ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ അതുല്യ സംഭാവനകൾക്ക് അംഗീകാരവുമായി ദുബായ്. ദുബായ് ഹെൽത്തിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വിസ നൽകുമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. യുഎഇയിലെ ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ് എന്നുള്ളത് പുതിയ പ്രഖ്യാപനത്തിന് തിളക്കമേറ്റുന്നു. മലയാളികൾ അടക്കമുള്ള നിരവധി നഴ്സുമാർക്കാണ് പ്രഖ്യാപനത്തോടെ ഗോൾഡൺ വിസ ലഭിക്കുക.

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ഭദ്രതയ്ക്കും സമർപ്പിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനത്തിനുള്ള അംഗീകാരമാണ്. നഴ്‌സുമാർ ആരോഗ്യ സംരക്ഷണ രംഗത്ത് മുൻനിരയിലാണെന്നും ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തിന്റെ പ്രധാന പങ്കാളികളാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. രോഗികളുടെ ക്ഷേമത്തിനായുള്ള നഴ്സുമാരുടെ നിരന്തര സമർപ്പണത്തെ ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. ദുബായുടെ മികവിനെ ലോകം മുഴുവനും വിലമതിക്കുന്നതായും സേവന സമർപ്പണത്തോടെ പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കുന്നതിനും അവർക്ക് മികച്ച പ്രവർത്തന സാഹചര്യം ഒരുക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് തീരുമാനത്തിലൂടെ വെളിവാകുന്നതെന്ന് അറബ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. മുൻപ് 2021ൽ കോവിഡ് മുന്നണിപ്പോരാളികൾക്കും കുടുംബങ്ങൾക്കും ഗോൾഡൻ വിസ നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. 2024ൽ ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് ദുബായിലെ മികച്ച സ്വകാര്യ അധ്യാപകർക്കും ഗോൾഡൻ വിസ നൽകിയിരുന്നു.
Dubai offers Golden Visas to nurses with over 15 years of service with Dubai Health, recognizing their vital contributions to the city’s healthcare system.