75000 കിലോഗ്രാം പേലോഡ് ശേഷിയും 40 നില കെട്ടിടത്തിന്റെ ഉയരവുമുള്ള പടുകൂറ്റൻ റോക്കറ്റ് നിർമിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). കൂറ്റൻ റോക്കറ്റിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ (V. Narayanan) അറിയിച്ചു. 75000 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള മെഗാ റോക്കറ്റിനൊപ്പം നാവിക് ഉപഗ്രഹം (Navigation with Indian Constellation – NAVIC), എൻ–1 റോക്കറ്റ് (N1 Rocket) എന്നിവയുടെയും പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ഒസ്മാനിയ സർവകലാശാലയിൽ (Osmania University) നടന്ന ചടങ്ങിൽ പറഞ്ഞു.
ഭാരമേറിയ പേലോഡുകൾ വിക്ഷേപിക്കാനുള്ള ശ്രമങ്ങളിൽ വലിയ നാഴികക്കല്ലായി മാറുന്ന മെഗാ റോക്കറ്റാണ് ഐഎസ്ആർഒ വികസിപ്പിക്കുന്നത്. പുതിയ റോക്കറ്റ് ഇന്ത്യയെ ബഹിരാകാശ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം, യുഎസ് നിർമിതമായ 6500 കിലോഗ്രാം ഭാരമുള്ള കമ്യൂണിക്കേഷൻ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. ഇന്ത്യയുടെ 55 ഉപഗ്രഹങ്ങൾ നിലവിൽ ഭ്രമണപഥത്തിലുണ്ടെന്നും അടുത്ത മൂന്നു മുതൽ നാല് വർഷങ്ങൾക്കുള്ളിൽ ഇത് മൂന്നിരട്ടിയായി വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ISRO is developing a massive rocket with a 75,000 kg payload capacity. This advancement marks a major step for India’s space program.