ആരാധകരുടെ എണ്ണത്തിനൊപ്പം വമ്പൻ സമ്പാദ്യത്തിന്റെ പേരിലും ബോളിവുഡ് സൂപ്പർതാരങ്ങൾ വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇട്ടുമൂടാനുള്ള വമ്പൻ സ്വത്തെല്ലാം ഈ താരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാമോ. സ്വാഭാവികമായും അവരായിരിക്കില്ല ഈ ‘പണക്കളി’ കൈകാര്യം ചെയ്യുന്നുണ്ടാകുക. സൂപ്പർതാരങ്ങളുടെ ബിസിനസ്സുകൾ കൈകാര്യം ചെയ്യുന്ന, അവരുടെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന ബിമൽ പരേഖിനെ കുറിച്ചറിയാം. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, രൺബീർ കപൂർ, ജൂഹി ചൗള, ഫർഹാൻ അക്തർ, കത്രീന കയ്ഫ് എന്നിങ്ങനെ ബിമലുമായി ചേർന്നു പ്രവർത്തിക്കുന്ന താരങ്ങളുടെ പട്ടിക എണ്ണിയാൽ ഒടുങ്ങില്ല.
80കൾ മുതൽ ബിമൽ ഈ രംഗത്തുണ്ട്. അക്കാലത്തുതന്നെ സീനത്ത് അമൻ പോലുള്ള താരങ്ങളുടെയും ബി.ആർ ചോപ്ര പോലുള്ള സംവിധായകരുടെയും സാമ്പത്തിക കണക്കുകൾ കൈകാര്യം ചെയ്തിരുന്നത് ബിമലാണ്. 80കളുടെ പകുതിയിൽ, ബോളിവുഡ് വമ്പൻമാരുടെ കണക്കുകൾ നോക്കിയിരുന്ന ചാർട്ടേർഡ് അക്കൗണ്ട് സ്ഥാപനത്തിൽ റിലേഷൻഷിപ്പ് മാനേജരായിരുന്നു ബിമൽ. അങ്ങനെയാണ് സിനിമാ ‘കണക്കപ്പിള്ള’ ആകുന്നത്. പിന്നീട് നാല് വർഷങ്ങൾക്കു ശേഷം ബിമൽ അത്തരത്തിലുള്ള സ്വന്തം സ്ഥാപനം ആരംഭിച്ചു. കമ്പനിയിൽ നിന്നും നല്ല രീതിയിൽ പിരിഞ്ഞതുകൊണ്ടുതന്നെ പ്രത്യുപകരമായി കമ്പനിയുടെ അക്കാലത്തെ മികച്ച ക്ലൈന്റുകളിൽ ഒരാളായിരുന്ന സീനത്ത് അമന്റെ സാമ്പത്തിക കണക്കുകൾ കൈകാര്യം ചെയ്യാൻ കമ്പനി ബിമലിനെ അനുവദിച്ചു. ഒപ്പം അന്ന് വളർന്നു വരുന്ന ഒരു അഭിനേതാവിന്റെ കണക്കുകളും നോക്കാൻ അവസരം ലഭിച്ചു-സാക്ഷാൽ ആമിർ ഖാൻ!

ആമിർ ഖാനാണ് ജൂഹി ചൗളയ്ക്ക് ബിമലിനെ പരിചയപ്പെടുത്തിയത്. പടിപടിയായി താര ക്ലൈന്റുകളുടെ എണ്ണം കൂടി. ആദ്യ കാലത്ത് ഇൻകം ടാക്സ് ഓഡിറ്റ് വർക്കുകൾ മാത്രം ചെയ്തിരുന്ന സ്ഥാപനം പിന്നീട് ഫിനാൻഷ്യൽ അഡ്വൈസിങ്ങിലേക്കും നീങ്ങി. ഷാരൂഖ് ഖാൻ, ഫർഹാൻ അക്തർ എന്നിവരുടെ പ്രൊഡക്ഷൻ ഹൗസുകളുടെ സ്ഥാപനത്തിൽ നിർണായക പങ്കുവഹിച്ചത് ബിമലാണ്. പിന്നീട് ഈ നിരയിലേക്ക് അശുതോഷ് ഗോവാരിക്കർ, സഞ്ജയ് ലീല ബൻസാലി തുടങ്ങിയവരും എത്തി. ജൂഹി ചൗള, ഷാരൂഖ് ഖാൻ, അസീസ് മിർസ എന്നിവർ ചേർന്ന് ഡ്രീംസ് അൺലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചപ്പോൾ ഓഡിറ്ററായി നിയമിച്ചതും ബിമലിനെയാണ്.
Explore the career of Bimal Parekh, the trusted financial advisor behind Bollywood’s biggest stars like Shah Rukh Khan, Aamir Khan, and Katrina Kaif, and his role in shaping major production houses.