സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകി ഗവൺമെന്റ്. ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് തുടങ്ങി സർക്കാർ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള ഐടി പാർക്കുകൾക്കും കൊച്ചി സ്മാർട് സിറ്റി പോലെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിനായുള്ള അപേക്ഷ നൽകാമെന്ന് സർക്കാർ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നു. 10 ലക്ഷം രൂപയാണ് ലൈസൻസിനുള്ള വാർഷിക ഫീസ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ.
ഫോറിൻ ലിക്വർ ഇൻഫർമേഷൻ ടെക്‌നോളജി പാർക്ക് ലോഞ്ച് ലൈസൻസ് ഐടി പാർക്ക് ഡെവലപ്പർമാരുടെ പേരിലാണ് നൽകുക. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ അംഗീകാരമുള്ള ജീവനക്കാർക്കു പുറമേ ഔദ്യോഗിക സന്ദർശകർ, അതിഥികൾ എന്നിവർക്കു മാത്രമേ മദ്യം നൽകാൻ കഴിയൂ. ഓഫിസ് കെട്ടിടമല്ലാത്ത മറ്റൊരു കെട്ടിടത്തിലാകണം ലോഞ്ച് സൗകര്യം. എഫ്എൽ 9 ലൈസൻസ് ഉള്ളവരിൽനിന്നു മാത്രമേ വിദേശ മദ്യം വാങ്ങാൻ കമ്പനികൾക്ക് അനുമതി ഉണ്ടാവുകയുള്ളൂ. ഒന്നാം തീയതിയും മറ്റ് ഡ്രൈ ഡേകളിലും മദ്യം വിൽക്കാനാകില്ല എന്ന നിബന്ധനയുമുണ്ട്. ഉച്ചയ്ക്കു 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തന സമയമായി ഉത്തരവിൽ പറയുന്നത്.
Kerala government permits liquor lounges in IT parks, with a ₹10 lakh annual license fee and restrictions for employees and official guests only, enhancing professional facilities.