പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സ്കൈപ് (Skype). 22 വർഷം നീണ്ട സേവനത്തിന് ഒടുവിലാണ് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. 2003ൽ നിക്ലാസ് സെൻസ്ട്രോം, ജാനസ് ഫ്രിസ് എന്നിവർ സ്ഥാപിച്ച സ്കൈപ് 2011ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.
ഇന്റഗ്രേറ്റഡ് വീഡിയോ കോളിങ്, കൊളോബറേഷൻ പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് ടീംസാണ് (Teams) സ്കൈപ്പിന് പകരമായി മൈക്രോസോഫ്റ്റ് ഉയർത്തിക്കൊണ്ടുവരിക. സ്കൈപ്പിലെ ചാറ്റുകൾ, കോണ്ടാക്ടുകൾ, ലോഗിൻ വിവരങ്ങൾ തുടങ്ങിയവ ടീംസിൽ ലഭ്യമാകും. മൈക്രോസോഫ്റ്റിന്റെ ആശയവിനിമയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. നിരവധി മൊബൈൽ-ക്ലൗഡ് പ്ലാറ്റ്ഫോമുകൾ വന്നതോടെ സ്കൈപ്പിനു പ്രാധാന്യം കുറഞ്ഞ സാഹചര്യത്തിലാണ് നൂതന സാങ്കേതികവിദ്യയിലൂന്നിയുള്ള ടീംസിലേക്കുള്ള മാറ്റം.
വാട്ട്‌സാപ്പ്, മെസഞ്ചർ പോലുള്ളവ പ്രചാരത്തിൽ വന്നതോടെ സ്‌കൈപ്പിന്റെ ജനപ്രീതി കുറഞ്ഞിരുന്നു. 2017ൽ കമ്പനി സ്‌കൈപ്പിന് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഫലമുണ്ടായില്ല. 2021 മുതൽത്തന്നെ സ്‌കൈപ് സേവനങ്ങൾ അവസാനിപ്പിക്കുമെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. ടീംസിന് പ്രാധാന്യം നൽകിയാകും ഇനി മൈക്രോസോഫ്റ്റിന്റെ വീഡിയോ കോൾ രംഗത്തെ പ്രവർത്തനങ്ങൾ. ഗ്രൂപ്പ് കോൾ, വൺ ഓൺ വൺ കോൾ, മെസേജ്, ഫയൽ ഷെയറിങ് തുടങ്ങിയ നിരവധി ഫീച്ചറുകളാണ് ടീംസിലുള്ളത്.
Microsoft is discontinuing Skype to focus on Teams and AI-powered communication, marking the end of an era for the once-dominant VoIP platform.