കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രിക്കറ്റ് ലോകം വൈഭവ് സൂര്യവംശി എന്ന പതിനാലുകാരന് പിന്നാലെയാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ഏറ്റവും പ്രായം കുറഞ്ഞ ഐപിഎൽ താരമായാണ് ശ്രദ്ധ നേടിയത്. പിന്നീട് ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ നേടിയ സെഞ്ച്വറിയോടെ വൈഭവ് സെൻസേഷൻ താരമായി. ഇതോടെ താരത്തിന്റെ ആസ്തിയും വാർത്തകളിൽ നിറയുകയാണ്. ഈ വർഷത്തെ ഐപിഎല്ലിൽ 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ ആർആർ സ്വന്തമാക്കിയത്. 14കാരൻ വൈഭവിന് ഇപ്പോഴേ 2.5 കോടി രൂപ ആസ്തിയുണ്ട് എന്നാണ് റിപ്പോർട്ട്.
2011 മാർച്ച് 27ന് ബിഹാറിലെ കർഷക കുടുംബത്തിലാണ് വൈഭവ് ജനിച്ചത്. വൈഭവിന്റെ ക്രിക്കറ്റ് പരിശീലനത്തിന്റെ ചിലവുകൾക്കായി അദ്ദേഹത്തിന്റെ പിതാവ് സഞ്ജീവ് കൃഷിഭൂമി വിറ്റു. മുൻ രഞ്ജി താരം മനീഷ് ഓജയാണ് വൈഭവിന്റെ ആദ്യ പരിശീലകൻ. വീട്ടിൽ നിന്നും നൂറ് കിലോമീറ്ററുകളോളം ദൂരമുള്ള ക്രിക്കറ്റ് അക്കാഡമിയിലേക്ക് എത്തിയായിരുന്നു വൈഭവിന്റെ ആദ്യകാല പരിശീലനം.

ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ ക്യാംപിൽ എത്തുമ്പോൾ വൈഭവിനു പതിമൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. ഡൽഹിയും താരലേലത്തിൽ വൈഭവിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. മാച്ച് ഫീസിനും ഐപിഎൽ വരുമാനത്തിനും ഒപ്പം കഴിഞ്ഞ ദിവസം നേടിയ സെഞ്ച്വറിയോടെ നിരവധി ബ്രാൻഡ് എൻഡോഴ്സ്മെന്റ് അവസരങ്ങളും വൈഭവിനെ കാത്തിരിക്കുകയാണ്. വൺ ഇന്ത്യയുടെ കണക്കു പ്രകാരം ഐപിഎൽ വരുമാനത്തിനു പുറമേ ആഭ്യന്തര മത്സരങ്ങളിൽ നിന്നുള്ള വരുമാനവും ഇപ്പോഴുള്ള ചില ചെറിയ ബ്രാൻഡ് എൻഡോഴ്സ്മെന്റുകളും ആണ് വൈഭവിന്റെ ആസ്തി 2.5 കോടി രൂപയാക്കുന്നത്. ഇതിനു പുറമേ കഴിഞ്ഞ ദിവസം ആർആർ ഉടമ വൈഭവിന് കോടികൾ വിലവരുന്നത് എന്ന് പറയപ്പെടുന്ന ബെൻസ് കാറും സമ്മാനമായി നൽകിയിരുന്നു.
Discover the impressive net worth of 14-year-old cricketer Vaibhav Suryavanshi, his IPL earnings, brand endorsements, and future prospects.
