തന്ത്രപരമായ സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ട് യുഎസും സൗദി അറേബ്യയും. സൗദി സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി (MBS) നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് നിർണായക കരാറിൽ ഒപ്പിട്ടത്. ഊർജ്ജം, ഖനനം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്നതാണ് കരാർ. കരാർ പ്രകാരം യുഎസിൽ സൗദി 600 ബില്യൺ ഡോളർ നിക്ഷേപം നടത്തും. ഇതിനുപുറമെ സൗദിയുമായി 142 ബില്യൺ ഡോളറിന്റെ ആയുധ ഇടപാടിനും യുഎസ് ധാരണയായി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ വിൽപ്പന കരാറാണിത്.
അത്യാധുനിക യുദ്ധ പോരാട്ട സംവിധാനങ്ങൾ, വ്യോമ, മിസൈൽ പ്രതിരോധം, അതിർത്തി സുരക്ഷാ നവീകരണങ്ങൾ, സൗദി സേനകൾക്കുള്ള വിപുലമായ സൈനിക പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് 142 ബില്യൺ ഡോളറിന്റെ ആയുധ ഇടപാട്. അമേരിക്കൻ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുക, ഉൽപ്പാദനം പുനരുജ്ജീവിപ്പിക്കുക, പ്രധാന വ്യവസായങ്ങളിൽ നവീകരണം വർദ്ധിപ്പിക്കുക എന്നിവയാണ് സൗദിയുടെ യുഎസ് നിക്ഷേപത്തിന്റെ ലക്ഷ്യങ്ങൾ. യുഎസിന്റെ സുപ്രധാന ഊർജ്ജ പങ്കാളിയാണ് സൗദി. പതിറ്റാണ്ടുകളായി ശക്തമായ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ. സൗദി എണ്ണ വിതരണം ചെയ്യുമ്പോൾ യുഎസ് പകരമായി സുരക്ഷ നൽകുന്നു.
യുഎസ്-സൗദി ബന്ധങ്ങളുടെ സുവർണ്ണ കാലഘട്ടത്തെ കരാർ അടയാളപ്പെടുത്തുന്നതായി പ്രസ്താവനയിൽ പറയുന്നു. സൗദി ഡാറ്റാ സ്ഥാപനമായ ഡാറ്റാവോൾട്ട് യുഎസിലെ എഐ അധിഷ്ഠിത ഡാറ്റാ സെന്ററുകളിലും ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിലും 20 ബില്യൺ ഡോളർ നിക്ഷേപിക്കും. കൂടാതെ, ഗൂഗിൾ, ഒറാക്കിൾ, സെയിൽസ്ഫോഴ്സ്, എഎംഡി, ഊബർ എന്നിവയുൾപ്പെടെയുള്ള ടെക് ഭീമന്മാർ ഇരു രാജ്യങ്ങളിലെയും സാങ്കേതികവിദ്യകളിൽ സംയുക്തമായി 80 ബില്യൺ ഡോളർ നിക്ഷേപം നടത്തും.
Saudi Arabia commits $600 billion in investments across defense, technology, energy, and other sectors in a landmark economic partnership deal with the US.