
മാച്ച ടീ ഇന്ത്യയിലും പ്രചാരം നേടുകയാണ്. ചൈനയിൽ ഉത്ഭവിച്ച് ജപ്പാനിൽ പ്രചാരം നേടിയ ചരിത്രമാണ് മാച്ചയ്ക്ക് ഉള്ളത്. ഷാർക്ക് ടാങ്ക് ഇന്ത്യയിൽ അടുത്തിടെ Glow Glossary എന്ന ബ്രാൻഡ് മാച്ച ടീ അവതരിപ്പിച്ചിരുന്നു. ഷാർക്ക് ടാങ്കിൽ കമ്പനിക്ക് ഫണ്ടിങ് നേടാൻ സാധിച്ചില്ലെങ്കിലും മാച്ചയുടെ വിപണി സാധ്യതകൾ ഷാർക്ക് ടാങ്ക് ജഡ്ജുമാർ ചൂണ്ടിക്കാട്ടി. ആന്റിഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും കൊണ്ട് സമ്പന്നമാണ് മാച്ച ടീ. 2030ഓടെ ഇന്ത്യയിൽ മാത്രം 167 മില്യൺ ഡോളറിന്റെ വിപണി സാധ്യതയാണ് മാച്ച ടീയ്ക്ക് ഉള്ളത്. എന്നാൽ വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കിടയിലും വിതരണത്തിലെ പരിമിതികൾ കാരണം ഈ രംഗം വെല്ലുവിളി നേരിടുന്നുണ്ട്.
മാച്ച നിരവധി കോൺസെൻട്രേറ്റഡ് ന്യൂട്രിയൻ്റ്സും ആരോഗ്യ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയുടെ
സമ്പന്ന ഹെർബൽ ടീ പാരമ്പര്യത്തോട് മുട്ടിനിൽക്കാൻ ഇതിനാകുമോ എന്നത് സംബന്ധിച്ച് കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. ഇന്ത്യയിലെ മസാല ചായ, ജിഞ്ചർ-തുളസി ചായകൾ തുടങ്ങിയവ മാച്ചയുടേതിന് സമാനമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇവയ്ക്ക് മാച്ചയേക്കാളും വിലക്കുറവും ഉണ്ട്. ഈ സാഹചര്യത്തിൽ കിലോയ്ക്ക് 14000 രൂപയ്ക്കും മറ്റും വരുന്ന മാച്ച ടീയ്ക്ക് ഇന്ത്യൻ മാർക്കറ്റിൽ എത്ര സ്വാധീനം ചെലുത്താൻ കഴിയും എന്നതിൽ വിദഗ്ധർക്കിടയിൽ സംശയം ഉയരുന്നുമുണ്ട്.
മാച്ച ടീയുടെ അമിതമായ ഉപയോഗം അസ്വസ്ഥതകൾ ഉണ്ടാക്കാം. പ്രാദേശികവും ഗുണകരവുമായ ബ്രൂകളുടെ ലഭ്യത കണക്കിലെടുക്കുമ്പോൾ, മാച്ച ഒരു ആകർഷകമായ ബദലായി തോന്നാം. എന്നാൽ ഇന്ത്യൻ ഭക്ഷണക്രമത്തിൽ അത് അത്യാവശ്യമല്ല എന്നും കൃത്യമായ ഉറവിടം അറിയാതെയുള്ള മാച്ച ടീകൾ ഉപയോഗിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എലീറ്റ് ക്ലാസ്സിന് ഇടയിൽ മാത്രം ഒതുങ്ങാൻ സാധ്യതയുള്ള ഗ്രീൻ ടീ ബദൽ എന്ന നിലയ്ക്കാണ് നിലവിൽ വിപണി വിദഗ്ധർ മാച്ച ടീയെ കാണുന്നത്.
Matcha tea is gaining traction in India with a projected market value of $167 million by 2030. But can it rival India’s traditional herbal teas amid high costs and supply issues?