2020ലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണി റാഞ്ചിയിലെ തന്റെ ഫാംഹൗസിൽ കരിങ്കോഴി ബിസിനസ് ആരംഭിച്ചത്. വർഷങ്ങൾക്കിപ്പുറം ബിസിനസ് വൻ ലാഭത്തിലാണ് എന്നാണ് റിപ്പോർട്ട്. കിലോയ്ക്ക് 1000 രൂപ വിലയ്ക്കാണത്രേ അദ്ദേഹം കോഴികളെ വിൽക്കുന്നത്.
കൃഷിക്ക് വേണ്ടി മാത്രമല്ല ധോണി യുടെ ഫാം ഹൗസ്. മുൻ ഇന്ത്യൻ താരങ്ങളെയും സെലിബ്രിറ്റികളേയും പങ്കെടുപ്പിച്ച് ധോണി ഫാം ഹൗസിൽ പാർട്ടി നടത്താറുണ്ട്. ഇത്തരത്തിൽ വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾ കൈലാഷ്പതി എന്ന ഫാം ഹൗസിലെ പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ മുൻപ് ധോണി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
കടക്നാഥ് ഇനത്തിലുള്ള കരിങ്കോഴികളെയാണ് അദ്ദേഹം ഫാമിൽ വളർത്തുന്നത്. ഓർഗാനിക് രീതിയിലാണ് ധോണി ഫാമിലെ എല്ലാ കൃഷിയും മുന്നോട്ടുകൊണ്ടുപോകുന്നത്. 43 ഏക്കറിലുള്ള ഫാമിൽ തക്കാളി, ബ്രോക്കൊളി, ഫ്രഞ്ച് ബീൻസ് തുടങ്ങി നിരവധി പച്ചക്കറികൾ വളർത്തുന്നു. ജൈവൻ ആയതുകൊണ്ടുതന്നെ ഇവയ്ക്കെല്ലാം വൻ വിലയാണ്. അൻപതോളം പശുക്കളും അദ്ദേഹത്തിന്റെ ഫാമിലുണ്ട്. റാഞ്ചിയിലെ നിരവധി സ്വീറ്റ് ഷോപ്പുകളിലേക്ക് പാൽ സപ്ലൈയും ഇവിടെനിന്നാണ്.