ഉക്രൈനിലേക്ക് ഏറ്റവും കൂടുതൽ ഡീസൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ജൂലായ് മാസത്തിൽ മാത്രം ഉക്രൈനിലെ മൊത്തം ഡീസൽ ഇറക്കുമതിയുടെ 15.5 ശതമാനം ഇന്ത്യയിൽ നിന്നാണ്. ഓയിൽ മാർക്കറ്റ് അനലിറ്റിക്‌സ് സ്ഥാപനമായ നാഫ്‌റ്റോറിനോക്ക് ഡാറ്റ പ്രകാരം, ഇന്ത്യ ദിവസത്തിൽ ശരാശരി 2700 ടൺ ഡീസലാണ് ഉക്രൈനിലേക്ക് കയറ്റുമതി ചെയ്യുന്നത്. കണക്ക് അനുസരിച്ച് ജൂലൈ മാസത്തിൽ ഇത്തരത്തിൽ 83000 ടൺ ഡീസലാണ് ഇന്ത്യ ഉക്രൈന് നൽകിയത്.

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നതായി ചൂണ്ടിക്കാട്ടി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. റഷ്യയുമായുള്ള എണ്ണ ഇടപാട് ഉക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് സാമ്പത്തിക സഹായമാകുന്നുവെന്നായിരുന്നു യുഎസ്സിന്റെ ആരോപണം. എന്നാൽ, റഷ്യൻ എണ്ണ സംസ്‌കരിക്കുന്ന അതേ ഇന്ത്യൻ റിഫൈനറികൾ തന്നെ ഇപ്പോൾ ഉക്രൈന്റെ യുദ്ധകാല സമ്പദ് വ്യവസ്ഥയെ നിലനിർത്താൻ ആവശ്യമായ ഇന്ധനം നൽകുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ ഇന്ത്യയുടെ നടപടികൾ ഉക്രൈന് വിനയാകുന്നുവെന്ന ട്രംപിന്റെ ആരോപണങ്ങൾ പൊളിഞ്ഞിരിക്കുകയാണ്.
India has become Ukraine’s top diesel exporter, providing 15.5% of its total imports in July. This contradicts US claims about India’s energy trade.