മലയാളിയായ ബൈജു രവീന്ദ്രനും (Byju Raveendran) അദ്ദേഹത്തിന്റെ നിക്ഷേപക കമ്പനിയായ ബൈജൂസ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ (Byju’s Investments Pte Ltd-BIPL) നടപടിയുമായി കർണാടക ഹൈക്കോടതി. ബൈജു രവീന്ദ്രന്റെ ആസ്തികൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ കോടതി വിലക്കേർപ്പെടുത്തിരിക്കുകയാണ്. ഇന്ത്യയിൽ 235 മില്യൺ ഡോളറിന്റെ ആർബിട്രൽ അവാർഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ ഹോൾഡിംഗ്സ് എൽഎൽസി (Qatar Holdings LLC) സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ (Qatar Investment Authority, QIA) സബ്സിഡിയറി കമ്പനിയാണിത്.

ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് (Aakash Institute) എന്ന കമ്പനിയെ ബൈജൂസ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കോടതിയിലെത്തിയത്. ഈ ഏറ്റെടുക്കലിന് ഖത്തർ ഹോൾഡിംഗ് 150 മില്യൻ ഡോളർ ബൈജൂസിന് നൽകിയിരുന്നു. എന്നാൽ വ്യവസ്ഥകൾ പാലിക്കപ്പെടാത്തതിനാൽ ഖത്തർ ഹോൾഡിംഗ് കരാറിൽ നിന്ന് പിന്മാറി, 235 മില്യൺ ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു.
ഹർജിക്കാർ (ഖത്തർ ഹോൾഡിംഗ്സ്) പ്രതികളെ (ബൈജൂസ്) സ്വത്തുക്കൾ അന്യാധീനപ്പെടുത്തുന്നതിൽ നിന്ന് തടയാൻ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടതിനാൽ, എതിർപ്പുകൾ സമർപ്പിക്കാൻ സമയം അനുവദിക്കുന്നതിന് മുമ്പ് പ്രതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജസ്റ്റിസ് ആർ. നടരാജ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇതനുസരിച്ച്, അടുത്ത വാദം വരെ ബൈജൂസ് സ്വത്തുക്കൾ വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും തടയാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
The Karnataka High Court has barred Byju Raveendran and his company from selling assets following a petition by Qatar Holdings LLC over a $235 million dispute.