മിനിയേച്ചർ വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറി വരുമ്പോൾ ഒറിജിനലിനെ വെല്ലുന്ന വാഹന രൂപങ്ങളുമായി ശ്രദ്ധ നേടി കോഴിക്കോട്ടുകാരൻ. വാഹനങ്ങളുടെ ചെറുരൂപങ്ങൾ പെർഫെക്ഷനോടെ തീർത്താണ് തിരുവനന്തപുരം ചാക്കൈ ഗവൺമെന്റ് ഐടിഐ (Govt ITI Chackai) പൂർവ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ എം.കെ. സഞ്ജീദ് (MK Sanjeed) ശ്രദ്ധേയനാകുന്നത്. ലോറി, കാർ, ബസ്, ജീപ്പ്, റോഡ് റോളർ എന്നിങ്ങനെ പലപല വാഹനങ്ങളാണ് ഒറിജിനലിനെ വെല്ലുന്ന തരത്തിൽ സഞ്ജീദ് നിർമിക്കുന്നത്. നല്ല വില കൊടുത്ത് സഞ്ജീദിന്റെ കൈയ്യിൽനിന്നും അവ വാങ്ങാൻ വാഹനപ്രേമികളുടെ നീണ്ട നിരയുമുണ്ട്.
ഡീറ്റെയ്ലിങ് കൊണ്ട് അത്ഭുതപ്പെടുത്തന്നവയാണ് സഞ്ജീദിന്റെ മിനിയേച്ചർ വാഹനങ്ങൾ. ഒരു വർക്ക് ചെയ്തു തീർക്കാൻ രണ്ടു മാസം വരെ സമയം എടക്കുന്നത് അതുകൊണ്ടാണ്. ടയറും പിവിസിയും ഫോം ഷീറ്റും എല്ലാം ഉപയോഗിച്ചാണ് നിർമാണം. വാഹനങ്ങളിൽ സെൻസറുകളും സൂക്ഷ്മമായി ഘടിപ്പിച്ച ലൈറ്റുകളുമുണ്ട്. കുട്ടിക്കാലത്ത് ഉത്സവപ്പറമ്പുകളിൽ കണ്ടുമറന്ന ചെറുവാഹന മോഡലുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സഞ്ജീദ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. ആ ശ്രമങ്ങൾക്ക് വീട്ടുകാരിൽ നിന്നും പൂർണ പിന്തുണയുണ്ടായി. എന്നാൽ സഞ്ജീദിന്റെ ജീവിതത്തിൽ പിന്നീട് അപ്രതീക്ഷിതമായ നഷ്ടങ്ങളുണ്ടായി. അച്ഛന്റേയും സഹോദരിയുടേയും വിയോഗമായിരുന്നു അത്. ആ ആഘാതത്തിൽനിന്നും കരകയറാൻ സഞ്ജീദ് മിനിയേച്ചർ വാഹന നിർമാണത്തിൽ കൂടുതൽ മനസ്സർപ്പിച്ചു. Miniature Sanjeed എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയാണ് സഞ്ജീദ് കുട്ടിവാഹനങ്ങൾ പ്രദർശിപ്പിക്കുന്നത്.

ചാക്കൈ ഗവൺമെന്റ് ഐടിഐയിൽ മെക്കാനിക്ക് കോഴ്സാണ് സഞ്ജീദ് പൂർത്തിയാക്കിയത്.പഠന സമയം കഴിഞ്ഞാൽ വാഹനങ്ങളുടെ റിപ്പയറിംഗും ഇഷ്ടത്തോടെ ചെയ്ത് കൊടുക്കാറുണ്ട് സഞ്ജീദ്.

ആശയത്തെ സംരംഭത്തിലേക്ക് എത്തിക്കാൻ സംസ്ഥാനത്തെ ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന ഉദ്യം ഫൗണ്ടേഷന്റെയും (Udhyam Learning Foundation) ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്മെന്റിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ലീപ്പ് (LEAP) എന്ന സംരംഭക പരിപാടിയാണ് സഞ്ജീദിന് സംരംഭക അവസരം ഒരുക്കിയത്. സംരംഭകത്വവും സ്ക്കില്ലും വികസിപ്പിച്ച് ഐടിഐകളിൽ നിന്ന് സംരംഭകരെ വളർത്തിയെടുക്കുകയും, അവരെ പിന്തുണയ്ക്കുകയുമാണ് ലീപ് സംരംഭക പരിപാടിയിലൂടെ ചെയ്യുന്നത്. ഐടിഐ കാലത്ത് സഞ്ജീദിന് ലീപ്പിന്റെ ക്ലാസ്സുകൾ ലഭിച്ചു. അതിനുശേഷമാണ് ഹോബിയും പാഷനുമായി കൊണ്ടുനടന്നിരുന്ന മിനിയേച്ചർ നിർമാണം ബിസിനസ് ആക്കാം എന്ന ചിന്തയിലേക്ക് സഞ്ജീദ് എത്തിച്ചേർന്നത്. യൂട്യൂബിനും സമൂഹമാധ്യമങ്ങൾക്കും അപ്പുറം മിനിയേച്ചർ വാഹനങ്ങളുടെ വലിയ രീതിയിലുള്ള സംരംഭയാത്രയിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണ് സഞ്ജീദ് ഇപ്പോൾ. @sanjeed.m.k എന്ന ഇൻസ്റ്റഗ്രാം വഴിയാണ് സഞ്ജീദിന് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് സഞ്ജീദിനെ ബന്ധപ്പെടാം.
Sanjeed MK, an ITI student from Kozhikode, transforms his grief into a successful miniature vehicle business with the help of the LEAP program.