തോക്കുകളല്ല മറിച്ച് അൽഗോരിതങ്ങളാണ് ഇന്നത്തെ ആയുധങ്ങളെന്ന് അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനി (Gautam Adani). ഇന്നത്തെ യുദ്ധങ്ങൾ അദൃശ്യവും ടെക്നോളജിയിൽ അധിഷ്ഠിതവുമാണെന്നും ലോകമെങ്ങുമുള്ള ചെറു സംഘർഷങ്ങൾ പോലും ടെക്നോളജിയുടെ വളർച്ചയെ സാരമായി ബാധിക്കുമെന്നും ഖരക്പൂർ ഐഐടി (IIT Kharagpur) സ്ഥാപക ദിനത്തിൽ വിശിഷ്ഠാതിഥിയായി പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആധുനിക വെല്ലുവിളികൾ അതിരുകൾക്കപ്പുറത്തേക്ക് പോകുന്നവയാണെന്നും നമ്മുടെ സാങ്കേതിക നേതൃത്വം സുരക്ഷിതമാക്കുകയാണ് ഏറ്റവും വലിയ കർത്തവ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം സാങ്കേതിക വിദ്യയെ ഏറെ ആശ്രയിച്ചാണ് കഴിയുന്നത്. ഇന്ത്യ 90 ശതമാനം സെമികണ്ടക്ടറുകളും ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തിന് ആവശ്യമായ 85 ശതമാനം എണ്ണയും ഇറക്കുമതിയാണ്. ലോകത്തെവിടെയുമുള്ള സംഘർഷം നമ്മുടെ വളർച്ചയെ മരവിപ്പിക്കും. ഇന്നത്തെ യുദ്ധങ്ങൾ അദൃശ്യമാണ്. തോക്കുകളേക്കാൾ സാങ്കേതിക വിദ്യയിൽ ഊന്നിയ അൽഗോരിതങ്ങളാണ് ഇന്നത്തെ ആയുധങ്ങൾ. ഈ യുദ്ധങ്ങൾക്ക് തയാറെടുക്കാനുള്ള കഴിവാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുക്കയെന്നും എല്ലാ മേഖലകളിലും സ്വയംപര്യാപ്തരാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഡാറ്റ സംബന്ധിച്ചുള്ളതാണ് മറ്റൊരു പ്രധാന കാര്യം. ഡാറ്റ ഇന്ത്യയുടെ അതിർത്തി കടക്കുമ്പോൾ അവയുടെ ഓരോ ഭാഗവും വിദേശ അൽഗോരിതങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളായി മാറുന്നു. ഇത് വിദേശ ആധിപത്യം ശക്തിപ്പെടുത്താൻ കാരണമാകും. സൈനിക ആശ്രിതത്വത്തിലും ഇതേ അവസ്ഥയുണ്ട്. രാജ്യത്തിന്റെ നിർണായക സംവിധാനങ്ങളിൽ പലതും ഇന്നും ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. ഇത് രാജ്യത്തിന്റെ ദേശീയ സുരക്ഷയെ മറ്റു രാജ്യങ്ങളുടെ രാഷ്ട്രീയശക്തിക്ക് വിധേയമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ സ്വാതന്ത്ര്യ പോരാളികളാണ്. സ്വാശ്രയത്വത്തിനായുള്ള സ്വാതന്ത്ര്യത്തിനായാകണം നമ്മുടെ പോരാട്ടങ്ങൾ. വിദ്യാർത്ഥികളുടെ ആശയങ്ങളും സോഫ്റ്റ്വെയർ കോഡുകളുമാണ് ഇനിയുള്ള കാലത്തെ ആയുധങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Adani Group Chairman Gautam Adani spoke at IIT Kharagpur, stating that modern warfare is invisible and fought with technology and algorithms.