ദുബായിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരിൽ ഒരാളാണ് ജെംസ് എജ്യുക്കേഷൻ (GEMS Education) സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി (Sunny Varkey). വെറും പതിനൊന്ന് വയസ്സുള്ളപ്പോൾ തെരുവിൽ പഴങ്ങൾ വിറ്റാണ് സണ്ണി വർക്കി തന്റെ സംരംഭക യാത്ര ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കെ12 സ്കൂൾ ശൃംഖലയായ ജെംസ് എജ്യുക്കേഷൻ ഈ വർഷം ഗൾഫിലെ ഏറ്റവും ചിലവേറിയ സ്വകാര്യ സ്കൂൾ യുഎയിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. നൂറ് മില്യൺ ഡോളർ നിക്ഷേപവുമായി എത്തുന്ന GEMS School of Research and Innovation ദുബായ് സ്പോർട്സ് സിറ്റിയിലാണ് വരുന്നത്. ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന ട്യൂഷൻ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണിത്.

1957 ഏപ്രിൽ 9ന് കേരളത്തിൽ ജനിച്ച സണ്ണി വർക്കി ഒരു അധ്യാപക കുടുംബത്തിലാണ് വളർന്നത്. മാതാപിതാക്കളായ മറിയാമ്മയും കെ.എസ്. വർക്കിയും അധ്യാപകരായിരുന്നു. 1959ൽ കുടുംബം ദുബായിലേക്ക് താമസം മാറി. 1968ൽ കുടുംബം അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപിച്ചു. ദുബായിലെ ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ബോയ്സ് സ്കൂളിലും സെന്റ് മേരീസ് കാത്തലിക് ഹൈസ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ സണ്ണി വർക്കി യുകെയിൽ എ ലെവൽ പഠനവും പൂർത്തിയാക്കി. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്നാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് വ്യാപാരം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ ബിസിനസുകളിലേക്ക് കടന്നു.

2000ൽ തന്റെ കുടുംബത്തിന്റെ വിദ്യാഭ്യാസ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനായി അദ്ദേഹം ഗ്ലോബൽ എജ്യുക്കേഷൻ മാനേജ്മെന്റ് സിസ്റ്റംസ് (GEMS) സ്ഥാപിച്ചു. CBSE, ICSE, IB, ബ്രിട്ടീഷ്, അമേരിക്കൻ പ്രോഗ്രാമുകൾ ഉൾപ്പെടെ നിരവധി പാഠ്യപദ്ധതികൾ GEMS വാഗ്ദാനം ചെയ്യുന്നു. 2003 ആയപ്പോഴേക്കും ജെംസ് ഇംഗ്ലണ്ടിൽ ആദ്യത്തെ സ്കൂൾ തുറന്നു. 2004ൽ ജെസ് ഇന്ത്യയിലേക്കും വ്യാപിച്ചു. ഇന്ന് ലോകമെമ്പാടും 80ലധികം സ്കൂളുകൾ ജെംസ് പ്രവർത്തിപ്പിക്കുന്നു. ഫോർബ്സ് പട്ടിക പ്രകാരം 2025 ജനുവരിയിലെ കണക്കനുസരിച്ച് സണ്ണി വർക്കിയുടെ ആസ്തി 3.8 ബില്യൺ ഡോളറാണ്. നിലവിൽ സണ്ണി വർക്കി ജെംസിന്റെ എക്സിക്യൂട്ടീവ് ചെയർമാനും, മൂത്ത മകൻ ഡിനോ വർക്കി സിഇഒയും, ഇളയ മകൻ ജയ് വർക്കി എക്സിക്യൂട്ടീവ് ഡയറക്ടറും ബോർഡ് അംഗവുമാണ്.

നിർദിഷ്ട ജെംസ് സ്കൂൾ ഓഫ് റിസർച്ച് ആൻഡ് ഇന്നൊവേഷനിൽ 600 സീറ്റുകളുള്ള ഓഡിറ്റോറിയം, ഒളിംപിക് വലുപ്പത്തിലുള്ള നീന്തൽക്കുളം, റോബോട്ടിക്സ്-സയൻസ് ലാബുകൾ, എആർ/വിആർ സജ്ജീകരിച്ച പഠന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. 27,27,533 രൂപ (AED 116,000) മുതലാണ് വാർഷിക ഫീസ്. ഇത് 48,43,723 രൂപ (AED 206,000) വരെ ആയി ഉയരും.
Sunny Varkey, founder of GEMS Education, is launching the Gulf’s most expensive private school in Dubai with a $100 million investment.