ഐഡിയ ഹൗസ് കോവർക്കിംഗ് എന്ന സ്റ്റാർട്ടപ്പ് അവരുടെ പുതിയ വർക്ക് സൈറ്റിൽ ടഫൻഡ് ഗ്ലാസ് പാനൽസ് ഇറക്കുകയാണ്. പതിവുതെറ്റിക്കാതെ അവരെത്തി. കേരളത്തിലെ മുഴുവൻ സാധനങ്ങളും ഇറക്കാൻ കരാറെടുത്തിട്ടുള്ള ട്രേഡ് യൂണിയൻകാർ. മണലും മെറ്റലും ചുടുകട്ടയും ഇരുമ്പ് കമ്പിയും ലോഡിഗും അൺലോഡിംഗ് ചെയ്ത അതേ കാലത്ത് നിന്ന് ലവലേശം മുന്നോട്ട് പോകാത്ത ട്രേഡ് യൂണിയൻകാർ അങ്ങേയറ്റം സ്കിൽസെറ്റ് വേണ്ട, പ്രത്യേക വൈദഗ്ധ്യവും പരിശീലനവും വേണ്ട സാധനങ്ങളും ഇറക്കുമെന്ന് വാശിപിടിക്കും, അതിന്റെ പേരിൽ സംരംഭകനെ ആക്രിമിക്കും, വേണ്ടിവന്നാൽ സംരംഭവും സാധനങ്ങളും തകർക്കും. അതാണ് ശീലം. ഐഡിയ ഹൗസ് കോവർക്കിംഗ്  ഓഫീസിലും അത് തന്നെ സംഭവിച്ചു. പുതിയ ടഫൻഡ് ഗ്ലാസ് പാനൽസ് കൈകാര്യം ചെയ്ത് ശീലമുള്ള തൊഴിലാളികളെ സംരംഭകർ നിർമ്മാണ സ്ഥലത്ത് എത്തിച്ചിരുന്നു. പരിശീലനം കിട്ടിയ, ടഫൻഡ് ഗ്ലാസ് പൊട്ടാതെ സുരക്ഷിതമായി ഇറക്കാനുള്ള ഗ്ലാസ് ക്യാച്ചറുകൾ പോലുള്ള എക്യുപ്മെൻസുമുള്ള സ്ക്കിൽഡ് ആയ തൊഴിലാളികളോട്, മാറിനിൽക്കാനും ഇതേക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാത്ത ഞങ്ങൾ ഇറക്കി കൊള്ളാമെന്നും അവർ ആക്രോശിക്കുന്നു. സംരംഭകരായ ലൂയിസ് ഐസക്കും ആന്റോ റാഫിയും ഗത്യന്തരമില്ലാതെ പോലീസിനെ വിളിച്ചു. പോലീസെത്തി ട്രേഡ് യൂണിയൻകാരെ അനുനയിപ്പിച്ചു കൊണ്ടുപോയി. വാസ്തവത്തിൽ എന്താണ് കേരളത്തിലെ തൊഴിലാളി യൂണിയനുകളുടെ പ്രശ്നം?

കുറച്ച് ആഴ്ചകൾക്ക് മുമ്പ് , കൊച്ചിയിലെ കുണ്ടന്നൂരിൽ പുതിയതായി വന്ന ബ്രാൻഡ് ന്യൂ റേഞ്ച് റോവർ, ട്രക്കിൽ നിന്ന് ഷോറൂമിലേക്ക് ഇറക്കുന്ന സമയം നിയന്ത്രണം വിട്ട് പാഞ്ഞ് ഷോറൂം ജീവനക്കാരൻ ദാരുണമായി മരിച്ചതും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റതും കേട്ടിരിക്കുമല്ലോ? ട്രേ‍ഡ് യൂണിയൻകാരൻ ഇറക്കിയ വണ്ടിയാണ്. ഓരോ ദിവസവും ടെക്നോളജി അപ്ഡേഷൻ നടക്കുന്ന ഓട്ടോമോട്ടീവ് രംഗത്ത് എന്ത് കഴിവിന്റെ പുറത്താണ്  യാതൊരു സ്ക്കിൽ സെറ്റുമില്ലാത്ത ട്രേഡ് യൂണിയൻകാർ വണ്ടി ഇറക്കാൻ ശ്രമിക്കുന്നത്?

