ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ കമ്പനി സ്പേസ് എക്സിന് (SpaceX) നന്ദി പറഞ്ഞ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. കാട്ടുതീ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി രൂപകൽപന ചെയ്ത ആദ്യത്തെ ഫയർസാറ്റ് (FireSat) ഉപഗ്രഹം വിക്ഷേപിച്ചതിനാണ് പിച്ചൈ സ്പേസ് എക്സിന് നന്ദി അറിയിച്ചത്. ഗൂഗിൾ റിസേർച്ച്, ഗോർഡൺ ആൻഡ് ബെറ്റി മൂർ ഫൗണ്ടേഷൻ, ഏർത്ത് ഫയർ അലയൻസ് എന്നിവയുമായി സഹകരിച്ചാണ് ഫയർസാറ്റ് എഐ കോളാബറേറ്റീവുകൾ നിർമിച്ചത്.

കാട്ടുതീ നിരീക്ഷിക്കുന്നതിലും പ്രതിരോധിക്കുന്നതിലുമുള്ള പ്രാധാന്യം ചൂണ്ടിക്കാണിച്ച് സുന്ദർ പിച്ചൈ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ സ്പേസ് എക്സിന്റെ ഫയർസാറ്റിനെ അഭിനന്ദിച്ചു.

എഐ ഉപയോഗിച്ച് 5X5 മീറ്റർ ചുറ്റളവ് മുതലുള്ള കാട്ടുതീ കണ്ടെത്തുന്നതിനായാണ് ഫയർസാറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ വിക്ഷേപിക്കുന്ന 50ലധികം ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്നത്.