ഒന്നിൽ നിന്നും അഞ്ഞൂറ് എന്ന സംഖ്യയിലേക്ക് വിഴിഞ്ഞം അദാനി അന്താരാഷ്ട്ര തുറമുഖം കുതിച്ച് എത്തിയതിന്റെ ആഹ്ലാദത്തിലാണ് വ്യവസായ കേരളം. ഇതോടൊപ്പം ഒരു ദിവസം രണ്ട് റെക്കോർഡ് ആണ് വിഴിഞ്ഞം തുറമുഖം ഇതാ സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലിനെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം അനായാസമായി തന്നെ ബെർത്ത് ചെയ്തു. 500-മത്തെ കപ്പൽ ആയി ഇന്ന് പുലർച്ചെ എത്തിയ എം എസ് സി വെറോണ ആണ് ഈ റെക്കോർഡ് കൂടി ഇന്ത്യയുടെ വണ്ടർ പോർട്ട് എന്ന് പേരെടുത്ത വിഴിഞ്ഞത്തിനു സമ്മാനിച്ചത്.
ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. വെറോണ (MSC Verona), 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞത്ത് ഇന്ന് പുലർച്ചെ നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചു. 17.1 മീറ്റർ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടിൽ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) ഉള്ള കപ്പൽ ഇന്ന് രാവിലെ 4 മണിയോടെയാണ് വിഴിഞ്ഞത്ത് സുഗമമായി ബെർത്ത്
ചെയ്തത്. 17 മീറ്റർ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യൻ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോർഡ്.
ഒരു ദിവസം രണ്ട് റെക്കോർഡ് ആണ് വിഴിഞ്ഞം തുറമുഖം സൃഷ്ടിച്ചിരിക്കുന്നത്. വിഴിഞ്ഞം വളർന്നുകൊണ്ടിരിക്കുകയാണ് ഓരോ ഘട്ടവും ഉറച്ച ചുവടോടെ. ലോകത്തിന്റെ ഏതു കോണിൽ പോയാലും “വിഴിഞ്ഞം – തിരുവനന്തപുരം – കേരള – ഇന്ത്യ ” എന്ന ടാഗ് ലൈൻ കാണുമ്പോൾ ഓരോ മലയാളിക്കും ഉണ്ടാകുന്ന അഭിമാനം ചെറുതല്ലല്ലോ – സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ കുറിച്ചു.
ലോക ചരക്കു കപ്പൽ ഗതാഗതത്തിൽ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിൻ്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവിൽ വന്നെത്തിയ 500 കപ്പലുകൾ. 2024 ഡിസംബറിൽ വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനമാരംഭിച്ചതിനുശേഷം വെറും പത്തുമാസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം എന്നത് എടുത്തു പറയേണ്ടതാണ്.
ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്ത 500 കപ്പലുകളിൽ 30 എണ്ണം അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ് (ULCVs) ആണ്. ഇന്ത്യയിലെ ഏതെങ്കിലും തുറമുഖം ഇത്രയും വമ്പൻ കപ്പലുകൾ കൈകാര്യം ചെയ്തിട്ടുള്ളത് ഇതാദ്യമായാണ്.
വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിച്ചു ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു. ഇന്ത്യയുടെ കടൽഗതാഗത അടിസ്ഥാനസൗകര്യങ്ങളിൽ വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാന സ്ഥാനം വ്യക്തമാക്കുന്ന നേട്ടമാണിത്. 18–20 മീറ്റർ സ്വാഭാവിക ആഴവും, കുറഞ്ഞ തീരത്തടിയുമുള്ള വിഴിഞ്ഞം രാജ്യത്തെ പ്രധാന ട്രാൻഷിപ്പ്മെന്റ് ഹബ് എന്ന നിലയിൽ അതിവേഗം ഉയർന്നുവരികയാണ്.
Vizhinjam Adani Port celebrates handling 500 ships in 10 months and sets a national record by berthing MSC Verona, a vessel with a 17.1m draft.