ക്വിസ്സിങ് ടിവി ഗെയിം ഷോയായ കോൻ ബനേഗാ ക്രോർപതി (KBC) ഈ ജൂലായിൽ 25 വർഷം തികയ്ക്കുകയാണ്. ഈ 25 വർഷങ്ങൾക്കിടയിൽ ഒരു സീസൺ ഒഴികെ ബാക്കി സീസണുകളില്ലാം അവതാരകനായി എത്തിയത് ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനാണ്. 2007ൽ ഷോയുടെ മൂന്നാമത്തെ സീസണിന്റെ അവതാരകൻ ഷാരൂഖ് ഖാൻ ആയിരുന്നു. SonyLIV ചാനലിൽ കെബിസിയുടെ നിലവിലെ സീസൺ ആരംഭിച്ച് ഏഴ് മാസവും 150 എപ്പിസോഡുകളും പിന്നിടുകയാണ്. എന്നാൽ അവതാരകൻ എന്ന നിലയിൽ അമിതാഭ് ബച്ചന്റെ അവസാന കെബിസി സീസൺ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ തന്നെ അമിതാഭ് കെബിസി വിടാൻ ഒരുങ്ങുകയും ചാനലുകാരോട് പുതിയ അവതാരകനെ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ചാനലുകാർക്ക് പുതിയ അവതാരകനെ കൊണ്ടുവരാൻ സാധിക്കാതെ വന്നതോടെയാണ് ഈ സീസണും ബച്ചൻ തന്നെ ഹോസ്റ്റ് ചെയ്യേണ്ടി വന്നത്. 82 വയസ്സുള്ള ബച്ചൻ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് ഷോയുടെ അവതാരക സ്ഥാനത്തു നിന്നും പിൻവാങ്ങുന്നത്.

ഈ സാഹചര്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബ്രാൻഡ്സും (IIHB) റെഡിഫ്യൂഷൻ റെഡ് ലാബും ചേർന്ന് പുതിയ കെബിസി അവതാരകൻ ആരാകണം എന്നത് സംബന്ധിച്ച് സർവേ നടത്തി. ഷാരൂഖ് ഖാനെയാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അടുത്ത കെബിസി ഹോസ്റ്റ് ആയി കാണാൻ ആഗ്രഹിക്കുന്നത്. 63 ശതമാനം ആളുകൾ ഷാരൂഖ് അവതാരക സ്ഥാനത്തേക്ക് എത്തണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഐശ്വര്യ റായ് ബച്ചൻ, എം.എസ്. ധോനി, ഹർഷ ഭോഗ്ലെ, അനിൽ കപൂർ, ആമിർ ഖാൻ, മാധുരി ദീക്ഷിത്, ശശി തരൂർ, ചേതൻ ഭഗത് എന്നിവരാണ് ഹോസ്റ്റ് ആകാനുള്ള സർവേ പട്ടികയിൽ മറ്റു സ്ഥാനങ്ങളിൽ ഉള്ളത്. എന്നാൽ ഇക്കാര്യത്തിൽ ചാനലിന്റെ ഭാഗത്തു നിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
As Kaun Banega Crorepati completes 25 years, speculation rises over whether Amitabh Bachchan will continue as host, with Shah Rukh Khan emerging as the top choice in recent surveys for his potential successor