ജിഎസ്ടി പരിഷ്കരണം രാജ്യത്തെ വാഹനവിപണിയിൽ വൻ മാറ്റം സൃഷ്ടിക്കും. ചെറുകാറുകൾ, ബൈക്കുകൾ (350 സിസി വരെയുള്ളവ), ത്രീവീലറുകൾ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി ചുരുങ്ങും. നിലവിൽ നാലു തലങ്ങളിലുള്ള നികുതി ഘടനയ്ക്ക് പകരം 5, 18, 40 ശതമാനം എന്നിങ്ങനെ ലളിതമായ ടൂ-സ്ലാബ് സംവിധാനം ഏർപ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം അംഗീകാരം നൽകിയതോടെയാണ് മാറ്റങ്ങൾ. അതേസമയം ആഢംബര വാഹനങ്ങളുടെ കാര്യത്തിൽ നികുതി 40 ശതമാനമാകും. ഇതനുസരിച്ചുള്ള നികുതി സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

ഇതോടെ എൻട്രി ലെവൽ ഹാച്ച് ബാക്കുകൾ, കമ്മ്യൂട്ടർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ വിലയിൽ വൻ വിലക്കുറവുണ്ടാകും. ജിഎസ്ടി നിരക്ക് കുറയുന്നതോടെ പാസഞ്ചർ കാറുകളിലെ ജനപ്രിയ മോഡലുകളുടെ അടക്കം ജിഎസ്‌ടി നിരക്കുകളിൽ കുറവ് പ്രകടമാകും. പെട്രോൾ കാറുകളിൽ 1200 സിസി വരെയുള്ളവയും, ഡീസലിൽ 1500 സിസി വരെയുള്ളവയുമാണ് ചെറുകാറുകളായി കണക്കാക്കപ്പെടുന്നത്. കാറുകളുടെ മാക്സിമം ലെങ്ത്ത് 4000എംഎം ആകണമെന്നും നിബന്ധനയുണ്ട്. ഇത്തരത്തിലുള്ള കാറുകൾ 18 ശതമാനം നികുതിയിനത്തിലാണ് വരിക. മാരുതി ഡിസൈർ, കിയ സൈറോസ് അടക്കമുള്ള വാഹനങ്ങൾക്ക് ഇതോടെ വില കുറയും എന്നാണ് പ്രതീക്ഷ. റോയൽ എൻഫീൽഡ് ബുള്ളറ്റ്, ക്ലാസിക് 350 അടക്കമുള്ള ബൈക്കുകളും 18 ശതമാനം സ്ലാബിൽ ഉൾപ്പെടും.
നികുതി പരിഷ്കാരത്തോടെ Maruti Grand Vitara, Hyundai Creta, Kia Seltos, Toyota Innova Hycross തുടങ്ങിയവയുടെ നികുതി 40 ശതമാനമാകും. എന്നാൽ ചില ചെറുകാറുകൾ അല്ലാത്ത വാഹനങ്ങൾക്കും നികുതി പരിഷ്കരണം ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ. ഇത്തരം കാറുകൾ ഇതുവരെ ഏകദേശം 50 ശതമാനം (28% + 22% കോംപൻസേഷൻ സെസ്) നികുതി നൽകിയ ഇടത്താണ് ഈ 40 ശതമാനം നികുതി എന്ന പ്രത്യേകതയുണ്ട്. Tata Harrier, Mahindra XUV700, Mahindra Scorpio N തുടങ്ങിയവയ്ക്ക് ഇത് ഗുണം ചെയ്തേക്കുമെന്ന് വാഹന വിദഗ്ധർ വിലയിരുത്തുന്നു. ബൈക്കുകളിൽ KTM Duke 390, Triumph Speed 400 തുടങ്ങിയവയ്ക്കും 40 ശതമാനം നികുതി ബാധകമാകും.
നികുതിപരിഷ്കരണത്തോടെ ചെറുകാറുകളുടെ വിലയിൽ ഏകദേശം 60000 രൂപ മുതൽ 80000 രൂപ വരെ കുറവുണ്ടാകാം എന്നാണ് കണക്കുകൂട്ടൽ. ജനപ്രിയ ഹാച്ച്ബാക്കുകളുടെയും കോംപാക്ട് എസ്‌യുവികളുടെയും ഓൺ-റോഡ് വിലയിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം അന്തിമവില ഓരോ സംസ്ഥാനത്തേയും അനുസരിച്ച് വ്യത്യസ്തമായിരിക്കും.