജൻസികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്? പദ്ധതികളിലെ മാനുഷിക മുഖം, ചിലവ് കുറഞ്ഞ വിക്ഷേപണങ്ങൾ, പ്രൊഫഷണൽ സയന്റിസ്റ്റുകളുടെ നീണ്ട നിര..ഒരു ഹോളിവുഡ് പടത്തിന്റെ കോസ്റ്റിനേക്കാൾ കുറഞ്ഞ ചിലവിൽ ബഹിരാകാശത്ത് അങ്ങേയറ്റം പ്രിസൈസായി സാറ്റലൈറ്റ് വിടാൻ പറ്റുമെന്ന സൂപ്പർ അഡ്വാന്റേജ്. മാത്രമോ? ഗ്രാമങ്ങളിലെ വനിതാ സ്വയം സഹായ സംഘങ്ങളെപ്പോലും സാങ്കേതിക സന്നാഹങ്ങൾ നിർമ്മിക്കുന്നതിൽ പങ്കാളിയാക്കാനുള്ള അതിശയകരമായ ഏകോപനം. ജിസാറ്റ്, ഇൻസാറ്റ്, എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റുകൾ, IRNSS നാവിഗേഷൻ സാറ്റലൈറ്റുകൾ, GSAT-7 ഉൾപ്പെടെയുള്ള മിലിറ്ററി സാറ്റലൈറ്റുകൾ അസാധാരണമായ മികവോടെ അങ്ങ് ആകാശത്ത് നിൽക്കുമ്പോൾ, ഓർക്കണം 10 കോടി ബജറ്റിൽ തുടങ്ങിയ ISRO ഇന്ന് 12,043 കോടിയുടെ ബജറ്റിലാണ് എത്തിനിൽക്കുന്നത്. മറ്റ് സ്പേസ് ഏജൻസികളെ താരമതമ്യം ചെയ്യുമ്പോൾ തുലോം തുശ്ചം.

അടുത്ത ഏതാനും വർഷങ്ങളിൽ ലോകത്ത് 20,000-ഓളം പുതിയ സാറ്റലൈറ്റുകൾ വിക്ഷേപണത്തിന് ഒരുങ്ങുന്നു. 55,000 കോടി ഡോളറിന്റെ
ആ ആകാശ ബിസിനസ്സിൽ മുണ്ട് എടുത്ത് കുത്തി, രാജകീയപ്രൗഢിയിലാണ് ഇന്ന് ഇന്ത്യ കളത്തിലിറങ്ങി നിൽക്കുന്നത്.  നട്ടെല്ലുള്ളവന്റെ ചങ്കൂറ്റമാണിത്. അതറിയണമെങ്കിൽ, നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ നമ്മുടെ അയൽക്കാരനെ നോക്കിയാൽ മതി. 1920-കളിൽ വിഭജനത്തിന് മുമ്പുള്ള ഇന്ത്യ. ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന്റെ മുടിചൂടാമന്നനായിരുന്ന സതീഷ് ധവാൻ ലാഹോറിയാണ് പഠിച്ചത്. അന്ന് സാസ്ക്കാരികവും ബൗദ്ധികവും ശാസ്ത്രബോധത്തിലും ലാഹോർ പേരുകേട്ട നഗരമായിരുന്നു. 1947-ൽ ഇന്ത്യയും പാകിസ്താനും സ്വതന്ത്രരായി. 1960-കളിൽ സ്പേസ് പ്രോഗ്രാമിൽ മുന്നേറ്റത്തിന് ചൈനയുടെ സഹായത്തോടെ പാകിസ്താൻ ശ്രമിച്ചു. ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു. ഇന്ത്യ ഒരു റോക്കറ്റ് വിക്ഷേപിക്കും മുമ്പ് പാകിസ്താൻ റോക്കറ്റ് വിക്ഷേപിച്ചു, 1962-ൽ. അമേരിക്കയുടെ സഹായത്തോടെയാണ് റോക്കറ്റ് നിർമ്മിച്ചതും വിട്ടതും. പാകിസ്താന്റെ ആവേശം പക്ഷെ അവിടെ നിന്നു. പിന്നേയും 5 വർഷമെടുത്തെങ്കിലും ഇന്ത്യ 1967-ൽ രോഹിണി വിക്ഷേപിക്കുമ്പോൾ അത് ഏറെക്കുറെ ഇന്ത്യ സ്വന്തമായി നിർമ്മിച്ച റോക്കറ്റും സാറ്റലൈറ്റുമായിരുന്നു. 1980-കളായപ്പോഴേക്ക് ആഭ്യന്തരമായി റോക്കറ്റ് ഉണ്ടാക്കി സ്വന്തം വിക്ഷേപണത്തറയിൽ നിന്ന് വിജയകരമായി വിക്ഷേപിക്കാൻ പാകത്തിന് ഇന്ത്യ വളർന്നിരുന്നു, കാരണം ഇസ്രോയ്ക്ക് കൃത്യമയായ ലക്ഷ്യമുണ്ടായിരുന്നു. ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് സഹിക്കനാകാത്ത ഒരുകൂട്ടം സയന്റിസ്റ്റുകൾ!
ഇന്ത്യ 1980-കളിലെവിടെയോ, അവിടെയാണ് ഇന്ന് പാകിസ്താന്റെ ബഹിരാകാശ പദ്ധതി നിൽക്കുന്നത്. ഇന്ത്യൻ സ്പേസ് ഏജൻസി വിദേശ സാറ്റലൈറ്റുകൾ ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിക്കുമ്പോ, ചന്ദ്രനേയും ചൊവ്വയേയും ലക്ഷ്യമാക്കി നമ്മുടെ ദൗത്യങ്ങൾ കുതിക്കുമ്പോ, കേവലം ചൈനയുടെ ദയകാത്തിരിക്കുകയാണ് പാക്സ്താൻ.

