ടെസ്‌ല ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടിന്റെ (Tesla Optimus humanoid robot) വികസന വിശേഷവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് (Elon Musk). റോബോട്ട് പോപ്‌കോൺ എടുത്തുനൽകുന്ന വീഡിയോയാണ് മസ്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൗതുകം നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
ടെസ്‌ല ഡൈനറിൽ പോപ്‌കോൺ വിളമ്പുന്ന ഒപ്റ്റിമസ് റോബോട്ടിന്റെ വീഡിയോയാണ് മസ്‌ക് പങ്കുവെച്ചത്. പോപ്‌കോൺ നൽകുന്നത് ചെറിയ കാര്യമായി തോന്നാമെങ്കിലും മസ്‌കിന്റെ എന്തിനും ഏതിനും റോബോട്ടുകൾ എന്ന വലിയ ദർശനത്തിലേക്കുള്ള ചുവടുവയ്പ്പാണിത്. ദൈനംദിന ജോലികളിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ തടസ്സമില്ലാതെ മനുഷ്യരെ സഹായിക്കുന്ന ഭാവിയാണ് ഒപ്റ്റിമസ്സിലൂടെ ടെസ്‌ലയും മസ്കും വാഗ്ദാനം ചെയ്യുന്നത്. വാഷിങ്, നായയെ നടത്തിക്കൽ എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽപ്പോലും ഒപ്റ്റിമസ് ദൈനംദിന കൂട്ടാളിയായി മാറുകയാണ്. റോബോട്ടിക്‌സിന്റെയും ഓട്ടോമേഷന്റെയും ഭാവിയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും മസ്കിന്റെ വീഡിയോ തുടക്കമിട്ടു .
ലോസ് ഏഞ്ചൽസ് ഹോളിവുഡിലെ 7001 W സാന്താ മോണിക്ക ബൊളെവാർഡിലെ ടെസ്‌ല ഡൈനർ ആൻഡ് സൂപ്പർചാർജർ സ്റ്റേഷന്റെ സോഫ്റ്റ് ഓപ്പണിംഗിലാണ് ഒപ്റ്റിമസിന്റെ പോപ്കോൺ വിളമ്പൽ. വീഡിയോയിൽ റോബോട്ടിന്റെ ചലനങ്ങൾ മനുഷ്യരേക്കാൾ അല്പം മന്ദഗതിയിലാണ്. എന്നാൽ റോബോട്ട് കൃത്യതയോടു കൂടി പോപ്കോൺ എടുത്തു നൽകുന്നു. ലളിതമായി തോന്നുന്ന പ്രവൃത്തി റോബോട്ടിന്റെ പ്രിസിഷൻ, മോട്ടോർ നിയന്ത്രണം, യൂസർ ഇന്ററാക്ഷൻ കഴിവുകൾ എന്നിവ എടുത്തുകാണിക്കുന്നതാണെന്നും ജനറൽ പർപ്പസ് റോബോട്ടിക്‌സ് വികസനത്തിലെ പ്രധാന നാഴികക്കല്ലാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
Elon Musk shares a viral video of Tesla Optimus serving popcorn at a Tesla Diner, showcasing the robot’s precision and hinting at a future where robots assist daily tasks.