ഈ വർഷത്തെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ രണ്ട് പരിപാടികൾ തടസ്സപ്പെടുത്തിയതിലൂടെ വാർത്തകളിൽ നിറഞ്ഞ് ഇന്ത്യൻ-അമേരിക്കൻ സോഫ്റ്റ്വെയർ എഞ്ചിനീയർ വാനിയ അഗർവാൾ. ഏപ്രിലിൽ കമ്പനി 50ആം വാർഷികം ആഘോഷിച്ചപ്പോഴായിരുന്നു ആദ്യ സംഭവം. ബിൽ ഗേറ്റ്സ്, സ്റ്റീവ് ബാൽമർ, സത്യ നദെല്ല എന്നിവർ പങ്കെടുത്ത പാനലിൽ വാനിയ അഗർവാൾ ഇടപെട്ട് പലസ്തീനികളുടെ രക്തത്തിനു മുകളിലാണ് മൈക്രോസോഫ്റ്റിന്റെ ആഘോഷമെന്ന് ആരോപിച്ച് പരിപാടി തടസ്സപ്പെടുത്തി. രണ്ടാമത്തെ സംഭവത്തിൽ പിരിച്ചുവിട്ട മറ്റൊരു മൈക്രോസോഫ്റ്റ് ജീവനക്കാരനായ ഹൊസം നാസറിനൊപ്പം മൈക്രോസോഫ്റ്റിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസിലും വാനിയ പ്രതിഷേധിച്ചു. കമ്പനിയുടെ എഐ സുരക്ഷാ മേധാവി നേതാ ഹൈബിയോട് ആക്രോശിച്ച വാനിയ ഇസ്രായേൽ സർക്കാരുമായുള്ള കമ്പനിയുടെ ക്ലൗഡ് കരാറുകൾക്കെതിരെയാണ് പ്രതിഷേധിച്ചത്.

കഴിഞ്ഞ മാസം മൈക്രോസോഫ്റ്റിന്റെ 50ആം വാർഷിക പരിപാടി തടസ്സപ്പെടുത്തിയ വാനിയ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, മുൻ സിഇഒമാരായ സ്റ്റീവ് ബാൽമർ, സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവരുടെ പാനലിനെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. ഗാസയിലെ 50000 പലസ്തീനികളെ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും ആ രക്തത്തിലാണ് മൈക്രോസോഫ്റ്റ് ആഘോഷിക്കുന്നതെന്നും പ്രതിഷേധത്തിൽ വാനിയ പറഞ്ഞു. ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാനും അവർ കമ്പനിയോട് ആവശ്യപ്പെട്ടു. തുടർന്ന് വാനിയയെ സുരക്ഷാ ഉദ്യോഗസ്ഥർ ബലമായി പുത്താക്കുകയായിരുന്നു.
കമ്പനിയുടെ വാർഷികാഘോഷത്തിൽ പ്രതിഷേധിച്ചതിന് ശേഷം വാനിയയെ മൈക്രോസോഫ്റ്റ് പുറത്താക്കിയിരുന്നു. ഒന്നര വർഷത്തോളം മൈക്രോസോഫ്റ്റിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലിചെയ്ത വാനിയ ഇതോടെ ടെക് മേഖലയിലെ ‘ആക്ടിവിസ’ത്തിൽ ജനപ്രിയ മുഖമായി മാറി. അവരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, വാനിയ അഗർവാൾ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് നേടി. 2019 സെപ്റ്റംബറിൽ ആമസോണിൽ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എഞ്ചിനീയറായി കരിയർ ആരംഭിച്ച വാനിയ 2023ൽ മൈക്രോസോഫ്റ്റിലേക്ക് മാറി.
മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യവേയാണ് പ്രതിഷേധവും പിരിച്ചുവിടലും. ഏപ്രിലിൽ മൈക്രോസോഫ്റ്റ് അവരെ പുറത്താക്കിയെങ്കിലും, അവരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ഇപ്പോഴും “സോഫ്റ്റ്വെയർ എഞ്ചിനീയർ അറ്റ് മൈക്രോസോഫ്റ്റ്” എന്നു തന്നെയാണ് കാണിച്ചിരിക്കുന്നത്. ടെക് മേഖലയിലേക്ക് കടക്കുന്നതിന് വാനിയ 2016ൽ ഇല്ലിനോയിസിലെ നേപ്പർവില്ലിൽ മെഡിക്കൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. 2014ൽ ഫാർമസി ടെക്നീഷ്യനായും കുറച്ചു കാലം ജോലി ചെയ്തു. 2012 മുതൽ 2014 വരെ അവർ എറ്റ്സി വഴി ചെറിയ ബിസിനസ്സ് നടത്തിയിരുന്നു.
മൈക്രോസോഫ്റ്റ് ഇവന്റിലെ തന്റെ പ്രതിഷേധത്തിന്റെ വീഡിയോകൾ വാനിയ അഗർവാൾ ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. അത്തരമൊരു പോസ്റ്റിൽ മൈക്രോസോഫ്റ്റ് വംശഹത്യയ്ക്കുള്ള സാങ്കേതികവിദ്യയാണ് ഉണ്ടാക്കുന്നതെന്ന ഗുരുതര ആരോപണമാണ് വാനിയ ഉന്നയിച്ചത്. “നോ അസൂർ ഫോർ അപ്പാർത്തീഡ്” എന്ന ഗ്രൂപ്പിലെ അംഗം കൂടിയായ അവർ ഗ്രൂപ്പിന്റെ പോസ്റ്റുകളും നിരന്തരം പങ്കിടാറുണ്ട്.
Indian-American software engineer Vanya Agarwal gained attention for disrupting Microsoft events, protesting the company’s contracts with the Israeli government and alleging complicity in Palestinian suffering.