സ്വന്തമായി നൂറിലധികം സ്റ്റലൈറ്റുകൾ ബഹിരാകാശത്ത് എത്തിച്ചു, വിദേശ രാജ്യങ്ങളുടെ 430-ഓളം ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു. ഒന്നിലധികം ഉപഗ്രഹങ്ങൾ ഒറ്റവിക്ഷേപണത്തിൽ നിശ്ചിത വ്യത്യസ്ത ഭ്രമണപഥത്തിൽ പൊസിഷൻ ചെയ്യിക്കുക ISRO-യ്ക്ക് ഹരമായിരിക്കുന്നു. 2017-ൽ പിഎസ്എൽവി എന്ന വിശ്വസ്തനെ ഉപയോഗിച്ച് ഒറ്റ വിക്ഷേപണത്തിൽ 104 സാറ്റലൈറ്റുകൾ വിക്ഷേപിച്ചത് ലോകത്ത് തന്നെ ആദ്യ സംഭവമായി. ഈ എണ്ണംപറഞ്ഞുള്ള വിക്ഷേപണങ്ങൾക്കിടയിൽ നമ്മുടെ അയൽക്കാരൻ എത്ര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചെന്നോ, വെറും 8 എണ്ണം! അതും ചൈനീസ് റോക്കറ്റിൽ, ചൈനയിലെ വിക്ഷേപണത്തറയിൽ നിന്ന്.

ആരേയും കുറ്റപ്പെടുത്തിയതോ ഇകഴ്ത്തിയതോ അല്ല. അപക്വമായ രാഷ്ട്രീയ ഇടപെടലിൽ എങ്ങനെയാണ് വലിയ സ്വപ്നങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട ഒരു ഏജൻസിക്ക് ആത്മാവ് നഷ്ടപ്പെടുന്നത് എന്നറിയാൻ പറഞ്ഞതാണ്. 1980-കളിലും 90-കളിലും തീഷ്ണമായ വിജയദാഹവും അസാധ്യമായ പ്രൊഫഷണലിസവും ഉൾക്കടമായ ശാസ്ത്രഔന്നത്യവും കൊണ്ട് ഐഎസ്ആർഒ-യിലെ നമ്മുടെ പ്രിയപ്പെട്ട ശാസ്ത്രകാരന്മാർ എസ്എൽവിയും പിഎസ്എൽവിയും ജിഎസ്എൽവിയുമൊക്കെ നിർമ്മിച്ചെടുത്തു. ആ റോക്കറ്റുകളിൽ ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിലെ ജീവിതങ്ങളെ കൈപിടിച്ചുയർത്താനുള്ള വിപ്ലവകരമായ SITE അഥവാ സാറ്റലൈറ്റ് ഇൻസ്ട്രക്ഷണൽ ടെലിവിഷൻ എക്സ്പിരിമെന്റ് പോലുള്ള പദ്ധതികളും, ടെലിവിഷൻ സംപ്രേഷണവും, മൊബൈൽ ഫോൺ വിപ്ലവവും നടത്തിയപ്പോൾ, ഇന്ത്യയിലേക്ക് മിസൈലും റോക്കറ്റ് ലോഞ്ചറുകളും ഉണ്ടാക്കി നിർവൃതി അടയുകയായിരുന്നു പാകിസ്താന്റെ ആകാശ പദ്ധതികൾ. ഇന്ത്യ വികസനവും,  വിശാലമായ വീക്ഷണവും ലക്ഷ്യമിട്ടപ്പോൾ, അപ്പുറത്തുള്ളവർ വികലവും വിനാശകരവുമായ വികാരത്തിനടിമകളായി. കഴിഞ്ഞ 30 വർഷങ്ങളിൽ ഇന്ത്യയുടെ ലക്ഷ്യം എന്തായിരുന്നു, പാകിസ്താൻ എന്തായിരുന്നു എന്ന് അറിയണമെങ്കിൽ ദാ, രണ്ടുരാജ്യങ്ങളുടേയും സ്പേസ് ഏജൻസികളെ ഒന്ന് താരതമ്യം ചെയ്താൽ മതി. പാകിസ്താന്റെ എന്നല്ല, വികസിത രാജ്യങ്ങളുടെ പോലും സ്പേസ് ഏജൻസികളുമായി താരതമ്യം ഇല്ലാത്തവിധം ISRO വിജയത്തിന്റെ ഉന്നതിയിൽ നിൽക്കുകയാണ്. അതിന്കാരണം നേരത്തെ പറഞ്ഞ ലക്ഷ്യത്തിലെ ക്ലാരിറ്റി കൊണ്ടും ലക്ഷണമൊത്ത നേതൃത്വം കൊണ്ടുമാണ്. ISRO ഇവ്വിധം തെളിമയാർന്ന, തേജോമയമായ തങ്ക-താരാപഥ സ്വപ്നങ്ങൾ തളിർപ്പിച്ച 80-കളിലും 90-കളിലും ആരാണ് ആ ഏജൻസിയുടെ ആത്മാവായി മുന്നിൽ നിന്നത്, വേറെ ആര് അതികായനായ സാക്ഷാൽ എപിജെ അബ്ദുൾ കലാം! പിന്നെ ISRO ഇതുപോലെ ആരാലും ആസൂയപ്പെടുന്ന സ്പേസ് ഏജൻസി ആയില്ലെങ്കിലെല്ലേ അത്ഭുതമുള്ളൂ! 

Explore ISRO’s inspiring journey from its humble beginnings in Thumba to becoming a global leader in space technology. Discover its milestones, challenges, and future goals.

Share.
Leave A Reply

Exit mobile version