ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്തെ പ്രമുഖ വ്യക്തിത്വമാണ് മുൻ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് കൂടിയായ ലതിക പൈ. ഇപ്പോൾ മൈക്രോസോഫ്റ്റ് ഇന്ത്യയ്ക്കും മൈക്രോസോഫ്റ്റ് കോർപ്പറേഷനുമെതിരെ 35.3 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്ത് വാർത്തകളിൽ നിറയുകയാണ് ലതിക.
ഭീഷണിപ്പെടുത്തൽ, പ്രതികാരം, ശത്രുതാപരമായ തൊഴിൽ അന്തരീക്ഷം എന്നിവ കാരണം 2024 ജൂലൈയിൽ മൈക്രോസോഫ്റ്റിലെ വെഞ്ച്വർ ക്യാപിറ്റൽ, പ്രൈവറ്റ് ഇക്വിറ്റി പാർട്ണർഷിപ്പുകളുടെ കൺട്രി ഹെഡ് സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ നിർബന്ധിതയായതായി ലതിക പൈ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. ഇത് കൺസ്ട്രക്ടീവ് ഡിസ്മിസ്സലിന് തുല്യമാണെന്ന് ലതിക ഹർജിയിൽ പറയുന്നു. തുടർന്ന് തനിക്കുണ്ടായ വരുമാന നഷ്ടവും തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിയതും മാനസിക ക്ലേശവും ചൂണ്ടിക്കാട്ടിയാണ് ലതിക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
2018ലാണ് ലതിക മൈക്രോസോഫ്റ്റിൽ ചേർന്നത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കു വേണ്ടിയുള്ള മൈക്രോസോഫ്റ്റിന്റെ ഹൈവേ ടു എ 100 യൂനിക്കോൺസ് പദ്ധതി നയിച്ചത് ലതികയായിരുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് പിന്നീട് അവരുടെ രാജിയിലേക്ക് നയിച്ചത്. മൈക്രോസോഫ്റ്റ് ഇന്ത്യയ്ക്കും മൈക്രോസോഫ്റ്റ് കോർപ്പറേഷനും പുറമേ, മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് പുനീത് ചന്ദോക്, എച്ച്ആർ മേധാവി അരുൺ കകത്കർ, മറ്റ് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തൊഴിൽ ശക്തി പരിശീലനത്തിലും സാമൂഹിക സ്വാധീനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ബി2കെ കോർപ്പ്, ജോബ്‌സ്‌കിൽസ് തുടങ്ങിയ സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ച സംരംഭകയാണ് ലതിക പൈ. സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി സോണ്ടർകണക്ട് എന്ന ശാക്തീകരണ പരിപാടിയും അവർ നടപ്പിലാക്കുന്നു. 2021 മുതൽ ലതിക ടൈ ഡൽഹി എൻസിആർ ബോർഡ് അംഗമാണ്.
Former Microsoft executive Lathika Pai has filed a ₹35.3 Cr lawsuit against Microsoft India and its executives, alleging constructive dismissal due to workplace intimidation, retaliation, and a hostile environment. The case, now transferred to Bengaluru, highlights claims of procedural unfairness in internal investigations and biased leadership.