കേരളത്തെ വ്യോമയാന വ്യവസായത്തിലെ ആഗോളകേന്ദ്രമാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്‌ത് കേരള ഏവിയേഷൻ സമ്മിറ്റ് 2025. വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാച്ചിലവ് കുറയ്‌ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അഭിപ്രായപ്പെട്ടു.

വ്യോമയാന വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ആസൂത്രിതമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യോമയാന വ്യവസായത്തിൽ സിയാൽ ജനകീയ മാതൃക തീർത്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച സിയാൽ സാങ്കേതികവിദ്യ മാറ്റങ്ങൾ പൂർണമായും ഉൾക്കൊണ്ടു. വ്യോമഗതാഗതം ശക്തിപ്പെടുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും. സിവിൽ ഏവിയേഷൻ ഹബ്ബായി മാറാൻ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാലിൽ പുതുതായി ആരംഭിക്കുന്ന എയർപോർട്ട് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു.
കേരളത്തിന് ഇനിയുമേറെ മേഖലകളിൽ വികസനസാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് ഉച്ചകോടിയുടെ ഏറ്റവും വലിയ നേട്ടമെന്ന് സിയാൽ എംഡി എസ്. സുഹാസ് പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും നയരൂപീകരണത്തിലൂടെയും വ്യോമയാന വ്യവസായത്തിനും കേരളത്തിന്റെ സാമ്പത്തികവളർച്ചയ്ക്കും സിയാൽ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ടൂറിസം, വ്യോമയാന മേഖലകൾ സമന്വയിപ്പിച്ച് സുസ്ഥിരവളർച്ചയ്ക്കായി കേരളത്തെ മാറ്റിയെടുക്കണമെന്നും സമ്മിറ്റിൽ അഭിപ്രായമുയർന്നു. കേരളത്തെ മികച്ച ആഗോള ലക്ഷ്യസ്ഥാനമാക്കുന്നതിനുള്ള സുസ്ഥിര വികസനപാത രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ദ്വിദിന ഉച്ചകോടിയിൽ നയരൂപീകരണ വിദഗ്ധരും വ്യവസായപ്രമുഖരും പങ്കെടുത്തു. കേരളത്തെ ആഗോള ഹബ്ബാക്കുന്നതിൽ സിയാലിന് നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
വ്യോമയാനവും ടൂറിസവും ലോജിസ്റ്റിക്‌സും സംയോജിപ്പിച്ചുകൊണ്ടുള്ള സുസ്ഥിര വളർച്ചയായിരുന്നു ഉച്ചകോടിയുടെ പ്രധാന വിഷയം. ഈ മേഖലകൾ ഒരുമിച്ച് പ്രവർത്തിച്ചാൽ സാമ്പത്തികവളർച്ച വർധിപ്പിക്കാനും യാത്രാനുഭവം മെച്ചപ്പെടുത്താനും കൂടുതൽ അന്താരാഷ്ട്രസഞ്ചാരികളെ ആകർഷിക്കാനും കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര വിമാന സർവീസുകൾ വർധിപ്പിക്കുക, പ്രാദേശിക വ്യോമയാനം പ്രോത്സാഹിപ്പിക്കുക, സുസ്ഥിരവികസനം ഉറപ്പാക്കുക തുടങ്ങിയ ചർച്ചകളും നടന്നു.
വ്യോമയാനമേഖലയിലെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനും സംസ്ഥാനത്ത് ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേർസ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) സഹകരണത്തോടെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) സംസ്ഥാനത്തെ ആദ്യ ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിച്ചത്.
Kerala Aviation Summit 2025 discusses strategies to transform the state into a global aviation hub, focusing on CIAL’s role, tourism, and economic growth.