ഒരു വർഷത്തിനുള്ളിൽ എല്ലാ ഇന്ത്യൻ കപ്പലുകളും വിഴിഞ്ഞം തുറമുഖത്ത് നിന്ന് ട്രാൻസ്ഷിപ്പ് ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് തുറമുഖ ബിസിനസ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെ ഏറ്റവും കാര്യക്ഷമമായ തുറമുഖമാക്കി മാറ്റുമെന്നും വ്യാപാരികൾക്ക് അവരുടെ ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കാൻ സഹായിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സമർപ്പിത കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം ഇന്റർനാഷണൽ ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് സീപോർട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കരൺ അദാനി.

തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും അടക്കമാണിത്. തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ നിർമാണം ഇപ്പോൾ പൂർത്തിയായി. കാർഗോ ട്രാൻസ്ഷിപ്പ്മെന്റിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കും. ഏകദേശം 20 മീറ്ററുള്ള സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റ് അടക്കമുള്ള ഘടകങ്ങൾ വിഴിഞ്ഞത്തിനു ഗുണം ചെയ്യും. ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽ വ്യാപാര റൂട്ടുകളിൽ ഒന്നായി ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കും. തുറമുഖത്തിന്റെ നിലവിലെ ശേഷി 1.2 ദശലക്ഷം ടിഇയു ആണ്. 2028ഓടെ ഇത് 5 ദശലക്ഷം ടിഇയു ആയി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.