പാചകത്തിനായി തേങ്ങയും, വെളിച്ചെണ്ണക്കായി കൊപ്രയുമെടുത്താൽ പിന്നെ ചിരട്ട പറമ്പിലേക്കും അടുപ്പിലേക്കും മലയാളി ഇനി പഴയതു പോലെ വലിച്ചെറിയില്ല . ഇനി ചിരട്ടയുടെ വില തേങ്ങയെ മറികടക്കുമോ എന്ന സംശയമാണ് കേര കർഷകർക്കും.
തേങ്ങാ വില കുത്തനെ കുതിച്ചുയരുന്നത് കണ്ടു ഞെട്ടിയ കർഷകർ പിന്നാലെ ചിരട്ടവില ഒപ്പം കുതിക്കുന്നത് കണ്ടു അമ്പരക്കുകയാണ്. കർഷകരിൽ നിന്നും തേങ്ങ സംഭരിക്കുന്നത് മൊത്തവിലക്കാരും ഏജന്റുമാരുമാണെങ്കിൽ ആക്രിക്കാർ വരെ വീടുകളിലെത്തി ചിരട്ട ശേഖരിക്കുന്നു . ചിരട്ടക്ക് പ്രിയമേറിയതോടെ വീടുകളിൽനിന്ന് പാഴ്വസ്തുക്കൾ ശേഖരിക്കുന്നവർ ഇപ്പോൾ പ്രധാനമായും തേടുന്നതും ചിരട്ടയാണ്. സമൂഹമാധ്യമങ്ങളിലും ചിരട്ട വിലയ്ക്കെടുക്കുമെന്ന പോസ്റ്ററുകൾ ഇടംപിടിച്ചിട്ടുണ്ട്.
തേങ്ങവിലയില്‍ ഉണ്ടായ കുതിപ്പാണ് ചിരട്ടയുടെ ഡിമാന്റിന് കാരണം. പത്ത് തേങ്ങയുടെ ചിരട്ടയുണ്ടെങ്കില്‍ ഒരു കിലോയോളമാകും.
കിലോ 31 രൂപക്കാണ് മൊത്തക്കച്ചവടക്കാർ ചെറുകിട കച്ചവടക്കാരിൽനിന്ന് ചിരട്ട സംഭരിക്കുന്നത്. ക്വിന്റല്‍ കണക്കിന് ചിരട്ടയാണ് ഏജന്റുമാര്‍ കേരളത്തില്‍ നിന്ന് സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് എത്തിക്കുന്നത്. കടകളില്‍ 27 രൂപ മുതലാണ് ഇതിന് വില നല്‍കുന്നത്. തമിഴ്‌നാട്ടിലേക്ക് എത്തുമ്പോള്‍ 32 രൂപ വരെ ലഭിക്കുന്നുണ്ട്. ചിരട്ടക്കരി ഉത്പാദിപ്പിക്കുന്ന കമ്പനികളിലേക്കാണ് കേരളത്തില്‍ നിന്നുള്ള ചിരട്ട പ്രധാനമായും കയറ്റിയയക്കുന്നത് . സൗന്ദര്യവര്‍ധക ഉത്പന്നങ്ങളിലും പഴച്ചാര്‍, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കാനുമാണ് ചിരട്ടക്കരി പ്രധാനമായും ഉപയോഗിക്കുന്നത്.
തമിഴ്നാട്ടിൽ ചിരട്ടക്കരി ഉൽപാദിപ്പിക്കുന്ന നിരവധി കമ്പനികളുണ്ട്. കൗതുക വസ്തുക്കളും കരകൗശല വസ്തുക്കളും നിര്‍മിക്കുന്നവര്‍ക്കും ചിരട്ട ഏറെ പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവാണ്. കൗതുകവസ്തുവായി ഓൺലൈനിൽ വാങ്ങാൻ ലഭിക്കുന്ന പോളിഷ് ചെയ്ത രണ്ട് ചിരട്ടകൾക്ക് 349 രൂപയാണ് വില. ചിരട്ട ഷെൽ കപ്പിന് ഒരെണ്ണത്തിനാകട്ടെ 1250 രൂപ മുതലാണ് വില. ഇവയെല്ലാം വ്യവസായിക അടിസ്ഥാനത്തിൽ ചിരട്ടക്ക് ആവശ്യക്കാർ ഏറുന്നതിന് കാരണമായി. ഇതോടെ ചിരട്ടവിലയും ഉയരുകയായിരുന്നു.
Along with the rising price of coconuts, the price of coconut shells is also soaring. Know the current demand and price of coconut shells.