ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുകയാണ് ഇന്ത്യ. 4 ട്രില്യൺ യുഎസ് ഡോളർ മൂല്യമുള്ള സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയതായി കഴിഞ്ഞ ദിവസം നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി.വി.ആർ. സുബ്രഹ്മണ്യമാണ് അറിയിച്ചത്. ഐഎംഎഫിന്റെ വിവിധ ഡാറ്റകൾ ഉദ്ധരിച്ചായിരുന്നു നീതി ആയോഗ് സിഇഓയുടെ പ്രസ്താവന.

ഇന്ത്യയുടെ സ്ഥിരതയുള്ള സാമ്പത്തിക നയങ്ങൾ, പ്ലാനിങ് എന്നിവയാണ് ഈ വളർച്ചയ്ക്ക് കാരണമായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്നും രാജ്യത്തിന്റെ ജനസംഖ്യാപരമായ നേട്ടങ്ങൾ ഈ വളർച്ചയ്ക്ക് സഹായകമാകുമെന്നും നീതി ആയോഗ് സിഇഒ പറഞ്ഞു. ഇന്ത്യ ഇപ്പോൾ വളരെ വേഗത്തിൽ വളരാൻ കഴിയുന്ന ഘട്ടത്തിലാണ്. അടുത്ത 20 മുതൽ 25 വർഷത്തേക്ക് ഇന്ത്യയ്ക്ക് ലഭിക്കുന്ന ജനസംഖ്യാപരമായ നേട്ടവും കണക്കിലെടുക്കുമ്പോൾ, നമുക്ക് വേഗത്തിൽ വളരാൻ കഴിയും. ഇന്ത്യയുടെ നിലവിലെ വളർച്ചയിൽ ഇത് ഇതിനകം തന്നെ ദൃശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎംഎഫിന്റെ ഏപ്രിൽ പതിപ്പിലെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് (WEO) റിപ്പോർട്ടിലെ 2026 സാമ്പത്തിക വർഷത്തിലെ കണക്കു പ്രകാരം ഇന്ത്യൻ ജിഡിപി ഏകദേശം 4.187 ട്രില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ജപ്പാന്റെ 4.186 ട്രില്യൺ എസ്റ്റിമേറ്റഡ് ജിഡിപിയേക്കാൾ അല്പം കൂടുതലാണെന്ന് ഡബ്ല്യുഇഒ കണക്കുകൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി മാറുമെന്നും ഐഎംഎഫ് പ്രതീക്ഷിക്കുന്നതായി എഎൻഐ റിപ്പോർട്ടിൽ പറയുന്നു. 2025ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 6.2 ശതമാനവും 2026ൽ 6.3 ശതമാനവും വളരുമെന്ന് വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടും പറയുന്നു.
നിലവിൽ അമേരിക്ക, ചൈന, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യയ്ക്കു മുന്നിലുള്ളത്. അടുത്ത മൂന്ന് വർഷത്തിനകം ജർമനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് വിലയിരുത്തൽ.
India has surpassed Japan to become the world’s fourth-largest economy. NITI Aayog CEO B.V.R. Subrahmanyam attributes this growth to stable economic policies and demographic advantages. Learn more about India’s trajectory to becoming a $4 trillion economy and its projected rise to the third spot globally.