ഇത്തരം അബദ്ധങ്ങളും അപകടങ്ങളും ഒറ്റപ്പെട്ടതല്ല! പഴയ ഐഡിയോളജിയും മസിലും കൊണ്ട് പുതിയ കാലത്തെ തൊഴിൽ സാഹചര്യത്തെ നേരിടുന്നതും, ഒട്ടും മാറാൻ കൂട്ടാക്കാത്ത മനോഭാവവും, പരുക്കൻ സമീപനവും ട്രേഡ് യൂണിയനുകൾക്ക് ഇനി തുടരാനാകുമോ. തൊഴിൽ രംഗത്ത് മനുഷ്യവിഭവശേഷിക്ക് മാത്രം സ്ഥാനമുണ്ടാകുകയും, തൊഴിൽ അന്തരീക്ഷം അങ്ങേയറ്റം മോശമായിക്കുകയും, ദരിദ്രരായ മനുഷ്യർക്ക് ശബ്ദം ഇല്ലാതിരിക്കുകയും ചെയ്ത ഒരു ഇരുണ്ട കാലത്ത്, തൊഴിലാളികൾക്ക് ആശ്രയമായി ഉണ്ടായ തൊഴിലാളി സംഘടനകൾ ഇന്നും, തൊഴിലിന്റെ സാഹചര്യവും തൊഴിലാളിയുടെ നിലവാരവും, തൊഴിലിന്റെ സ്വഭാവവും മാറിയിട്ടും ആ പഴയ കാലത്ത് തന്നെ നിൽക്കുന്നു. കൈക്കരുത്തും രാഷ്ട്രീയ പിന്തുണയും, സംഘടനാ ബലവും കൊണ്ട് മെയ്യനങ്ങാതെ കാശ് നേടാനുള്ള താഴ്ന്നതരം ഉപാധിയായി ട്രേ‍ഡ് യൂണനിസം നിലനിർത്തിക്കൊണ്ടുപോകുന്നത് ആരാണ്? മെറ്റീരിയൽ കോസ്റ്റും, മറ്റ് ചിലവുകളും പിന്നെ ടാക്സും കൊടുത്ത് ഒറുവിധം കഷ്ടപ്പെട്ട് സംരംഭം നടത്തുന്ന ഇടത്തരം സംരംഭകരാണ് നാട്ടിൽ കൂടുതലും. അതിനിടയിൽ ഇത്തരം ദുർവാശികൾ എത്രനാൾ മുന്നോട്ട് പോകും?

കേരളത്തിലെ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയാണ് CITU. അതിന്റെ മാതൃസംഘടനയായ സിപിഐഎം പോലും ഈ പറഞ്ഞ ട്രേഡ് യൂണിയനിസത്തെ തള്ളിപ്പറയുക മാത്രമല്ല, കേരളത്തിൽ നിക്ഷേപവും ബിസിനസ്സും കൊണ്ടുവരാൻ വിലങ്ങുതടിയാണ് ഇത്തരം പ്രതിലോമ ചിന്താഗതി എന്ന് തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ എന്നല്ല, ലോകത്തെ ട്രേഡ് യൂണിയനുകൾക്ക് മുന്നിൽ ഒരേ ഒരു വഴികളേയുള്ളൂ, മറ്റെല്ലാ മേഖലയേയും പോലെ!

കാലം മാറിയെന്നത് യാഥാർത്ഥ്യമാണ്. പുതിയ സ്ക്കിൽ സെറ്റില്ലാതെ ഒരു മേഖലയിലും തൊഴിൽ സാധ്യമല്ല എന്നത് പച്ച പരമാർത്ഥം! അത് ലോഡിംഗ് അൺലോഡിംഗിലായാലും, സർജറിയായാലും. ഒന്നുകിൽ ട്രേഡ് യൂണിയൻ പ്രവർത്തകർക്ക് പുതിയ കാലത്തിനനുസരിച്ചുള്ള കയറ്റിറക്ക് പരിശീലനം നൽകുക. അതിന് വേണ്ട ഓട്ടോമേഷനുകളിൽ പ്രാവീണ്യം കൊടുക്കുക. സുരക്ഷാ മുൻകരുതലോടെ കയറ്റിറക്കു ജോലിക്ക് അവരെ പര്യാപ്തമാക്കുകയാണ്, തൊഴിലാളി സ്നേഹം ഉള്ള ട്രേഡ് യൂണിയൻ ചെയ്യേണ്ടത്. അല്ലങ്കിൽ, റോബോട്ടിക് കൈകളും, ഓട്ടോമേറ്റഡ് ക്രെയിനുകളും കയ്യടക്കാൻ പോകുന്ന ഈ മേഖലയിൽ നിന്ന് മാറി നിൽക്കുക! കാരണം പണിയെടുക്കുന്നവന് തന്നെ കൂലി കിട്ടാത്ത കാലത്ത്, നോക്കിയാൽ കൂലി കിട്ടുന്ന കാലം ഇനി ഉണ്ടാകില്ല! കാര്യങ്ങൾ വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ പറ്റുന്ന കാലത്ത്, ആ സ്ക്കില്ല് പഠിക്കുകയല്ലാതെ വേറെ വഴിയില്ല! രസിച്ചില്ലങ്കിലും ഇതാണ് യാഥാർത്ഥ്യം!  ഏത് ജോലിക്കും മാന്യത ഉണ്ട്, പക്ഷെ സ്വയം നവീകരിക്കാത്ത ഒരു പണിക്കും മാന്യതയുണ്ടാവില്ല!

Kerala’s trade unions cling to old methods, resisting skilled labor for complex tasks, hindering business and causing safety risks.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version