വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകളുടെ നിർമ്മാണം അവസാനിപ്പിക്കാൻ റെയിൽവേ. ചെയർ കാർ ട്രെയിനുകളുടെ നിർമാണത്തിനു പകരം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റെയിൽവേയുടെ തീരുമാനം. 11 വന്ദേ ഭാരത് ചെയർകാർ ട്രെയിനുകളുടെ നിർമ്മാണം കൂടി പൂർത്തിയാക്കുമെന്നും അതിനു ശേഷം ചെയർ കാർ നിർമ്മാണം നിർത്തലാക്കി സ്ലീപ്പിംഗ് സൗകര്യങ്ങളുള്ള ട്രെയിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ഉദ്യോഗസ്ഥൻ പറഞ്ഞു. ബെംഗളൂരു ബിഇഎംഎല്ലും പെരമ്പൂരിലെ ഐസിഎഫും ചേർന്നാണ് വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ച് വകഭേദങ്ങൾ നിർമ്മിക്കുന്നത്.

ആകെ 97 വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവേ ബോർഡിൽ നിന്നും ഇതുവരെ ഓർഡർ ലഭിച്ചത്. ഇതിൽ 86 ട്രെയിനുകൾ തയ്യാറാക്കി വിതരണം ചെയ്തു കഴിഞ്ഞു. 2025–26 സാമ്പത്തിക വർഷത്തിൽ ശേഷിക്കുന്ന 11 ചെയർ കാർ ട്രെയിനുകൾ ബോർഡിന് കൈമാറുമെന്ന് ഐസിഎഫ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. രാജ്യത്തെ പ്രധാന റൂട്ടുകളിൽ വന്ദേഭാരത് എക്സ്പ്രസ് ചെയർ കാറുകൾ എത്തിയതോടെയാണ് ഇനി അവയ്ക്ക് പകരം സ്ലീപ്പറുകൾ മതിയെന്ന തീരുമാനത്തിലേക്ക് റെയിൽവേ ബോർഡ് എത്തിയിരിക്കുന്നത്.
Indian Railways is shifting its focus from chair car Vande Bharat trains to sleeper coach variants for long-distance overnight travel, with production prioritizing these new models after April 2025.