ബാങ്കുകളിലേക്ക് അടയ്ക്കാനുള്ള തുകയുടെ ഇരട്ടിയിൽ അധികം തിരിച്ചടച്ചതായി വീണ്ടും ആവർത്തിച്ച് വിവാദ വ്യവസായി വിജയ് മല്ല്യ. 6203 കോടി രൂപ അടയ്ക്കേണ്ടിടത്ത് 14100 കോടി രൂപ ഇതിനകം അടച്ചതായി മല്ല്യ ആവർത്തിച്ചു. വീഴ്ച്ച സംഭവിച്ച മറ്റുള്ളവർക്ക് ബാങ്കുകളിൽ നിന്ന് ഇളവ് ലഭിച്ചപ്പോൾ തന്നോട് വിവേചനം കാണിക്കുന്നത് തുടരുകയാണെന്നും മല്ല്യ പറഞ്ഞു. ആർസിബി, കിംഗ്ഫിഷർ എയർലൈൻസ് മുൻ ഉടമയായ മല്ല്യ 2024 ഡിസംബറിലും കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ കടം തിരിച്ചടച്ചിട്ടും മല്ല്യ എപ്പോഴും “രാഷ്ട്രീയ പഞ്ചിംഗ് ബാഗ്” ആക്കുന്നത് എന്തുകൊണ്ടാണെന്ന ആർപിജി ഗ്രൂപ്പ് ചെയർപേഴ്‌സൺ ഹർഷ് ഗോയങ്കയുടെ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കിങ് ഓഫ് ഗുഡ് ടൈംസ് എന്ന തലക്കെട്ടോടു കൂടിയ പോസ്റ്റിലാണ് ഗോയങ്ക വിജയ് മല്ല്യയെ അനുകൂലിച്ച് രംഗത്തെത്തിയത്. ഉയർന്ന ജീവിതം നയിച്ച വിജയ് മല്ല്യയ്ക്ക് ഇടയ്ക്ക് വീഴ്ച പറ്റി. എന്നാൽ സമാന വീഴ്ച സംഭവിച്ച മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹം 9000 കോടിയിലധികം രൂപയുടെ കുടിശ്ശിക തീർപ്പാക്കിയതായി റിപ്പോർട്ടുണ്ട്. അതേസമയം, വലിയ വീഴ്ച വരുത്തിയവർ ബാങ്കുകളിൽ നിന്ന് കൂടുതൽ ആനുകൂല്യം ലഭിച്ച് സ്വതന്ത്രരായി നടക്കുന്നു. കുടിശ്ശിക അവശേഷിക്കുന്നുണ്ടെങ്കിൽ, ബാങ്കുകൾ അത് വ്യക്തമായി പറയണം-ഗോയങ്ക വ്യക്തമാക്കി. നീതി എല്ലാവർക്കും ഒരുപോലെയായിരിക്കണം എന്നും ഒരാൾക്ക് ഒന്ന്, മറ്റൊരാൾക്ക് മറ്റൊന്ന് എന്ന തരത്തിൽ ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് തനിക്ക് നൽകിയ പിന്തുണയിൽ ഗോയങ്കയ്ക്ക് നന്ദി പറഞ്ഞ് മല്ല്യ രംഗത്തെത്തുകയായിരുന്നു.
Vijay Mallya expresses gratitude to Harsh Goenka for highlighting alleged “selective treatment,” claiming banks have recovered ₹14,100 crore against a ₹6,203 crore debt, sparking calls for transparency.