ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ വരുമാനമുണ്ടാക്കാനുള്ള വഴികൾക്ക് കേരളം എപ്പോഴും മുൻഗണന നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നതായും അതിനായി പ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രവർത്തനങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം സമാപിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്. ഇതിലൂടെ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യങ്ങളാണ് സംസ്ഥാനത്തിനു ലഭിച്ചത്. തുടർന്നുള്ള നടപടിക്രമങ്ങളിൽ കാലതാമസം ഇല്ലാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് ഭാരം വരുത്താതെ വരുമാനം ഉണ്ടാക്കുന്ന കാര്യത്തിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള വഴികളും എപ്പോഴും സംസ്ഥാന സർക്കാറിന്റെ പ്രഥമ പരിഗണനയിലുണ്ട്. സംസ്ഥാനത്തിന്റെ വളർച്ചാ യാത്ര ആവേശകരമാണ്. രാജ്യത്തെ ജനസംഖ്യയുടെ 2.8 ശതമാനവും ഭൂവിസ്തൃതിയുടെ 1.2 ശതമാനവും വരുന്ന കേരളം ദേശീയ ജിഡിപിയിൽ ഏകദേശം 4 ശതമാനം സംഭാവന ചെയ്യുന്നത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര ഫണ്ടുകളുടെ വിഹിതത്തിലെ കുറവ്, വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള അപര്യാപ്തമായ ദുരിതാശ്വാസ നടപടികൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ കേന്ദ്രവുമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ ദുരന്തസമയങ്ങളിൽ പോലും കേന്ദ്രം കേരളത്തെ ഒറ്റപ്പെടുത്തുന്നതായി മുഖ്യമന്ത്രി ആരോപിച്ചു.
Kerala CM Pinarayi Vijayan said the state focuses on economic growth and investment without burdening people. The Invest Kerala Global Summit brought ₹1.53 lakh crore in proposals, and steps are in place for quick action. He noted Kerala’s strong GDP contribution despite its small size. However, he accused the central government of cutting funds, neglecting Wayanad rehabilitation, and ignoring the state during crises.