ഉഭയകക്ഷി ബന്ധങ്ങളിലെ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യൻ പ്രതിരോധ കപ്പൽശാലയുമായുള്ള 21 മില്യൺ ഡോളറിന്റെ (ഏകദേശം 180 കോടി രൂപ) ഓർഡർ റദ്ദാക്കി ബംഗ്ലാദേശ്. 800 ടൺ നൂതന ഓഷ്യൻ ഗോയിങ് ടഗിനായി കൊൽക്കത്ത ആസ്ഥാനമായുള്ള പ്രതിരോധ കപ്പൽശാലയായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡിംഗ് & എഞ്ചിനീയേഴ്സുമായി (GRSE) കഴിഞ്ഞ വർഷം ഒപ്പുവെച്ച കരാറാണ് ബംഗ്ലാദേശ് റദ്ദാക്കിയത്.

ടഗ് കപ്പലിന്റെ രൂപകൽപ്പന, നിർമ്മാണം, വിതരണം എന്നിവ ഉൾപ്പെടുന്ന കരാർ 2023ൽ പ്രവർത്തനക്ഷമമായ ഇന്ത്യ-ബംഗ്ലാദേശ് പ്രതിരോധ വാങ്ങലുകൾക്കുള്ള 500 മില്യൺ ഡോളർ കരാറിന്റെ ആദ്യത്തെ പ്രധാന ഇടപാടായിരുന്നു. പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമുദ്ര സഹകരണത്തിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയുടെ ബംഗ്ലാദേശ് സന്ദർശനത്തോടനുബന്ധിച്ചായിരുന്നു കരാർ ഒപ്പിട്ടത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു. അതിനുശേഷമുണ്ടായ ഉഭയകക്ഷി ബന്ധത്തിലെ ഉലച്ചിലാണ് ഇപ്പോൾ ബംഗ്ലാദേശിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.
Bangladesh has canceled a $21 million naval tugboat contract with India’s GRSE, a significant setback in defense cooperation following the ouster of former PM Sheikh Hasina and worsening bilateral ties.