നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Thiruvananthapuram International Airport) ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളെ ബന്ധിപ്പിക്കുന്ന റോഡ് കോറിഡോർ നവീകരണത്തിന് ഒരുങ്ങുന്നു. വിമാന യാത്രക്കാർക്ക് നിർണായകമായ ആറ് കിലോമീറ്റർ ദൂരത്തിലുള്ള പ്രവേശനപാതയിൽ ലാൻഡ്സ്കേപ്പ്ഡ് ഗ്രീനെറി, മെച്ചപ്പെട്ട നടപ്പാതകൾ, കാൽനടയാത്രക്കാർക്ക് അനുയോജ്യമായ സൗകര്യങ്ങൾ, ആർട്ടിസ്റ്റിക് ലൈറ്റിങ് എന്നിവ ഒരുക്കും.

ഇതോടൊപ്പം, കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തലസ്ഥാന നഗരത്തിന്റെ ഐഡന്റിറ്റിയും പ്രതിഫലിപ്പിക്കുന്ന ചുമർചിത്രങ്ങൾ റോഡ് ഇടനാഴിയിൽ ഉൾപ്പെടുത്തുമെന്ന് പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറായ പി.എൻ. രാജേഷ് പറഞ്ഞു. കാഴ്ചാഭംഗിക്ക് പുറമെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഉദ്ദേശമുണ്ട്. ഇരിപ്പിടങ്ങൾ, സൈനേജുകൾ എന്നിവയുമായി യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇത് യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം എട്ട് കോടിയോളം രൂപ ചിലവ് വരുന്ന പദ്ധതിക്ക് ഫണ്ടിംഗ് ഏജൻസിയായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (KIIFB) അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. അതിനുശേഷം രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. നാല് ഘട്ടങ്ങളിലായാണ് പരിവർത്തനം നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The road connecting the domestic and international terminals of Thiruvananthapuram Airport will be revamped as part of a city beautification project.