മസ്കിന്റെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി മോഡിയുമായുള്ള കൂടിക്കാഴ്ച. അമേരിക്കൻ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെസ്ല-സ്പേസ് എക്സ് മേധാവി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്റ്റാർലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. നവീകരണം, ബഹിരാകാശ പര്യവേക്ഷണം, കൃത്രിമബുദ്ധി, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യൻ, യുഎസ് സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മോഡിയും മസ്കും ചർച്ച ചെയ്തു. ഇന്ത്യയിൽ തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാനുള്ള മസ്കിന്റെ അഭിലാഷങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ ചർച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് പ്രധാന ചർച്ചാവിഷയം. ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ആദ്യ ഘട്ടത്തിൽ മസ്കിന് അനുകൂലമായ നിലപാടല്ല ഉണ്ടായിരുന്നതെങ്കിലും പിന്നീട് സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് എത്തുന്നതിന്റെ കടമ്പകൾ ഏതാണ്ട് മറികടന്ന മട്ടാണ്. മോഡിയുമായുള്ള കൂടിക്കാഴ്ച സ്റ്റാർലിങ്കിന്റെ വരവിന്റെ ആക്കം കൂട്ടും എന്നുറപ്പാണ്. മസ്ക് ഇന്ത്യയിൽ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്ന മറ്റ് ഉപഗ്രഹ-ബഹിരാകാശ സേവനങ്ങൾക്കും ചർച്ച ഗുണം ചെയ്യും.

ടെസ്ലയുടെ ഇന്ത്യാപ്രവേശനമാണ് മസ്കിന്റെ മറ്റൊരു സ്വപ്ന പദ്ധതി. ടെസ്ല ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് മസ്ക് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. മനുഷ്യസാധ്യമാകുന്ന തരത്തിൽ ഏറ്റവും വേഗത്തിൽ അതിനായി വേണ്ട നടപടികളിലേക്ക് കടക്കും എന്നാണ് മസ്ക് പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയാണ് ഇന്ത്യ എന്നതുകൊണ്ടു തന്നെ ടെസ്ല ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ വാഹനങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവ കാരണം ടെസ്ലയ്ക്കു തടസ്സങ്ങൾ നേരിട്ടു. ഇന്ത്യയിൽ ടെസ്ല സാന്നിദ്ധ്യം വരുന്നതിൽ മോഡിയുമായുള്ള ചർച്ച പ്രധാന പങ്കുവഹിക്കും.
Elon Musk discusses Starlink, Tesla, AI, and space tech collaboration with PM Modi, paving the way for Tesla’s India entry and Starlink’s launch.