ഇത്തവണത്തെ ഓണക്കാലത്തും തിരക്കുകളെല്ലാം മാറ്റിവച്ചുകൊണ്ടുള്ള ഒരു അടിപൊളി ക്രൂയിസ് ബോട്ട് യാത്രയായാലോ? അതും കടമക്കുടിയുടെയും വൈപ്പിൻ ദ്വീപുകളുടെയും സൗന്ദര്യം ആഘോഷിച്ച് കൊണ്ട്….വിനോദവും വിജ്ഞാനവും ഒരുമിക്കുന്ന ഈ ഓണക്കാല ബോട്ടുയാത്ര, കൊച്ചി നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയെ അറിഞ്ഞ് ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരം ആയിരിക്കുമെന്നുറപ്പ്.

കടമക്കുടി ഉൾപ്പെടെയുള്ള വൈപ്പിനിലെ ദ്വീപുകളുടെ മനോഹാരിത ആസ്വദിക്കാനും ദ്വീപുകളെ പരിചയപ്പെടാനും ലക്ഷ്യമിട്ടുള്ള , ആട്ടവും പാട്ടും കാഴ്ചകളും ഒത്തുചേരുന്നതാകും ഈ ഓണം ക്രൂയിസ് യാത്ര. പ്രകൃതിഭംഗി, പ്രാദേശിക ജീവിതരീതികൾ, ചരിത്രപരമായ കാഴ്ചകൾ എന്നിവയെല്ലാം കോർത്തിണക്കി ഒരുക്കിയ ഈ ഉല്ലാസയാത്ര കൊച്ചിയുടെ കായൽ സൗന്ദര്യം അടുത്തറിയാൻ സുവർണ്ണാവസരം നൽകും.
വൈപ്പിൻ എം എൽ എ കെ.എൻ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കൊച്ചിൻ ക്രൂയിസുമായി ചേർന്നാണ് ദ്വീപുകളുടെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഓണം ക്രൂയിസ് യാത്ര സംഘടിപ്പിക്കുന്നത്. ക്രൂയിസിന് ബോൾഗാട്ടിയിലും എറണാകുളം മറൈൻ ഡ്രൈവിലുമായി രണ്ട് പിക്കപ്പ് പോയിന്റുകളാണുള്ളത്.
വൈപ്പിൻ കരയുടെയും പ്രത്യേകിച്ച് കടമക്കുടിയുടെയും പൊക്കാളി പാടങ്ങൾ, ചീനവലകൾ, ചെമ്മീൻ കെട്ടുകൾ തുടങ്ങി ഗ്രാമീണ ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ കാണികൾക്ക് പുതിയൊരു അനുഭവമാകും. വിനോദ വിജ്ഞാനത്തിനുള്ള സൗകര്യങ്ങൾ ക്രൂയിസിൽ ഉണ്ടാകും. യാത്രക്കിടെ വിവിധ കരകളിൽ ഇറങ്ങാനും കലാപരിപാടികൾ ആസ്വദിക്കാനും അവസരമുണ്ട്. ഗാനങ്ങളും നൃത്തവും സംഗീതവും ഉൾപ്പെടെ വിവിധ കലാപ്രകടനങ്ങൾ ക്രൂയിസിന് ആവേശകരമായ ഒരു അന്തരീക്ഷം നൽകും. ഇതിനു പുറമെ, ചെറുവഞ്ചികൾ, കയാക്കിങ്, പെഡൽ സൈക്ലിംഗ് തുടങ്ങിയ വിനോദങ്ങളും ക്രൂയിസിന് അനുബന്ധമായി ഒരുക്കുന്നുണ്ട്.
അഞ്ച് മണിക്കൂർ നീളുന്ന യാത്രയ്ക്ക് ഭക്ഷണമുൾപ്പെടെ ഒരാൾക്ക് 550 രൂപയാണ് നിരക്ക്. എന്നാൽ, മുതിർന്നവരും കുട്ടികളുമടക്കം 200 പേർക്ക് സൗജന്യയാത്ര നൽകുമെന്ന് എം.എൽ.എ. അറിയിച്ചു. വൈപ്പിൻകരയുടെയും കടമക്കുടിയുടെയും ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ ക്രൂയിസ് സഹായകമാകും. അങ്ങനെ കൊച്ചിക്കാർക്കും, കൊച്ചിയെ അടുത്തറിയാൻ എത്തുന്നവർക്കും വേറിട്ടൊരു ഓണ അനുഭവമാകുകയാണ് ഈ ക്രൂയിസ് യാത്ര. ക്രൂയിസ് യാത്രക്കായുള്ള കൂടുതൽ വിവരങ്ങൾക്ക് – 93879 41717, 83010 63717