ഡൽഹി ഐഐടിയിലെ ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (FITT) ‘ഇന്ത്യ–യുഎഇ സ്റ്റാർട്ടപ്പ് എക്സ്ചേഞ്ച്’ പദ്ധതി (India-UAE Startup Exchange) ആരംഭിച്ചു. ഇതിലൂടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യുഎഇ വിപണിയിൽ പ്രവേശിച്ച് ആഗോള വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള അവസരം ലഭിക്കും.

യുഎഇ അംബാസഡർ അബ്ദുൽനാസർ അൽഷാലിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 40 എഫ്ഐടിടി ഇൻക്യൂബേറ്റഡ് സ്റ്റാർട്ടപ്പുകൾ പങ്കെടുത്ത ഇവന്റ്, യുഎഇയിലെ വളർച്ചാ സാധ്യതകളും അന്താരാഷ്ട്ര വിപുലീകരണത്തിനുള്ള തന്ത്രങ്ങളും അന്വേഷിക്കുന്ന വേദിയായി.
ഇന്ത്യ–യുഎഇ സഹകരണം ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സ്റ്റാർട്ടപ്പുകൾക്ക് ആഗോള വളർച്ചയ്ക്കുള്ള ലോഞ്ച്പാഡ് ഒരുക്കുമെന്നും എഫ്ഐടിടി മാനേജിംഗ് ഡയറക്ടർ നിഖിൽ അഗർവാൾ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെയും സിഇപിഎ കൗൺസിലിന്റെയും സംരംഭങ്ങൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യുഎഇ വിപണിയിലെ അവസരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെക്നോളജി കൊമേഴ്സ്യലൈസേഷൻ, ഇൻക്യൂബേഷൻ, സ്ട്രാറ്റജിക് പാർട്നർഷിപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഐഐടി ഡൽഹിയുടെ എഫ്ഐടിടി, ഇന്ത്യയുടെ ഡീപ്-ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
