ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ സജീവമാക്കി സുനിൽ മിത്തൽ നയിക്കുന്ന എയർടെൽ. ഗുജറാത്തിലും തമിഴ്നാട്ടിലും ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾക്കായുള്ള രണ്ട് പ്രധാന ബേസ് സ്റ്റേഷനുകളുടെ നിർമാണം എയർടെൽ പൂർത്തിയാക്കി. ഇനി സ്പെക്ട്രം അലോക്കേഷനും കേന്ദ്ര സർക്കാറിൽനിന്നുള്ള അന്തിമ അനുമതിയും ലഭിച്ചാൽ എയർടെല്ലിന് രാജ്യത്ത് ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾ നൽകാനാകും.
സാറ്റലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഉപഗ്രഹ ഇൻ്റർനെറ്റ് സാങ്കേതികവിദ്യ വ്യാപകമായത് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിലൂടെയാണ്. എന്നാൽ ഇന്ത്യയിൽ സ്റ്റാർലിങ്കിന് ഇതുവരെ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾക്കായുള്ള സാങ്കേതികാനുമതി കാത്തിരിക്കുന്ന എയർടെല്ലിന് ഇന്ത്യയിൽ സ്റ്റാർലിങ്കിനെ വെല്ലാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.
എയർടെല്ലിൻ്റെ സാറ്റലൈറ്റ് ടെലികോം സേവനം വിന്യാസത്തിന് തയ്യാറാണെന്ന് ഭാരതി എൻ്റർപ്രൈസസ് വൈസ് ചെയർമാൻ രാജൻ ഭാരതി മിത്തൽ അടുത്തിടെ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആവശ്യമായ അനുമതികൾ ലഭിച്ചാലുടൻ ലോഞ്ച് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. താങ്ങാനാവുന്ന നിരക്കുകളിലാകും എയർടെൽ ഉപഗ്രഹ സേവനങ്ങൾ എത്തിക്കുക.
സ്റ്റാർലിങ്കും ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ്. നൂതന ഇൻറർനെറ്റ് സേവനത്തിന് ആഗോളതലത്തിൽ കമ്പനി ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും താരതമ്യേന ഉയർന്ന നിരക്കാണ് സ്റ്റാർലിങ്കിന്റേത്. അതുകൊണ്ട് തന്നെ താങ്ങാനാവുന്ന വിലയിൽ എയർടെൽ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിച്ചാൽ ഇന്ത്യൻ വിപണിയിലേക്കുള്ള കടന്നുവരവിന് സ്റ്റാർലിങ്കിന് അത് വെല്ലുവിളിയാകും.
Airtel is set to launch its satellite internet services in India, challenging Elon Musk’s Starlink. With 635 satellites and affordable pricing for remote areas, Airtel aims to dominate the market.