ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ എന്ന പാക് ഭീകരാക്രമണത്തിന് എതിരായ പ്രത്യാക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണം രൂക്ഷമായിരിക്കുകയാണ്. സമീപകാലത്ത് വ്യോമാക്രമണ, പ്രതിരോധ ശേഷി പതിന്മടങ്ങ് വർദ്ധിപ്പിച്ചിട്ടുള്ള ഇന്ത്യയുടെ ആയുധശക്തിയിലെ ഏറ്റവും വിലയേറിയ ആയുധങ്ങളിൽ ഒന്നാണ് സുദർശൻ ചക്ര എന്നറിയപ്പെടുന്ന എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ. വിവിധ മേഖലകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ നിന്നും ഇന്ത്യയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ കാക്കുന്നത് എസ് 400 സുദർശൻ ചക്രയുടെ കരുത്ത് കൂടിയാണ്.
റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോ വികസിപ്പിച്ചെടുത്ത ദീർഘദൂര ഉപരിതല-വായു മിസൈൽ സംവിധാനമാണ് എസ് 400. ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായ എസ് 400 ഡ്രോണുകൾ, സ്റ്റെൽത്ത് എയർക്രാഫ്റ്റുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധ വ്യോമ ഭീഷണികൾ കണ്ടെത്താനും ട്രാക്ക് ചെയ്യാനും നിഷ്പ്രഭമാക്കാനും സജ്ജമാണ്.
400 കിലോമീറ്റർ ദൂരത്തിലും 30 കിലോമീറ്റർ ഉയരത്തിലുമുള്ള വ്യോമ ഭീഷണികളെ നേരിടാൻ എസ് 400ന് സാധിക്കും. ഓരോ എസ് 400 സ്ക്വാഡ്രണിലും രണ്ട് ബാറ്ററികളാണ് ഉള്ളത്. ഇവ ഓരോന്നിലും ആറ് ലോഞ്ചറുകൾ, ഒരു കമാൻഡ്-ആൻഡ്-കൺട്രോൾ സിസ്റ്റം, നിരീക്ഷണ റഡാർ, എൻഗേജ്‌മെന്റ് റഡാർ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ബാറ്ററിക്കും 128 മിസൈൽ പിന്തുണ ശേഷി വരെയുണ്ട്. എസ് 400 സിസ്റ്റത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾ വാങ്ങുന്നതിനായി ഇന്ത്യ 2018ൽ റഷ്യയുമായി ₹35,000 കോടിയുടെ (ഏകദേശം $5.4 ബില്യൺ) കരാറിൽ ഒപ്പുവെച്ചു. നിലവിൽ മൂന്ന് സ്ക്വാഡ്രണുകൾ പ്രവർത്തനക്ഷമമാണ്, ബാക്കിയുള്ള രണ്ടെണ്ണം 2026ഓടെ പ്രവർത്തനക്ഷമമാകും.
ഇന്ത്യയ്ക്കു പുറമെ ചൈനയ്ക്കും റഷ്യ ഈ ആയുധം വിറ്റിരുന്നു. അതേസമയം പാകിസ്ഥാൻ്റെ കൈവശം എസ് 400 ഇല്ല.
Learn about India’s advanced S-400 ‘Sudarshan Chakra’ air defense system capable of destroying Pakistani missiles, its capabilities, and deployment.