ബ്രിട്ടീഷ് സേനയുടെ എഫ്-35 യുദ്ധവിമാനം സാങ്കേതിക തകരാർ കാരണം ദിവസങ്ങളായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തെ ഇപ്പോൾ പ്രൊമോഷനു വേണ്ടി ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് കേരള ടൂറിസം. ബ്രിട്ടീഷ് വിമാനവുമായി ബന്ധപ്പെട്ട രണ്ട് പോസ്റ്ററുകളാണ് കേരള ടൂറിസം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുന്നത്.

‘മനോഹരമായ സ്ഥലം, തിരിച്ചുപോകാനേ തോന്നുന്നില്ല’ എന്ന് റെക്കമെൻഡേഷൻ/റേറ്റിങ് നൽകുന്ന തരത്തിലുള്ള പോസ്റ്ററും ‘ഒരിക്കൽ കാലുകുത്തിയാൽ പിന്നെ തിരിച്ചുപോകാൻ തോന്നില്ല, സംശയമുണ്ടെങ്കിൽ എഫ് 35നോട് ചോദിച്ചോളൂ’ എന്ന മറ്റൊരു പോസ്റ്ററുമാണ് കേരള ടൂറിസം പങ്കുവെച്ചിരിക്കുന്നത്. ഇതിനു പുറമേ മിൽമയും സമാനമായ പ്രൊഡക്റ്റ് പ്രൊമോഷൻ പോസ്റ്റർ യുദ്ധവിമാനത്തെ വെച്ച് ചെയ്തിട്ടുണ്ട്.
എഫ് 35 ട്രോകളിലും നിറയുകയാണ്. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ റോഡ് റോളർ നന്നാക്കുന്ന സീൻ എഫ് 35ലേക്ക് മാറ്റിപ്രതിഷ്ഠിച്ച വീഡിയോ ചിരിപടർത്തുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമായ ഒഎൽഎക്സിൽ വിമാനം വിൽക്കാനിട്ട തരത്തിലുള്ള ട്രോളുകളും നേരത്തെ പ്രചരിച്ചിരുന്നു. അതേസമയം, എഫ് 35 വിമാനം സാങ്കേതിക തകരാർ കാരണം കുടുങ്ങിയതിന് ഇടയിലും ഇതേ ശ്രേണിയിലുള്ള 15 യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് യുകെ ഗവർൺമെന്റ്. 12 എഫ് 35 എ യുദ്ധവിമാനങ്ങൾ അടക്കമാണ് യുകെ വാങ്ങുക.