ടാറ്റ ട്രസ്റ്റ്സ് (Tata Trusts) തങ്ങളുടെ മൂന്ന് പ്രധാന ജീവകാരുണ്യ സ്ഥാപനങ്ങളുടെ ട്രസ്റ്റിയായി മെഹ്‌ലി മിസ്ത്രിയെ (Mehli Mistry) വീണ്ടും നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അദ്ദേഹത്തെ ആജീവനാന്ത ട്രസ്റ്റിയാക്കുന്നതിലേക്കാണ് നീക്കമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ടാറ്റ ട്രസ്റ്റുകളുടെ സിഇഒ മറ്റ് ട്രസ്റ്റികൾക്ക് അയച്ച സർക്കുലറിൽ, രത്തൻ ടാറ്റ ട്രസ്റ്റ് (Ratan Tata Trust), ദൊറാബ്ജി ടാറ്റ ട്രസ്റ്റ് (Dorabji Tata Trust), ബായ് ഹിരാബായ് ജംസേത്ജി ടാറ്റ നവ്സാരി ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ (Bai Hirabai Jamsetji Tata Navsari Charitable Institution) എന്നിവയിലേക്ക് മിസ്ത്രിയെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾക്കിടയിലാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്.
രത്തൻ ടാറ്റയുടെ വിശ്വസ്തനായിരുന്ന മെഹ്‌ലി മിസ്ത്രി ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ (Cyrus Mistry) അടുത്ത ബന്ധു കൂടിയാണ്. 2022ലാണ് മെഹ്‌ലി മിസ്ത്രിയെ ആദ്യമായി ടാറ്റ ട്രസ്റ്റിലേക്ക് നിയമിച്ചത്. അദ്ദേഹത്തിന്റെ മൂന്ന് വർഷത്തെ കാലാവധി ഒക്ടോബർ 28ന് അവസാനിക്കാനിരിക്കുകയാണ്. നേരത്തെ ടാറ്റ ട്രസ്റ്റ്സ് വേണു ശ്രീനിവാസനെ ആജീവനാന്ത ട്രസ്റ്റിയായി വീണ്ടും നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മെഹ്‌ലി മിസ്ത്രിയേയും ആജീവനാന്ത ട്രസ്റ്റിയാക്കാനുള്ള നീക്കം.
tata trusts proposes to reappoint mehli mistry, ratan tata’s confidant and cyrus mistry’s relative, as a lifetime trustee for three key charitable bodies.
